Awareness | കൗമാരക്കാരില്‍ പ്രമേഹരോഗം വര്‍ധിച്ചു; കാരണം മധുരപാനീയങ്ങളുടെ അമിതമായ ഉപയോഗം; ബോധവല്‍ക്കരണവുമായി ലയണ്‍സ് ക്ലബ്

● കൗമാരക്കാരിൽ പ്രമേഹം വർധിക്കുന്നു.
● മധുരപാനീയങ്ങളുടെ അമിത ഉപയോഗമാണ് കാരണം.
● ലയൺസ് ക്ലബ് ബോധവൽക്കരണം നടത്തുന്നു.
● 'ഷുഗർ ബോർഡ്' സ്ഥാപിക്കാൻ ശ്രമം.
● ജില്ലാ കലക്ടർ ഉദ്ഘാടനം നിർവഹിക്കും.
കാസര്‍കോട്: (KasargodVartha) കൗമാരക്കാരില്‍ പ്രമേഹരോഗം വര്‍ധിച്ചുവരികയാണെന്നും ഇതിന് കാരണം മധുരപാനീയങ്ങളുടെ അമിതമായ ഉപയോഗമാണെന്നും വ്യക്തമായതോടെ ബോധവല്‍ക്കരണ പരിപാടിയുമായി ലയണ്‍സ് ക്ലബ് രംഗത്ത്. ഇതിന്റെ ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖരന്‍ നിര്‍വഹിക്കുമെന്ന് വ്യാഴാഴ്ച (13.02.2024) കാസര്‍കോട് പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ പറഞ്ഞു.
സമൂഹത്തില്‍ കൗമാരക്കാരിലെ പ്രമേഹരോഗം 25 ശതമാനത്തോളം വര്‍ധിച്ചിരിക്കുകയാണ്. ഐസിഎംആര്‍-ഇന്‍ഡ്യ 2023 പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്ന മധുരപാനീയങ്ങളുടെ അമിതമായ ഉപയോഗമാണ് ഇതിന് കാരണമെന്നാണ് പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അമിത പഞ്ചസാരയുടെ ഉപയോഗം പ്രമേഹം, പൊണ്ണത്തടി, ഹൃദയരോഗങ്ങള്‍, ശാരീരിക മാനസിക പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാകാം. ഒരാള്‍ക്ക് ദിവസം 25 ഗ്രാം പഞ്ചസാരവരെ ആവാമെന്നാണ് ഐ.സി.എം.ആര്‍ ശുപാര്‍ശ ചെയ്യുന്നത്. സാധാരണ രണ്ടു നേരത്തെ ചായയിലൂടെയോ, കാപ്പിയിലൂടെയോ ഇതു ലഭ്യമാകുന്നു. എന്നാല്‍ ലഘുപാനീയങ്ങളില്‍ 10 മുതല്‍ 15 ശതമാനം വരെ പഞ്ചസാര കാണപ്പെടുന്നു. അതായത് ഇടവേളകളില്‍ കുടിക്കുന്ന 300 മില്ലി മധുര പാനീയങ്ങളില്‍ 21 ഗ്രാം മുതല്‍ 42 ഗ്രാം വരെ പഞ്ചസാര നമ്മുടെ ശരീരത്തില്‍ അധികമായി എത്തുന്നു. ഇത് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകുന്നു.
കുട്ടികള്‍ക്കിടയിലെ പഞ്ചസാരയുടെ അമിത ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണ പദ്ധതിയുമായി ജില്ലാ ഭരണകൂടവും, ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പും, ലയണ്‍സ് ഇന്റര്‍നാഷണലിനൊപ്പം ചേര്‍ന്ന് ലഘുപാനീയങ്ങളില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് സൂചിപ്പിക്കുന്ന 'ഷുഗര്‍ ബോര്‍ഡ്' ജില്ലയിലെ മുഴുവന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും സ്ഥാപിക്കാന്‍ ശ്രമിക്കുമെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് ഉറപ്പ് തന്നിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
ആദ്യഘട്ടത്തില്‍ 40- ഓളം സ്‌കൂളുകളില്‍ സ്ഥാപിക്കുവാനുള്ള ബോര്‍ഡുകള്‍ ലയണ്‍സ് ഇന്റര്‍നാഷണലിന്റെ്‌റെ ഡിസ്ട്രിക്ട് 318 ഇയുടെ ഭാരവാഹികള്‍ ഏറ്റെടുത്തിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ലയണ്‍ കെ.കെ. സെല്‍വരാജ് (ലയണ്‍സ് ഡിസ്ട്രിക്ട് കോ ഓഡിനേറ്റര്‍- ഡയബെറ്റിസ്), ലയണ്‍ സുകുമാരന്‍ നായര്‍ (ഡിസ്ട്രിക്ട് സെക്രട്ടറി), ലയണ്‍ ഫറൂഖ് കസ്മി (അഡി. കാമ്പിനറ്റ് സെക്രട്ടറി - ഡയബറ്റിസ്), ലയണ്‍ ഡോ. ആബിദ് നാലാപ്പാട് (സോണ്‍ ചെയര്‍പേഴ്സണ്‍) എന്നിവര്‍ സംബന്ധിച്ചു.
ഈ വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Lions Club has launched an awareness campaign about the rising cases of diabetes among teenagers, primarily due to the excessive consumption of sugary drinks. The district-level inauguration will be held at Chattachal Higher Secondary School.
#TeenDiabetes, #SugarAwareness, #LionsClub, #HealthEducation, #Kerala, #Kasargod