Lipstick | ലിപ്സ്റ്റിക് ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
*മിക്കവാറും ലിപ്സ്റ്റിക്കുകളിലും ലെഡ് അടങ്ങിയിട്ടുണ്ട്
* നാഡീവ്യൂഹത്തെ ദോഷകരമായി ബാധിക്കുന്നു
കൊച്ചി: (KasargodVartha) ലിപ്സ്റ്റിക് ഇന്നത്തെ കാലത്ത് ഒഴിച്ചുകൂട്ടാനാവാത്ത ഒരു മേയ്ക്കപ് വസ്തുവാണ്. സ്ത്രീകളുടെ മേക്കപ്പില്‍ ലിപ്സ്റ്റിക്കിന് പ്രധാന സ്ഥാനം തന്നെയുണ്ട്. ലിപ്സ്റ്റിക് ഇടാതെ പുറത്തുപോകുന്നത് ചിലര്‍ക്ക് ചിന്തിക്കാനേ കഴിയില്ല. മിക്കവാറും സ്ത്രീകള്‍ പുറത്തുപോകുമ്പോള്‍ വരെ അവരുടെ ബാഗുകളില്‍ ലിപ്സ്റ്റിക് കരുതാറുണ്ട്. അല്‍പമെങ്കിലും ലിപ്സ്റ്റിക്കിടാതെ മുഖത്തെ മേക്കപ്പ് പൂര്‍ത്തിയാവില്ലെന്ന് കരുതുന്നവരുമുണ്ട്.. കൃത്രിമ വസ്തുവായത് കൊണ്ടുതന്നെ ലിപ്സ്റ്റിക് ഇടുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നു. എങ്കിലും സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടാനായി ഇത് ഒഴിവാക്കാനും ആരും തയാറല്ല.
ലിപ്സ്റ്റിക് എന്തൊക്കെ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്ന് അറിയണ്ടേ?
മിക്കവാറും ലിപ്സ്റ്റിക്കുകളിലും അത് ബ്രാന്റഡ് ആണെങ്കില്‍ പോലും അതില്‍ ലെഡ് അടങ്ങിയിട്ടുണ്ട്. ശരീരത്തിന് വളരെയേറെ ദോഷങ്ങളുണ്ടാക്കുന്ന ഒന്നാണ് ലെഡ്. ചുണ്ടില്‍ ലിപ്സ്റ്റിക് ഇടുമ്പോള്‍ ഇത് ചര്‍മത്തിലൂടെ രക്തത്തിലേക്ക് കടക്കും. വായിലൂടെയും ലിപ്സ്റ്റിക് ശരീരത്തിനുള്ളിലെത്തും. നാഡീവ്യൂഹത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ് ലെഡ്. തലച്ചോറിന്റെ പ്രവര്‍ത്തനം ഇത് തകരാറിലാക്കും. ഐക്യു തോത് കുറയ്ക്കും. ഹോര്‍മോണ്‍ വ്യത്യാസങ്ങളും ഗര്‍ഭിണികളില്‍ അബോര്‍ഷന്‍ വരെയുള്ള പ്രശ്നങ്ങളും ഉണ്ടാകും. ബിസ്മത് ഓക്സി ക്ലോറൈഡ് എന്നൊരു വസ്തുവും ലിപ്സ്റ്റിക്കിലുണ്ട്. ഇത് ചര്‍മത്തില്‍ അലര്‍ജി, ചൊറിച്ചില്‍, പാടുകള്‍ തുടങ്ങിയവ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.
പാരാബെന്‍സ് എന്നൊരു രാസവസ്തുവും മിക്കവാറും ലിപ്സ്റ്റിക്കുകളില്‍ അടങ്ങിയിട്ടുണ്ട്. ഇവ അകാലവാര്‍ധക്യത്തിന് കാരണമാകുന്നു. മിക്കവാറും ലിപസ്റ്റിക്കുകളില്‍ മിനറല്‍ ഓയിലും അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മസുഷിരങ്ങളെ അടയ്ക്കുന്നു. ഇത് ചുണ്ട് വരണ്ടുപോകാന്‍ ഇടയാകുന്നു. ചിലരുടെ മുഖത്ത് മുഖക്കുരവുണ്ടാകാനും ഇത് കാരണമാകുന്നു.
രാസവസ്തുക്കള്‍ കലര്‍ന്ന ലിപ്സ്റ്റിക്കുകളാണ് ഇത്തരം പ്രശ്നങ്ങളുണ്ടാക്കുന്നത്. എന്നാല്‍ ബീ വാക്സ്, ആവണക്കെണ്ണ, കറ്റാര്‍ വാഴ ജെല്‍, ഗ്ലിസറിന്‍ എന്നിങ്ങനെയുള്ള ലിപ്സ്റ്റിക്കുകളും വിപണിയില്‍ ലഭിക്കും. ഇവ പ്രകൃതിദത്ത വസ്തുക്കളായത് കൊണ്ടുതന്നെ ദോഷങ്ങളുണ്ടാക്കുകയുമില്ല.
അതുകൊണ്ടുതന്നെ ലിപ്സ്റ്റിക് വാങ്ങുമ്പോള്‍ ഇത്തരം പ്രകൃതിദത്ത വസ്തുക്കള്‍ തന്നെ നോക്കി വാങ്ങുന്നത് നല്ലതാണ്. ലിപ്സ്റ്റിക് അധികസമയം ചുണ്ടില്‍ വയ്ക്കാനും പാടില്ല. കഴിവതും വേഗം തുടച്ച് നീക്കുക. അതുപോലെ തന്നെ പതിവായി ഉപയോഗിക്കുന്നതും നല്ലതല്ല. ഭക്ഷണം കഴിയ്ക്കുമ്പോഴും മറ്റും ലിപ്സ്റ്റിക് ഉള്ളിലെത്താതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം.