Legs | കാലുകള്‍ ബലഹീനമായി തോന്നുന്നുണ്ടോ? ഈ വിറ്റാമിൻ കുറയുന്നതിൻ്റെ ലക്ഷണമാകാം! ഇങ്ങനെ പരിഹാരം കാണാം
* കുറവ് സംശയിക്കുന്നുണ്ടെങ്കിൽ രക്തപരിശോധന നടത്തി ഉറപ്പാക്കണം
ന്യൂഡെല്‍ഹി: (KasargodVartha) ശരീരത്തിൻ്റെ ഊര്‍ജവും ചര്‍മത്തിൻ്റെ ഇലാസ്തികതയും നിലനിര്‍ത്തുന്നതിനും ഓടിച്ചാടി നടക്കാൻ സാധിക്കുന്നതിനും വിറ്റാമിൻ ബി12 നിര്‍ണായകമാണ്. ഇതിന്റെ കുറവു മൂലം ധാരാളം പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. രാത്രി കാലങ്ങളില്‍ കഠിനമായ പേശിവലിവ് അനുഭവപ്പെടുന്നതു മുതല്‍ ചര്‍മം മഞ്ഞ നിറമാകുന്നതു വരെയുള്ള പ്രശ്നങ്ങള്‍ക്ക് ഈ വിറ്റാമിൻ്റെ കുറവ് കാരണമാകാം.
ആരോഗ്യമുള്ള നാഡീകോശങ്ങൾ നിർമിക്കുന്നതിനും ഡിഎൻഎ രൂപപ്പെടുത്തുന്നതിനും ചുവന്ന രക്താണുക്കളെ ഉൽപാദിപ്പിക്കുന്നതിനും ശരീരത്തിന് ആവശ്യമായ ഒരു സുപ്രധാന ഘടകമാണ് കോബാലമിൻ എന്ന് അറിയപ്പെടുന്ന വിറ്റാമിൻ ബി12. മസ്തിഷ്ക പ്രവർത്തനവും മൊത്തത്തിലുള്ള ചൈതന്യവും വർധിപ്പിക്കുന്നതിൽ വിറ്റാമിൻ ബി 12 പ്രധാന പങ്ക് വഹിക്കുന്നു. എന്നിരുന്നാലും, ഭക്ഷണത്തിൻ്റെ സഹായമില്ലാതെ മനുഷ്യശരീരത്തിന് ഈ അവശ്യ ഘടകം ഉണ്ടാക്കാൻ കഴിയില്ല. ഇവ നമുക്ക് സ്വാഭാവികമായി ലഭിക്കുകയില്ല.
കാലുകളിലെ പേശികളുടെ ബലഹീനത, ബി12 കുറയുന്നതു മൂലമുണ്ടാകുന്ന പ്രധാന പ്രശ്നമാണ്. ആവശ്യത്തിന് ബി12 ലഭ്യമായില്ലെങ്കില്‍, ബലഹീനമായ കാലുകളും പാദങ്ങളും കാരണം നടക്കുമ്പോൾ കാലുകള്‍ ഇടറുകയോ ശരീരത്തിൻ്റെ ശക്തി കുറവ് കാരണം ലളിതമായ ജോലികളിൽ ഏര്‍പ്പെടുമ്പോള്‍ പോലും ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്യാം. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍, ഉടനെ തന്നെ വൈദ്യസഹായം തേടാൻ മടിക്കരുത്.
ശരീരത്തില്‍ വിറ്റമിൻ ബി12 കുറയുക വഴി, നാഡീ വൈകല്യമായ റെസ്റ്റ്‌ലെസ് ലെഗ് സിൻഡ്രോം (RLS) ബാധിക്കുകയും, കൂടുതല്‍ സമയം വിശ്രമാവസ്ഥയിലിരിക്കുക വഴി കാലുകള്‍ നിര്‍ജീവമാകുകയും ചെയ്യുന്നു. അതോടൊപ്പം കാലുകളുടെ സ്വാഭാവികമായ ചൂട് നഷ്ടപ്പെടുകയും, ഉറങ്ങുന്ന സമയങ്ങളില്‍ മരവിപ്പും അസഹ്യമായ വേദനയും അനുഭവപ്പെടുകയും ചെയ്യാം. ഉറക്കം തടസപ്പെടുന്നത് മറ്റു പല അസുഖങ്ങള്‍ക്കും കാരണമാകുന്നു.
