city-gold-ad-for-blogger

കോവിഡ് കാലത്തെ ടാറ്റാ ആശുപത്രി ഇനി ജില്ലാ ആശുപത്രിയുടെ അനുബന്ധം; ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് വരുന്നു

Tata COVID Hospital building in Chattanchal, Kasaragod.
Photo: PRD Kasargod

● ക്രിട്ടിക്കൽ കെയർ യൂണിറ്റിനായി 23.75 കോടി രൂപ അനുവദിച്ചു.
● 50 കിടക്കകളുള്ള ക്രിട്ടിക്കൽ കെയർ ബ്ലോക്കാണ് നിർമ്മിക്കുന്നത്.
● ഒ.പി., ഐ.പി. ബ്ലോക്കുകൾക്കായി 4.05 കോടി രൂപയും അനുവദിച്ചു.
● വർഷങ്ങൾ നീണ്ട ശ്രമഫലമായാണ് ആശുപത്രിക്ക് അനുമതി ലഭിച്ചത്.
● വികസന പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി നിൽക്കാൻ എം.എൽ.എ. ആഹ്വാനം ചെയ്തു.

കാസർകോട്: (KasargodVartha) കോവിഡ് കാലത്ത് താത്കാലികമായി ആരംഭിച്ച ചട്ടഞ്ചാലിലെ ടാറ്റാ കോവിഡ് ഗവ. ആശുപത്രി ഇനി ജില്ലാ ആശുപത്രിയുടെ അനുബന്ധ ആശുപത്രിയായി പ്രവർത്തിക്കും. 

ഇതിന്റെ ഭാഗമായി ആരംഭിക്കുന്ന ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ ബ്ലോക്കിന്റെയും പുതിയ ഒ.പി, ഐ.പി ബ്ലോക്കുകളുടെയും പ്രവൃത്തി ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന് നടക്കും. ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് ഉദ്ഘാടനം നിർവഹിക്കും.

ക്രിട്ടിക്കല്‍ കെയറിന് 23.75 കോടി

ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് ആരംഭിക്കുന്നതിനായി സർക്കാർ അനുവദിച്ച 23.75 കോടി രൂപയുടെ പ്രവൃത്തികളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിക്കുന്നത്. 

കൂടാതെ, പുതിയ ഒ.പി, ഐ.പി ബ്ലോക്കുകളുടെ നിർമ്മാണത്തിനായി 2024-25 വർഷത്തെ എൻ.എച്ച്.എം ഫണ്ടില്‍ നിന്നും അനുവദിച്ച 4.05 കോടി രൂപയുടെ പ്രവൃത്തികൾക്കും ഇതോടൊപ്പം തുടക്കമാകും. ഹോസ്പിറ്റലിൽ അമ്പത് കിടക്കകളോടു കൂടിയ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ ബ്ലോക്കാണ് നിർമ്മിക്കുന്നത്. നിർമ്മാണ ചുമതല എച്ച്.എൽ.എല്ലിനാണ്.

ടാറ്റാ ഗ്രൂപ്പിന്റെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് തുടങ്ങിയ ആശുപത്രിയുടെ ഭരണ ചുമതലയും നിയന്ത്രണവും പിന്നീട് ജില്ലാ പഞ്ചായത്തിന് കൈമാറിയിരുന്നു. ജില്ലാ ആശുപത്രിയുടെ അനുബന്ധ ആശുപത്രിയായി ടാറ്റാ ആശുപത്രിക്ക് വേണ്ടിയുള്ള അനുമതി വർഷങ്ങൾ നീണ്ട ശ്രമഫലമായാണ് നേടിയെടുത്തതെന്ന് സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ പറഞ്ഞു.

പ്രവർത്തി ഉദ്ഘാടനത്തിന് സംഘാടക സമിതി

പ്രവൃത്തി ഉദ്ഘാടനം വിജയകരമാക്കുന്നതിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എയാണ് സംഘാടകസമിതിയുടെ ചെയര്‍പേഴ്‌സണ്‍. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജാ അബൂബക്കര്‍, വാര്‍ഡ് മെമ്പര്‍ രാജന്‍ കെ പൊയ്നാച്ചി എന്നിവർ വൈസ് ചെയര്‍പേര്‍സന്മാരും, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ കണ്‍വീനറും വാര്‍ഡ് മെമ്പര്‍ അസിയ മുഹമ്മദ് കോ കണ്‍വീനറുമാണ്.

കൂടാതെ, ആഷിഖ്, ടി.പി നിഷാര്‍ എന്നിവര്‍ കണ്‍വീനറും ചെയര്‍മാനുമായ സ്റ്റേജ് ആൻഡ് സൗണ്ട് കമ്മിറ്റിയും ഇ. കുഞ്ഞിക്കണ്ണന്‍ കണ്‍വീനറും ഷംസുദ്ദീന്‍ തെക്കില്‍ കോ കണ്‍വീനറുമായ ഗ്രൗണ്ട് കമ്മിറ്റിയും രൂപീകരിച്ചു.

നാടിന്റെ വികസനമായി കണ്ട് വിജയിപ്പിക്കണം

ആദ്യഘട്ടത്തില്‍ ആശുപത്രിയുടെ ഭാഗമായ 5.5 ഏക്കര്‍ ഭൂമി ആരോഗ്യവകുപ്പ് ഏറ്റെടുക്കുന്നതിനും മറ്റു അനുമതികള്‍ക്കുമായി രണ്ടരവർഷം നീണ്ട പ്രയത്‌നം വേണ്ടി വന്നതായി എം.എല്‍.എ സൂചിപ്പിച്ചു. 

‘രാഷ്ട്രീയത്തിന് അതീതമായി നാടിന്റെ വികസനമായി കണ്ട് പ്രവൃത്തി ഉദ്ഘാടനവും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും വിജയിപ്പിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം,’ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ആഹ്വാനം ചെയ്തു.

സംഘാടകസമിതി രൂപീകരണ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സൂഫൈജ അബൂബക്കര്‍, വൈസ് പ്രസിഡന്റ് ഇബ്രാഹിം മന്‍സൂര്‍ കുരുക്കള്‍, മധു മുതിയക്കാര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു.

കാസർകോടിൻ്റെ ആരോഗ്യമേഖലയ്ക്ക് നിർണായകമായ ഈ വാർത്ത എല്ലാവരിലേക്കും ഷെയർ ചെയ്യുക.

Article Summary: Tata COVID Hospital in Kasaragod converts to a District Hospital annexe.

#Kasaragod #TataHospital #CriticalCare #HealthKerala #VeenaGeorge #Hospital

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia