'നമ്പർ 1 ഡോക്ടർ', '100% ഗ്യാരണ്ടി'; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി എൻഎംസി
● രോഗികൾ, സെലിബ്രിറ്റികൾ, ഇൻഫ്ലുവൻസർമാർ എന്നിവരെ ഉപയോഗിച്ചുള്ള പ്രൊമോഷന് വിലക്ക്.
● വ്യാജ ഫോളോവേഴ്സ്, ലൈക്കുകൾ, റിവ്യൂകൾ എന്നിവ ഉണ്ടാക്കുന്നതിൽ കൃത്രിമത്വം കാണിക്കാൻ പാടില്ല.
● ചികിത്സയ്ക്ക് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ പരസ്യാവശ്യങ്ങൾക്കായി ഉപയോഗിക്കരുത്.
● കിഴിവുകൾ, കൂപ്പണുകൾ, ക്യാഷ്ബാക്കുകൾ തുടങ്ങിയ ഓഫറുകൾ നൽകുന്നതിനും നിരോധനം.
● ആരോഗ്യ അവബോധ വിവരങ്ങൾ, ക്ലിനിക്ക് മാറ്റുന്ന വിവരങ്ങൾ എന്നിവ പങ്കുവെക്കാം.
● നിയമം ലംഘിക്കുന്ന ഡോക്ടർമാരുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികളുണ്ടാകും.
ന്യൂഡൽഹി: (KasargodVartha) ഡോക്ടർമാരും ആശുപത്രികളും മറ്റു വൈദ്യശാസ്ത്ര സ്ഥാപനങ്ങളും തങ്ങളുടെ സേവനങ്ങൾ പരസ്യപ്പെടുത്തുന്നതിനും പ്രൊമോട്ട് ചെയ്യുന്നതിനും കർശന നിയന്ത്രണങ്ങളേർപ്പെടുത്തി നാഷണൽ മെഡിക്കൽ കമീഷൻ. ഓൺലൈനിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയുമുള്ള സേവനങ്ങളുടെ പരസ്യങ്ങൾക്കാണ് പുതിയ മാർഗനിർദേശങ്ങൾ പ്രകാരം നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യമേഖലയിലെ ചൂഷണം തടയുന്നതിനും ചികിത്സാ രംഗത്ത് ധാർമികത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് എൻഎംസിയുടെ പുതിയ നടപടി.
വിലക്കപ്പെട്ട പ്രയോഗങ്ങളും പരസ്യങ്ങളും
രോഗികൾ, സെലിബ്രിറ്റികൾ, ഇൻഫ്ലുവൻസർമാർ, തൊഴിലാളികൾ, തേർഡ് പാർട്ടികൾ എന്നിവരെ ഉപയോഗിച്ച് വൈദ്യസേവനങ്ങൾ പ്രൊമോട്ട് ചെയ്യുന്നത് ഇനി സാധ്യമല്ല. പ്രശംസകളോ റിവ്യൂകളോ സെലിബ്രിറ്റികളോട് ആവശ്യപ്പെടാനോ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെക്കാനോ പാടില്ല.
തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള അവകാശവാദങ്ങൾക്കും വിലക്കുണ്ട്. വസ്തുനിഷ്ഠമാണെന്ന് സ്ഥിരീകരിക്കാൻ കഴിയാത്ത പക്ഷം 'നമ്പർ 1 ഡോക്ടർ', 'ഏറ്റവും മികച്ച സ്പെഷ്യലിസ്റ്റ്', 'പ്രമുഖ ഡോക്ടർ', '100% വിജയം', 'രോഗശാന്തി ഉറപ്പ്', 'അത്ഭുതചികിത്സ' എന്നീ പ്രയോഗങ്ങൾ ഉപയോഗിക്കാൻ പാടില്ല.
തങ്ങളുടെ വ്യക്തിഗത നേട്ടങ്ങളേക്കുറിച്ചോ, ചികിത്സിച്ച രോഗികളുടെ എണ്ണമോ പരസ്യാവശ്യങ്ങൾക്കായി ഉപയോഗിക്കരുത്. പ്രൊഫഷണൽ നിലവാരത്തെക്കുറിച്ച് തെറ്റായ ധാരണ ഉണ്ടാക്കുന്ന രീതിയിൽ വ്യാജമായി ഫോളോവേഴ്സ്, ലൈക്കുകൾ, വ്യൂസ്, കമന്റുകൾ, റിവ്യൂകൾ, റേറ്റിങ്ങുകൾ തുടങ്ങിയവയിൽ കൃത്രിമത്വം കാണിക്കാനും പാടില്ല.