കൂടാതെ ചില സന്ദർഭങ്ങളിൽ, കാലുകളിലെ ചര്‍മത്തില്‍ നിറ വ്യത്യാസം വരാം. വിളർച്ച, ഹൈപ്പർപിഗ്മെൻ്റേഷൻ അല്ലെങ്കിൽ മഞ്ഞപ്പിത്തം എന്നിവയും പിടിപെടാം. ഇത്തരം ലക്ഷണങ്ങളെ അവഗണിക്കാതെ, ആരോഗ്യ വിദഗ്ദൻ്റെ നിര്‍ദേശമനുസരിച്ച് ചികിത്സ ഉറപ്പാക്കുക.
വിറ്റാമിൻ ബി 12 ന്റെ സ്രോതസുകൾ
വിറ്റാമിൻ ബി 12 ഒരു ജലദ്രാവക വിറ്റാമിനാണ്. ഇത് സസ്യങ്ങളിൽ കാണപ്പെടുന്നില്ല. മാംസം, മുട്ട, പാൽ, പാലുൽപന്നങ്ങൾ എന്നിവയിലാണ് വിറ്റാമിൻ ബി 12 പ്രധാനമായും അടങ്ങിയിരിക്കുന്നത്. സസ്യാഹാരികൾക്ക് വിറ്റാമിൻ ബി 12 സമ്പുഷ്ടമായ ഭക്ഷണപദാർത്ഥങ്ങളിലൂടെ ഇതിന്റെ ലഭ്യത ഉറപ്പാക്കാം. വിറ്റാമിൻ ബി 12 ൻ്റെ കുറവ് പരിഹരിക്കാൻ കഴിയുന്ന ഭക്ഷണങ്ങൾ അറിയാം.
1. മുട്ട: ബി 12 ൻ്റെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്നു. പ്രോട്ടീനും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിൻ്റെ ഉപയോഗത്തിൽ നിന്ന് മറ്റ് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്.
2. മത്സ്യം: നിങ്ങൾ ഒരു നോൺ വെജിറ്റേറിയൻ ആണെങ്കിൽ മത്സ്യം വിറ്റാമിൻ ബി 12 ൻ്റെ നല്ല ഉറവിടമാണ്. ട്യൂണ, സാൽമൺ തുടങ്ങിയ മത്സ്യങ്ങളിൽ വിറ്റാമിൻ ബി 12 ധാരാളമായി അടങ്ങിയിട്ടുണ്ട്.
3. പാൽ: പ്രോട്ടീനും കാൽസ്യവും ഉൾപ്പെടെ നിരവധി പോഷകങ്ങൾ പാലിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി 12 യും ഇതിൽ ധാരാളമായി കാണപ്പെടുന്നു. കൂടാതെ, സിങ്ക്, വിറ്റാമിൻ എ, പൊട്ടാസ്യം എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്നു.
4. ടോഫു: സോയ പാലിൽ നിന്നാണ് ടോഫു നിർമ്മിക്കുന്നത്. വിറ്റാമിൻ ബി 12 ൻ്റെ നല്ലൊരു ഉറവിടമാണ് ടോഫു. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിന് പ്രോട്ടീൻ ഉൾപ്പെടെയുള്ള നിരവധി പോഷകങ്ങൾ ലഭിക്കും. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.
5. പഴങ്ങളും പച്ചക്കറികളും: പുതിയ പഴങ്ങളും പച്ച ഇലക്കറികളും കഴിക്കുന്നതിലൂടെ വിറ്റാമിൻ ബി 12 ലഭിക്കും. ബീറ്റ്റൂട്ട്, കൂൺ തുടങ്ങിയ പച്ചക്കറികൾ കഴിക്കാം.
നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന് വിറ്റാമിൻ ബി 12 നിർണായകമാണ്. വിറ്റാമിൻ ബി 12 ന്റെ കുറവ് സംശയിക്കുന്നുണ്ടെങ്കിൽ രക്തപരിശോധന നടത്തി ഉറപ്പാക്കണം. സന്തുലിതമായ ആഹാരക്രമത്തിലൂടെ വിറ്റാമിൻ ബി 12 ലഭ്യത ഉറപ്പാക്കുകയോ ഡോക്ടറുടെ നിർദേശ പ്രകാരം സപ്ലിമെന്റുകൾ കഴിക്കുകയോ ചെയ്യുന്നത് നല്ല ആരോഗ്യം പരിപാലിക്കാൻ സഹായിക്കും.