Fairness Creams | ഞെട്ടിക്കുന്ന കണ്ടെത്തൽ! ചർമത്തിന് തിളക്കം നൽകുന്ന ക്രീമുകളുടെ ഉപയോഗം മൂലം ഇന്ത്യയിൽ വൃക്കസംബന്ധമായ പ്രശ്നങ്ങൾ വർധിക്കുന്നുവെന്ന് പുതിയ പഠനം
* ചർമ്മം വെളുപ്പിക്കുന്ന ക്രീമുകൾ ഉപയോഗിച്ചതായി ഭൂരിഭാഗം രോഗികളും
ന്യൂഡെൽഹി: (KasargodVartha) മനുഷ്യചർമത്തിന് തിളക്കം നൽകുന്ന ക്രീമുകളുടെ (Fairness Creams) ഉപയോഗം മൂലം ഇന്ത്യയിൽ വൃക്ക പ്രശ്‌നങ്ങൾ വർധിക്കുന്നതായി പുതിയ പഠനം. ഫെയർനസ് ക്രീമുകളുടെ ഉപയോഗം കൂടുന്നതിനനുസരിച്ച് മെംബ്രണസ് നെഫ്രോപ്പതി (ML) കേസുകൾ കൂടിവരുന്നതായി കിഡ്‌നി ഇൻ്റർനാഷണൽ മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തി. വൃക്കകളെ ബാധിക്കുന്ന ഗുരുതര രോഗമാണ് മെംബ്രണസ് നെഫ്രോപ്പതി.
ശരീരത്തിലെ മാലിന്യങ്ങൾ അരിച്ച് പുറന്തള്ളുന്ന പ്രധാന അവയവമാണ് വൃക്കകൾ. ഇവയിലെ ഏറ്റവും ചെറിയ ഫിൽട്ടറിങ്ങ് യൂണിറ്റുകളെയാണ് ഗ്ലോമെറുലസ് (Glomeruli) എന്നു വിളിക്കുന്നത്. ഈ ഗ്ലോമെറുലസിന്റെ അടിസ്ഥാന മെംബ്രൺ കട്ടിയാകുന്നതാണ് മെംബ്രണസ് നെഫ്രോപ്പതിയിൽ സംഭവിക്കുന്നത്. ഇത് മൂലം രക്തത്തിലെ പ്രധാനപ്പെട്ട പ്രോട്ടീനുകൾ മൂത്രത്തിൽ കലരാനും തുടങ്ങുന്നു.
ഈ ക്രീമുകൾ ഇന്ത്യയിൽ വ്യാപകമായി ലഭ്യമാണെന്ന് ഗവേഷകരിലൊരാളായ ആസ്റ്റർ മിംസ് ആശുപത്രിയിലെ ഡോ. സജീഷ് ശിവദാസ് പറഞ്ഞു. വലിയ വില കൊടുത്താണ് ആളുകൾ ക്രീം ഉപയോഗിക്കുന്നത്. ആളുകൾ അതിൻ്റെ ഉപയോഗത്തിന് അടിമയാകുന്നുവെന്നും അത് ഉപേക്ഷിക്കുമ്പോൾ ചർമ്മത്തിൻ്റെ നിറം കൂടുതൽ ഇരുണ്ടതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2021 ജൂലൈ മുതൽ 2023 സെപ്തംബർ വരെ റിപ്പോർട്ട് ചെയ്യപ്പെട്ട 22 എംഎൻ കേസുകൾ ഗവേഷകർ പഠന വിധയേമാക്കി.
ആസ്റ്റർ മിംസ് ആശുപത്രിയിൽ എത്തിയ ഈ രോഗികളിൽ പലപ്പോഴും ക്ഷീണം, നേരിയ നീർവീക്കം, മൂത്രത്തിൽ നുരയുടെ വർദ്ധനവ് എന്നിവയടക്കമുള്ള ലക്ഷണങ്ങൾ കണ്ടെത്തി. മൂന്ന് രോഗികൾക്ക് മാത്രമേ കഠിനമായ വീക്കം ഉണ്ടായിരുന്നുള്ളൂ, എന്നാൽ എല്ലാവരുടെയും മൂത്രത്തിൽ ഉയർന്ന അളവിൽ പ്രോട്ടീൻ ഉണ്ടായിരുന്നു. എല്ലാവരിലും വൃക്കസംബന്ധമായ പ്രശ്നങ്ങളും കണ്ടെത്തി. 15 രോഗികളിൽ, 13 പേർ രോഗലക്ഷണങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് ചർമ്മം വെളുപ്പിക്കുന്ന ക്രീമുകൾ ഉപയോഗിച്ചതായി സമ്മതിച്ചു.
'ഇത് കേവലം ചർമ സംരക്ഷണ/വൃക്ക ആരോഗ്യ പ്രശ്‌നമല്ല, ഇതൊരു പൊതുജനാരോഗ്യ പ്രതിസന്ധിയാണ്, ചർമ്മത്തിൽ പുരട്ടുന്ന മെർക്കുറി വളരെയധികം ദോഷം ചെയ്യും', ഗവേഷകർ പറയുന്നു. ദോഷകരമായ ഇത്തരം ഉൽപ്പന്നങ്ങൾ നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള അടിയന്തര നടപടികൾ ഉണ്ടാവണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.