Applying Kajal | ദിവസവും കണ്‍മഷി ഉപയോഗിക്കുന്നുണ്ടോ? എങ്കില്‍ സൂക്ഷിക്കുക; ഈ അസുഖങ്ങള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍
*കണ്ണുകളില്‍ പ്രകോപനം, ചുവപ്പ്, അസ്വസ്ഥത എന്നിവ ഉണ്ടാക്കുന്നു
* കണ്‍പോളയിലുള്ള എണ്ണഗ്രന്ഥിയില്‍ തടസ്സമുണ്ടാക്കുന്നു
കൊച്ചി: (KasargodVartha) കണ്‍മഷി എഴുതിയ കണ്ണുകള്‍ വളരെ മനോഹരമാണ്. സ്ത്രീകളുടെ സൗന്ദര്യം എന്നുപറയുന്നത് തന്നെ അവരുടെ കണ്‍മഷി എഴുതിയ മനോഹരമായ കണ്ണുകള്‍ തന്നെയാണ്. പണ്ടുകാലങ്ങളില്‍ വീട്ടില്‍ തന്നെ തയാറാക്കിയ കണ്‍മഷികളായിരുന്നു മിക്കവരും ഉപയോഗിച്ചിരുന്നത്. പാര്‍ശ്വഫലങ്ങളില്ലെന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. പലതരത്തിലുള്ള നേത്രരോഗങ്ങള്‍ക്ക് മരുന്നായും പ്രത്യേക കൂട്ടില്‍ തയാറാക്കിയ ഈ കണ്‍മഷി ഉപയോഗിച്ചിരുന്നു.
ഏറ്റവും സിംപിളായ മേക്കപ്പില്‍പ്പെടുന്നവയാണ് കണ്‍മഷിയും ലിപ്സ്റ്റിക്കും. എന്നാല്‍ എല്ലാ ദിവസവും കണ്‍മഷി ധരിക്കുന്നത് കൊണ്ടുണ്ടാകുന്ന പാര്‍ശ്വഫലങ്ങളെ കുറിച്ച് പലരും ബോധവാന്‍മാരല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഉല്‍പ്പന്നം ഉയര്‍ന്ന നിലവാരമുള്ളതല്ലെങ്കിലും പ്രയോഗിക്കുമ്പോള്‍ ശരിയായ പരിചരണം നല്‍കിയില്ലെങ്കിലും കണ്‍മഷി വിപരീതഫലം നല്‍കുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ദിവസവും കണ്‍മഷി ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണമെന്നാണ് ഇവര്‍ പറയുന്നത്. ദിവസം മുഴുവനും അല്ലെങ്കില്‍ ഏറെനേരം കണ്‍മഷി കണ്ണിലുണ്ടെങ്കില്‍ അത് താഴത്തെ കണ്‍പോളയിലുള്ള എണ്ണഗ്രന്ഥിയില്‍ തടസ്സമുണ്ടാക്കുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. കണ്ണില്‍ കണ്ണീര്‍ നിലനിര്‍ത്തുന്നതിന് വേണ്ട എണ്ണ ഉല്‍പ്പാദിപ്പിക്കുന്നത് ഈ ഗ്രന്ഥിയാണ്. കണ്ണിലെ ജലാംശം നിലനിര്‍ത്തുന്നതിനും പാരിസ്ഥിതികമായ പ്രശ്നങ്ങളില്‍ നിന്ന് കണ്ണിന് സംരക്ഷണം നല്‍കുന്നതിനും കണ്ണിനുള്ളില്‍ കണ്ണീര്‍ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ കണ്ണിനുള്ളിലെ എണ്ണഗ്രന്ഥിക്ക് തടസമുണ്ടായാല്‍ ചില നേത്രപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അവ എന്തൊക്കെയാണെന്ന് അറിയാം.
*ചെങ്കണ്ണ്
നിലവാരം കുറഞ്ഞ കണ്‍മഷികള്‍ ഉപയോഗിച്ചാല്‍, ലെഡ് അല്ലെങ്കില്‍ അതുപോലുള്ള ലോഹകണങ്ങള്‍ കണ്ണില്‍ അടിഞ്ഞുകൂടും. ഇവ കണ്ണിനുള്ളിലേയ്ക്ക് പോയാല്‍ ബാക്ടീരിയയും അതുപോലുള്ള സൂക്ഷ്മകണങ്ങളും പടര്‍ന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ചെങ്കണ്ണ് പോലുള്ള നേത്രരോഗങ്ങളും ഉണ്ടാകാം.
*കണ്ണുകളില്‍ പ്രകോപനം, ചുവപ്പ്, അസ്വസ്ഥത എന്നിവ ഉണ്ടാക്കുന്നു
കണ്‍മഷി ഏറെ നേരം ധരിക്കുന്നത് കണ്ണുകളില്‍ പ്രകോപനം, ചുവപ്പ്, അസ്വസ്ഥത എന്നിവ ഉണ്ടാക്കുന്നു.
ഇതിലെ ചേരുവകള്‍ മൂലമോ കണ്‍മഷിയിലെ കണികകള്‍ കണ്ണില്‍ കയറുന്നതിനാലോ ഇത് സംഭവിക്കാം. കണ്‍മഷിയില്‍ കാണപ്പെടുന്ന ചില ഘടകങ്ങളോട് ചിലര്‍ക്ക് അലര്‍ജിയുണ്ടാകാം. ദീര്‍ഘനേരം എക്സ്പോഷര്‍ ചെയ്യുന്നത് ചൊറിച്ചില്‍, വീക്കം, കണ്ണുകള്‍ക്ക് ചുറ്റുമുള്ള ചുണങ്ങ് പോലുള്ള അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് ഇടയാക്കും.
