Benefits Of Dinner | ശരിയായ ഭക്ഷണം കഴിക്കുന്നത് കൊണ്ടുമാത്രം കാര്യമില്ല; ആരോഗ്യത്തോടെ ഇരിക്കാന്‍ സമയത്തിന്റെ കാര്യത്തിലും ശ്രദ്ധവേണം
* ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നു
* ഹൃദയാരോഗ്യം സംരക്ഷിക്കുന്നു
കൊച്ചി: (KasargodVartha) ഇന്നത്തെ ജീവിത സാഹചര്യത്തില്‍ പലര്‍ക്കും സ്വന്തം ആരോഗ്യ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയാറില്ല. ഈ സാഹചര്യത്തില്‍ ക്രമം തെറ്റിയുള്ള ഭക്ഷണ ക്രമമാണ് പലരും പാലിച്ചുപോകുന്നത്. ഇത് നമ്മുടെ ആരോഗ്യം മോശമാക്കുകയും നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.
ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതിനും ആരോഗ്യത്തോടെ സജീവമായി തുടരുന്നതിനും ആരോഗ്യകരമായ ഭക്ഷണക്രമം ആവശ്യമാണ്. എന്നാല്‍ ശരിയായ ഭക്ഷണം കഴിക്കുന്നതുകൊണ്ടുമാത്രം ആരോഗ്യത്തോടെ ഇരിക്കാന്‍ കഴിയില്ല. അതിനായി ശരിയായ സമയത്ത് ഭക്ഷണം കഴിക്കേണ്ടതും പ്രധാനമാണ്.
ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നവര്‍ രാത്രി ഏഴു മണിക്ക് മുമ്പ് തന്നെ അത്താഴം കഴിക്കുകയാണ് പതിവ്. ഇത് വഴി ശരീരം മൊത്തത്തില്‍ ഒന്നു മാറാന്‍ സഹായിക്കും. ലോകമെമ്പാടുമുള്ള പോഷകാഹാര വിദഗ്ധരും രാത്രി വൈകിയുള്ള ഭക്ഷണ ക്രമത്തെ എതിര്‍ക്കുന്നവരാണ്. നേരത്തെയുള്ള അത്താഴ ശീലമാണ് ഇവരെല്ലാം മുന്നോട്ടുവയ്ക്കുന്നത്.
'സിര്‍കാഡിയന്‍ റിഥം' എന്ന് വിളിക്കുന്ന ആന്തരിക ഘടികാരമാണ് ശരീരത്തിലെ പാരിസ്ഥിതിക മാറ്റങ്ങള്‍, ഉറക്കം, ദഹനം, ഭക്ഷണം എന്നിവ പോലുള്ള പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഭക്ഷണ സമയം ശരീരഭാരം നിയന്ത്രിക്കല്‍, ഉപാപചയ നിയന്ത്രണം, ഹൃദയമിടിപ്പ്, ഉറക്കചക്രം എന്നിവയെയും താളം തെറ്റിയ ഭക്ഷണ ക്രമം ബാധിക്കും. ആരോഗ്യ വിദഗ്ധര്‍ രാത്രി നേരത്തെ ഭക്ഷണം കഴിക്കാന്‍ നിര്‍ദേശിക്കുന്നതിനുള്ള കാരണം ശരീരഭാരം കുറയ്ക്കാനും മികച്ച ദഹനത്തിനും ഹൃദയാരോഗ്യത്തിനുമാണ്.
രാത്രി ഏഴ് മണിക്ക് മുമ്പ് അത്താഴം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ എന്തെല്ലാമെന്ന് അറിയാം:
*നന്നായി ഉറങ്ങാന്‍ കഴിയുന്നു
വൈകി ഭക്ഷണം കഴിക്കുമ്പോള്‍, കഴിച്ചതെല്ലാം ദഹിപ്പിക്കാന്‍ ദഹനവ്യവസ്ഥയ്ക്ക് ആവശ്യമായ സമയം ലഭിക്കുന്നില്ല. ഇത് ദഹനക്കേട് അല്ലെങ്കില്‍ നെഞ്ചെരിച്ചിലിന് കാരണമാകാം. അവസാന ഭക്ഷണത്തിനും ഉറക്കത്തിനും ഇടയില്‍ നല്ല അളവിലുള്ള അകലം ഉണ്ടായിരിക്കണം. രാത്രി വൈകി ഭക്ഷണം കഴിക്കുമ്പോള്‍, ദഹനം ശരിയായി നടക്കാത്തതു കാരണം നന്നായി ഉറങ്ങാന്‍ കഴിയില്ല.
എന്നാല്‍, നേരത്തെ ഭക്ഷണം കഴിക്കുകയാണെങ്കില്‍ അത് ശരീരത്തില്‍ നന്നായി ആഗിരണം ചെയ്യപ്പെടുകയും സുഖമായി ഉറങ്ങാന്‍ കഴിയുകയും ചെയ്യും. നല്ല ഉറക്കം അടുത്ത ദിവസത്തേക്കുള്ള ഊര്‍ജവും നല്‍കുന്നു.
