Testicular Cancer | നിശബ്ദ കൊലയാളിയാകാം വൃഷ്ണത്തിലെ അർബുദം; പുരുഷന്മാർ ഈ ലക്ഷണങ്ങളെ അവഗണിക്കരുത്
* പ്രാരംഭ ഘട്ടത്തിൽ കണ്ടെത്താൻ കഴിഞ്ഞെങ്കിൽ രോഗം ഭേദമാകാനുള്ള സാധ്യത കൂടുതലാണ്
കൊച്ചി: (KasargodVartha) മനുഷ്യ ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുന്ന രോഗമാണ് അർബുദം. പ്രാരംഭ ഘട്ട ചികിത്സ കിട്ടാത്തപക്ഷം രോഗം ഗുരുതരമാവുകയും മരണത്തിലേക്ക് വരെ എത്താനും സാധ്യതയുണ്ട്. പുരുഷന്മാരെ ബാധിക്കുന്ന അർബുദമാണ് വൃഷ്ണത്തിലെ കാൻസർ. ഇത് സാധാരണ 18നും 50നും ഇടയിലുള്ള പുരുഷന്മാരിലാണ് കണ്ട് വരാറുള്ളത്. വൃഷണങ്ങളിലെ കോശങ്ങൾ അസാധാരണമായി വളരുകയും നിയന്ത്രണാതീതമായി വർധിക്കുകയും ചെയ്യുമ്പോഴാണ് കാൻസർ സംഭവിക്കുന്നത്.
രോഗം ബാധിക്കുന്ന ആദ്യഘട്ടത്തിൽ തന്നെ ശരീരം ചില ലക്ഷണങ്ങൾ പ്രകടിപ്പിച്ചേക്കാം. എന്നാൽ പലപ്പോഴും ഇതിന്റെ ലക്ഷണങ്ങള്‍ തുടക്കത്തിലെ തിരിച്ചറിയാൻ കഴിയാറില്ല. വൃഷ്ണണത്തില്‍ കാണപ്പെടുന്ന മുഴകൾ, വേദന, നീര്‍ക്കെട്ട്, വേദനയില്ലാതെ വൃഷണം വലുതാകുക, അടിവയറ്റിലുണ്ടാകുന്ന അകാരണമായ വേദന ഇവയെല്ലാം ഈ അർബുദത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. വൃഷ്ണ സഞ്ചിക്ക് കനം കൂടുക, പുറം വേദന, അടിവയറ്റില്‍ ഭാരം തോന്നുക, അകാരണമായ ശബ്ദത്തില്‍ ഉണ്ടാകുന്ന വ്യതിയാനം, സ്തനവളര്‍ച്ച എന്നിവയും ശ്രദ്ധിക്കേണ്ടതുണ്ട്.
അർബുദം ശക്തമാകും തോറും മറ്റു ചില അസ്വസ്ഥതകളും ശരീരം പ്രകടമാക്കും. ശ്വാസംമുട്ടല്‍, നെഞ്ചുവേദന, അസഹനീയ തലവേദന, കാലില്‍ നീര്, അകാരണമായി ശരീരഭാരം കുറയുക ഇവയെല്ലാം ഈ അർബുദ ബാധിതരിൽ കണ്ടേക്കാം. പുരുഷന്മാരിൽ ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽ പെടുകയാണെങ്കിൽ വൈകിക്കാതെ രോഗനിർണയം നടത്തുക. ചികിത്സ വൈകുംതോറും രോഗത്തിന്റെ കാഠിന്യം വർധിക്കുന്ന ഗുരുതര അവസ്ഥയാണ് അർബുദം. പ്രാരംഭ ഘട്ടത്തിൽ കണ്ടെത്താൻ കഴിഞ്ഞെങ്കിൽ രോഗം ഭേദമാകാനുള്ള സാധ്യത കൂടുതലാണ്.