*വരള്‍ച്ച
കൂര്‍ത്ത മുനയുള്ള കാജല്‍ അഥവാ കണ്‍മഷി പെന്‍സിലുകള്‍ കണ്ണിനുള്ളിലെ സ്വാഭാവിക സംരക്ഷണപാളിയില്‍ പോറലുണ്ടാക്കും. ഇത് കണ്ണ് വരണ്ടുപോകാനും അസ്വസ്ഥത ഉണ്ടാക്കാനും ഡ്രൈ ഐ സിന്‍ഡ്രം പോലുള്ള രോഗങ്ങള്‍ക്കും കാരണമാകും. കണ്ണിന് മതിയായ നനവ് അല്ലെങ്കില്‍ ലൂബ്രിക്കേഷന്‍ ഇല്ലാതെ വരുമ്പോഴാണ് ഈ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്.
ഇവ കൂടാതെ മെയ്ബോമിറ്റിസ്, കണ്‍മഷിയിലെ ലെഡ് കണ്ണിനുള്ളില്‍ പോകുന്നത് കൊണ്ട് ശരീരത്തിലുണ്ടാകുന്ന വിഷാംശം, കാഴ്ചാ പ്രശ്നങ്ങള്‍, കണ്‍മഷിയിലെ കെമിക്കലുകള്‍ കൊണ്ടുള്ള പ്രശ്നങ്ങള്‍, കാര്‍ബണ്‍ ബ്ലാക്ക്, കണ്‍മഷിയെ വാട്ടര്‍പ്രൂഫ് ആക്കുന്നതിനുള്ള പ്രൈം യെല്ലോ കാര്‍നോബ വാക്സ്, പാരബെന്‍ എന്നിങ്ങനെ കണ്‍മഷിയുമായി ബന്ധപ്പെട്ട് പല ആരോഗ്യപ്രശ്നങ്ങളും കണ്ണിനുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
*സ്മഡ് ജിംഗിനും സ്മിയറിംഗിനും കാരണമാകും
ദിവസം മുഴുവന്‍ കണ്‍മഷി ധരിക്കുന്നത് സ്മഡ് ജിംഗിനും സ്മിയറിംഗിനും കാരണമാകും. പ്രത്യേകിച്ച് ചൂടുള്ളതോ ഈര്‍പ്പമുള്ളതോ ആയ കാലാവസ്ഥയില്‍. ഇത് മേക്കപ്പിന്റെ രൂപത്തെ ബാധിക്കുകയും ഇടയ്ക്കിടെ ടച്-അപ്പുകള്‍ ആവശ്യമായി വരികയും ചെയ്തേക്കാം. ഇത് കൂടുതല്‍ പ്രകോപിപ്പിക്കലിലേക്ക് നയിക്കും.
*കണ്‍പീലികള്‍ ദുര്‍ബലമാക്കും
തുടര്‍ച്ചയായി കണ്‍മഷി പുരട്ടുന്നതും നീക്കം ചെയ്യുന്നതും കണ്‍പീലികള്‍ കാലക്രമേണ ദുര്‍ബലമാക്കും. ഇത് കണ്‍പീലികള്‍ പൊട്ടുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നതിന് കാരണമാകുന്നു. കണ്ണുകളുടെ മൊത്തത്തിലുള്ള രൂപത്തെയും ബാധിക്കുന്നു.
കണ്‍മഷി കൂടുതല്‍ നേരം ധരിക്കുമ്പോള്‍ ചില വ്യക്തികള്‍ക്ക് കണ്ണുനീര്‍ ഉല്‍പ്പാദനം കൂടുകയോ കണ്ണില്‍ നിന്ന് വെള്ളം വരികയോ ചെയ്യാം. ചില കണ്‍മഷി ഫോര്‍മുലകളില്‍ ചര്‍മ്മത്തിന്റെ നിറവ്യത്യാസത്തിന് കാരണമാകുന്ന ഘടകങ്ങള്‍ അടങ്ങിയിരിക്കാം. ഇത് കണ്ണുകള്‍ക്ക് ചുറ്റും ഇരുണ്ട വൃത്തങ്ങളോ ചാരനിറമോ ഉണ്ടാക്കാം. പരമ്പരാഗത കണ്‍മഷി ഫോര്‍മുലകളില്‍ ഈയം അടങ്ങിയിരിക്കാം. ഇത് ലെഡ് വിഷബാധയ്ക്കുള്ള അപകടസാധ്യത സൃഷ്ടിക്കുന്നുവെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
കണ്‍മഷി കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങള്‍ എങ്ങനെ തടയാം എന്ന് നോക്കാം
*ഉന്നത നിലവാരമുള്ള കണ്‍മഷി ഉപയോഗിക്കുക
*സുരക്ഷാപരിശോധന സര്‍ട്ടിഫിക്കേഷനുകള്‍ പരിശോധിക്കുക
*കോസ്മെറ്റിക് സാധനങ്ങള്‍ പങ്കുവെക്കാതിരിക്കുക
*ഏതെങ്കിലും രീതിയിലുള്ള അസ്വസ്ഥത തോന്നിയാല്‍ അതുപയോഗിക്കാതിരിക്കുക
*ശുചിത്വശീലങ്ങള്‍ പാലിക്കുക