Initiative | പട്ടികവിഭാഗക്കാർക്ക് വേണ്ടിയുള്ള ജില്ലയിലെ ആദ്യത്തെ ട്രൈബല്‍ ആംബുലന്‍സ് പരപ്പയില്‍ ഓടി തുടങ്ങി; 7 പഞ്ചായതിലെ ആളുകള്‍ക്ക് പ്രയോജനപ്പെടും
● ഫ്‌ലാഗ് ഓഫ് കര്‍മം തൃക്കരിപ്പൂര്‍ എംഎല്‍എ നിര്‍വഹിച്ചു.
● വെള്ളിക്കുണ്ട് സര്‍കാര്‍ ആശുപത്രി കേന്ദ്രീകരിച്ച് സര്‍വീസ്.
● 7 പഞ്ചായതുകളിലെ ട്രൈബല്‍ വിഭാഗത്തിലുള്ളവര്‍ക്ക് സേവനം.
● ഒരു മാസത്തിനുള്ളില്‍ ഡ്രൈവറെയും നഴ്‌സിനെയും നിയമിക്കും.
● ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി കെ ജയരാജന്‍ നന്ദി പറഞ്ഞു.
പരപ്പ: (KasargodVartha) പട്ടികവിഭാഗക്കാർക്ക് വേണ്ടിയുള്ള ജില്ലയിലെ ആദ്യത്തെ ട്രൈബല്‍ ആംബുലന്‍സ് പരപ്പയില്‍ ഓടി തുടങ്ങി. ഇതിന്റെ ഫ്‌ലാഗ് ഓഫ് കര്‍മം തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാലന്‍ നിര്‍വഹിച്ചു. പരപ്പ ബ്ലോക് പഞ്ചായതിന്റെ പദ്ധതി വിഹിതത്തില്‍നിന്നാണ് 12 ലക്ഷം രൂപ ആംബുലന്‍സ് വാങ്ങാനായി അനുവദിച്ചത്.
ട്രൈബല്‍ വിഭാഗത്തിലുള്ളവര്‍ ഏറ്റവും കൂടുതല്‍ അധിവസിക്കുന്ന പ്രദേശമാണ് പരപ്പ ബ്ലോക്. അതുകൊണ്ട് തന്നെയാണ് ഇവരുടെ ചികിത്സാ ആവശ്യാര്‍ഥം ആംബുലന്‍സ് വാങ്ങാന്‍ തീരുമാനിച്ചതെന്ന് ബ്ലോക് പഞ്ചായത് അധികാരികള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ട്രൈബല്‍ വിഭാഗത്തിലുള്ളവര്‍ അസുഖവുമായി എത്തിയാല്‍ അവര്‍ക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോകണമെങ്കില്‍ പുറമേ നിന്നും പണം കൊടുത്ത് ആംബുലന്‍സ് വിളിക്കേണ്ട അവസ്ഥയാണ് നിലവില്‍ ഉണ്ടായിരുന്നത്.
വെള്ളിക്കുണ്ട് സര്‍കാര്‍ ആശുപത്രി കേന്ദ്രീകരിച്ചാണ് ആംബുലന്‍സ് സര്‍വീസ് നടത്തുക. നിലവില്‍ രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് സേവനം ലഭിക്കുകയെന്നും അടിയന്തരഘട്ടത്തില്‍ ആംബുലന്‍സ് സൗകര്യം പട്ടികവിഭാഗക്കാർക്ക് ലഭിക്കുമെന്നും ജില്ലാ ട്രൈബല്‍ അധികാരി ബാബു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പരപ്പ ബ്ലോകിലെ ഏഴ് പഞ്ചായതുകളിലെ ട്രൈബല്‍ വിഭാഗത്തിലുള്ളവര്‍ക്ക് മാത്രമായിരിക്കും ഈ സേവനം ലഭിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരപ്പ ബ്ലോക് പഞ്ചായതില്‍ വെള്ളിയാഴ്ച രാവിലെ നടന്ന ചടങ്ങിലാണ് ഫ്‌ലാഗ് ഓഫ് നടന്നത്. ബ്ലോക് പഞ്ചായത് പ്രസിഡണ്ട് എം ലക്ഷ്മി അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍, ബ്ലോക് പഞ്ചായത് അംഗങ്ങള്‍, ഗ്രാമപഞ്ചായത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ബ്ലോക് പഞ്ചായത് വൈസ് പ്രസിഡണ്ട് ഭൂപേഷ് കെ, ബളാല്‍ ഗ്രാമ പഞ്ചായത് വൈസ് പ്രസിഡണ്ട് എം രാധാമണി, കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത് മെമ്പര്‍ ജയശ്രീ, ബ്ലോക് വികസനകാര്യ സ്റ്റാന്‍ഡ് കമിറ്റി ചെയര്‍പേഴ്‌സണ്‍ രജനി കൃഷ്ണന്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ അബ്ദുല്‍ സലാം എം (കെ എ എസ്), പൂടംകല് താലൂക് ആശുപത്രി മെഡികല്‍ ഓഫീസര്‍ ഡോക്ടര്‍ സി സുകു എന്നിവര്‍ ആശംസാപ്രസംഗം നടത്തി. ബ്ലോക് പഞ്ചായത് സെക്രടറി സുഹാസ് സി എം സ്വാഗതവും ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി കെ ജയരാജന്‍ നന്ദിയും പറഞ്ഞു.
ആംബുലന്‍സ് ബ്ലോക് പഞ്ചായതിന്റെ ഡ്രൈവറെ ഉപയോഗിച്ചാണ് തല്‍ക്കാലം ഓടിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ അപേക്ഷ ക്ഷണിച്ച് ഒരു ഡ്രൈവറെയും നഴ്‌സിനെയും നിയമിക്കുമെന്നും അടുത്ത ഘട്ടമായി 24 മണിക്കൂറും ആംബുലന്‍സ് സേവനം ലഭിക്കുന്ന രീതിയില്‍ രണ്ടാമത്തെ ഡ്രൈവറെയും നഴ്‌സിനെയും നിയമിക്കുമെന്നും ട്രൈബല്‍ ഓഫീസര്‍ പറഞ്ഞു. ആംബുലന്‍സിന്റെ സര്‍വീസും അറ്റകുറ്റപണികളും മറ്റ് കാര്യങ്ങളും നിര്‍വഹിക്കേണ്ടത് ട്രൈബല്‍ വകുപ്പാണ്. ജീവനക്കാര്‍ക്കുള്ള ശമ്പളവും ട്രൈബല്‍ വകുപ്പ് നല്‍കും. ഒരു വര്‍ഷത്തേക്കുള്ള ജീവനക്കാരുടെ ശമ്പളം ബ്ലോക് പഞ്ചായത് പദ്ധതിയില്‍ മാറ്റിവെച്ചിട്ടുണ്ട്.
#tribalambulance #Kerala #healthcare #Dalit #ruraldevelopment #emergencyresponse