*മികച്ച ദഹനം
നേരത്തെ അത്താഴം കഴിക്കുന്നത് ദഹന ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ശരീരത്തില്‍ ഭക്ഷണം നന്നായി ദഹിപ്പിക്കാന്‍ ഇതുവഴി കഴിയുന്നു. രാത്രി നേരത്തേ ഭക്ഷണം കഴിക്കുന്നതിലൂടെ ഗ്യാസ്, അസിഡിറ്റി അല്ലെങ്കില്‍ നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങളും അകറ്റുന്നു.
*ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ എപ്പോഴും അവരുടെ ഭക്ഷണത്തിന്റെ സമയം കൂടി ശ്രദ്ധിക്കണം. അത്താഴം നേരത്തേ കഴിക്കുന്നതിന്റെ ഏറ്റവും വലിയ ഗുണം തന്നെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു എന്നതാണ്. വൈകിട്ട് ഏഴു മണിക്ക് മുമ്പ് ഭക്ഷണം കഴിക്കുമ്പോള്‍, അടുത്ത ദിവസം രാവിലെ അടുത്ത ഭക്ഷണത്തിനായി ധാരാളം സമയം ലഭിക്കുന്നു.
അതുകൊണ്ടുതന്നെ ഉറങ്ങുമ്പോള്‍ ഊര്‍ജത്തിനായി ശരീരത്തിലെ കൊഴുപ്പ് ഉപയോഗിക്കുകയും ഇതുവഴി കൊഴുപ്പ് കുറയുകയും ചെയ്യുന്നു. കൂടാതെ, മികച്ച ദഹനവും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. രാത്രി വൈകി ഭക്ഷണം കഴിക്കുകയാണെങ്കില്‍, ഭക്ഷണം ശരിയായി ദഹിപ്പിക്കാതിരിക്കുകയും മൊത്തത്തിലുള്ള ഭാരം വര്‍ധിക്കാനിടയാവുകയും ചെയ്യും.
*ഹൃദയാരോഗ്യത്തിന് നല്ലത്
സാധാരണ നമ്മുടെ ഭക്ഷണരീതിയില്‍ നല്ല അളവില്‍ ഉപ്പ് അടങ്ങിയിട്ടുണ്ട്, രാത്രിയില്‍ ഉയര്‍ന്ന സോഡിയം കലര്‍ന്ന ഭക്ഷണം കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് കാരണമാകും. രാത്രി നേരത്തേ ഭക്ഷണം കഴിക്കേണ്ടതിന്റെ പ്രാധാന്യം ഇതുതന്നെയാണ്. ഇതിലൂടെ ഹൃദയാരോഗ്യവും സംരക്ഷിക്കപ്പെടുന്നു. രാത്രിയില്‍ അമിതമായി ഭക്ഷണം കഴിക്കുന്നതും പ്രശ്നമാണ്. ഇതുമൂലം കലോറി കത്തിക്കാന്‍ സാധിക്കാതെ വരികയും ഹൃദയം അപകടത്തിലാവുകയും ചെയ്യുന്നു.
* രക്തസമ്മര്‍ദം കുറയ്ക്കുന്നു
ഉറക്കസമയം, അത്താഴം എന്നിവ തമ്മില്‍ രണ്ട് മണിക്കൂര്‍ ഇടവേള നിലനിര്‍ത്തണമെന്നാണ് ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. രാത്രി വൈകി ഭക്ഷണം കഴിക്കുന്നവര്‍ക്ക് 'നോണ്‍ ഡിപ്പര്‍ ഹൈപ്പര്‍ ടെന്‍ഷന്‍' ബാധിക്കാന്‍ സാധ്യതയുണ്ട്, ഇത് രാത്രിയില്‍ സമ്മര്‍ദം കുറയുന്നത് പരാജയപ്പെടുന്ന അവസ്ഥയാണ്. രാത്രിയില്‍ കുറഞ്ഞത് 10 ശതമാനമെങ്കിലും രക്തസമ്മര്‍ദം കുറയുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണക്കുകൂട്ടല്‍. മര്‍ദം ഉയര്‍ന്നുവരുന്നുവെങ്കില്‍, അത് ഹൃദ്രോഗത്തിനുള്ള സാധ്യതയും ഹൃദയാഘാതവും ഉണ്ടാക്കുന്നു.
* രാത്രി വിശന്നാല്‍
അത്താഴവും ഉറക്കസമയവും തമ്മിലുള്ള ഇടവേള നിലനിര്‍ത്തുന്നതിലൂടെ ആരോഗ്യ പ്രശ്നങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാനാകും. രാത്രിയില്‍ നേരത്തെ അത്താഴം കഴിച്ചശേഷം വിശപ്പ് തോന്നുകയാണെങ്കില്‍, പട്ടിണി കിടക്കുന്നതും നല്ലതല്ല. അത്തരം സമയങ്ങളില്‍ കുറഞ്ഞ കലോറി, പ്രോട്ടീന്‍ അടങ്ങിയ, കുറഞ്ഞ കാര്‍ബോ ഹൈഡ്രേറ്റ് ഭക്ഷണങ്ങള്‍ കഴിക്കാവുന്നതാണ്.