ഓഫറുകൾക്കും ചിത്രങ്ങൾക്കും വിലക്ക്
● പ്രൊമോഷണൽ ആവശ്യങ്ങൾക്കായി ഡോക്ടർമാരും ആശുപത്രികളും ചികിത്സയ്ക്ക് മുമ്പും ശേഷവുമുള്ള ഫോട്ടോകൾ ഉപയോഗിക്കാൻ പാടില്ല.
● ശാസ്ത്രീയാടിത്തറ ഇല്ലാത്തതോ, സുരക്ഷയോ ഫലപ്രാപ്തിയോ സ്ഥിരീകരിക്കപ്പെടാത്തതോ ആയ ചികിത്സകളുടെ പ്രൊമോഷൻ പാടില്ല.
● രോഗികളെ ആകർഷിക്കുന്നതിനോ അനാവശ്യ ചികിത്സകളെ പ്രോത്സാഹിപ്പിക്കുന്നതിനോ ഇടയാക്കുന്ന തരത്തിലുള്ള കിഴിവുകൾ, കൂപ്പണുകൾ, ക്യാഷ്ബാക്കുകൾ, സമ്മാനങ്ങൾ, റഫറൽ ആനുകൂല്യങ്ങൾ തുടങ്ങിയ ഓഫറുകൾ നൽകരുത്.
● മെഡിക്കൽ സേവനങ്ങളുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട കമീഷനുകൾ, റിബേറ്റുകൾ, റഫറൽ ഫീസുകൾ, ബോണസുകൾ മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഡോക്ടർമാർ വാഗ്ദാനം ചെയ്യുന്നതും സ്വീകരിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
എന്തൊക്കെ പങ്കുവെക്കാം?
കർശന നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ചില വിവരങ്ങൾ പങ്കുവെക്കാൻ ഡോക്ടർമാക്കും ആശുപത്രികൾക്കും അനുമതിയുണ്ട്. അവയുടെ ഉള്ളടക്കം വസ്തുനിഷ്ഠവും കൃത്യവും സുതാര്യവുമായിരിക്കണം എന്ന് മാത്രം.
● ആരോഗ്യ അവബോധ വിവരങ്ങൾ, വിദ്യാഭ്യാസപരമായ ഉള്ളടക്കങ്ങൾ, അക്കാദമിക് ചർച്ചകൾ, സർക്കാർ ആരോഗ്യ കാമ്പയിനുകൾ എന്നിവ പങ്കുവെക്കാം.
● പുതിയ സ്ഥലത്ത് പ്രാക്ടീസ് ആരംഭിക്കുക, ക്ലിനിക്കിന്റെ വിലാസം മാറ്റുക, പ്രാക്ടീസിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുക, പ്രാക്ടീസ് പുനരാരംഭിക്കുക തുടങ്ങിയ ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്താം.
● ആശുപത്രികൾക്കും മെഡിക്കൽ സ്ഥാപനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചുള്ള വസ്തുപരമായ വിവരങ്ങൾ നൽകാം.
നിയമം ലംഘിച്ചാലുള്ള നടപടികൾ
മേൽപ്പറഞ്ഞ മാർഗനിർദേശങ്ങൾ ഡോക്ടർമാരോ ആശുപത്രികളോ ലംഘിച്ചാൽ കുറ്റത്തിന്റെ സ്വഭാവമനുസരിച്ചാകും ശിക്ഷാ നടപടികൾ. ശകാരം, തിരുത്തൽ നടപടി എന്നിവയ്ക്ക് പുറമെ ഡോക്ടർമാരുടെ രജിസ്ട്രേഷൻ നിയന്ത്രിക്കുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്യുന്നതുൾപ്പെടെയുള്ള കടുത്ത നടപടികൾ നേരിടേണ്ടി വരും.
കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താൻ മറക്കരുത്.
Article Summary: NMC bans doctors and hospitals from using misleading ads like 'No.1 doctor' or offering discounts.
#NMCGuidelines #MedicalEthics #DoctorAdvertisements #HealthCareIndia #NationalMedicalCommission #MedicalRules #FakeReviews #Kvartha #AnjuNews






