Mpox | രാജ്യത്ത് സ്ഥിരീകരിച്ചത് പശ്ചിമാഫ്രിക്കന്‍ ക്ലേഡ് 2 എംപോക്‌സ് വൈറസ് ബാധ; ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
* രോഗി വിദേശത്തു നിന്ന് വന്നയാളാണ്
ന്യൂഡൽഹി: (KasargodVartha) എംപോക്‌സ് (മങ്കിപോക്‌സ്) രോഗലക്ഷണങ്ങളെന്ന് സംശയിച്ച രോഗിക്കുള്ളത് യാത്രാ സംബന്ധമായ അണുബാധയാണെന്ന് സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ലബോറട്ടറി പരിശോധനയില്‍ പശ്ചിമാഫ്രിക്കന്‍ ക്ലേഡ് 2 എംപോക്‌സ് വൈറസിന്റെ സാന്നിധ്യമാണ് രോഗിയില്‍ സ്ഥിരീകരിച്ചത്.
2022 ജൂലൈ മുതൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 30 കേസുകള്‍ക്ക് സമാനമായ ഒരു ഒറ്റപ്പെട്ട കേസാണിത്. ലോകത്ത് എംപോക്‌സിന്റെ ക്ലേഡ് 1 വകഭേദം വ്യാപകമായി പടർന്നതിനെ തുടർന്ന് ലോകാരോഗ്യ സംഘടന (WHO) ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഇന്ത്യയിൽ കണ്ടെത്തിയ മങ്കിപോക്‌സ് വൈറസ് അതിൽ പറയുന്ന തരത്തിലുള്ളതല്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
എംപോക്‌സ് വ്യാപനം അനുഭവിക്കുന്ന ഒരു രാജ്യത്ത് നിന്ന് അടുത്തിടെ യാത്ര ചെയ്തു വന്ന യുവാവ് നിലവില്‍ തീവ്രപരിചരണ ഐസൊലേഷന്‍ സൗകര്യത്തില്‍ ചികിത്സയിലാണ്. രോഗിയുടെ നില തൃപ്തികരമാണെന്നും മറ്റ് രോഗലക്ഷണങ്ങളോ അനുബന്ധ അസുഖങ്ങളോ ഇല്ലെന്നും മന്ത്രാലയം അറിയിച്ചു.
എല്ലാ മുൻകരുതലുകളോടും കൂടിയാണ് ഇദ്ദേഹത്തെ ചികിത്സിക്കുന്നത്. രോഗിയുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തി നിരീക്ഷിക്കുന്ന പ്രവർത്തനങ്ങളും സജീവമാണ്. എന്നാൽ, പൊതുജനങ്ങള്‍ക്ക് വ്യാപകമായ രീതിയിലുള്ള അപകടസാധ്യതയൊന്നും ഉണ്ടാകുന്നതായി നിലവില്‍ സൂചനയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
Hashtags in English for Social Shares: #monkeypox #india #health #outbreak #virus