Ayurveda | ആയുർവേദത്തെ കുറിച്ച് ആളുകൾക്കുള്ളത് തെറ്റായ ധാരണകളാണെന്ന് കാസർകോട് ഗവ. ആയുർവേദ ആശുപത്രി മെഡികൽ ഓഫീസർ ഡോ. പി അഞ്ജു; 'പല രോഗികളും എത്തുന്നത് മറ്റ് ചികിത്സകൾ കയ്യൊഴിയുന്ന ഘട്ടത്തിൽ'
● ദീർഘകാല രോഗങ്ങൾക്കും അക്യൂട് രോഗങ്ങൾക്കും ഫലപ്രദം
● ഓരോ രോഗത്തിനും പ്രത്യേക മരുന്നുകളാണ് ആയുർവേദത്തിൽ ഉള്ളത്
● ചുരുക്കം ചില രോഗങ്ങൾക്ക് മാത്രമേ പഥ്യം ആവശ്യമുള്ളു
കാസർകോട്: (KasargodVartha) ആയുർവേദത്തെ കുറിച്ച് ആളുകൾക്കുള്ളത് തെറ്റായ ധാരണകളാണെന്ന് കാസർകോട് ഗവ. ആയുർവേദ ആശുപത്രി മെഡികൽ ഓഫീസർ ഡോ. പി അഞ്ജു രാമചന്ദ്രൻ കാസർകോട് വാർത്തയോട് പറഞ്ഞു. പല രോഗികളും ആയുർവേദ ചികിത്സയ്ക്ക് എത്തുന്നത് മറ്റ് ചികിത്സ രീതികളെല്ലാം കയ്യൊഴിഞ്ഞ ഘട്ടത്തിലെന്നും അവർ കൂട്ടിച്ചേർത്തു.
ആയുർവേദത്തെ ശാസ്ത്രീയമായ ചികിത്സയായി കാണാൻ പലരും മടിക്കുകയാണ്. പാരമ്പര്യത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിലാണ് ആളുകൾ ചികിത്സയ്ക്കായി സമീപിക്കുന്നത്. എന്നാൽ ആയുർവേദ ചികിത്സ തികച്ചും ശാസ്ത്രീയമാണെന്നും എല്ലാ രോഗങ്ങൾക്കുമുള്ള ചികിത്സയും ആയുർവേദത്തിൽ ലഭ്യമാണെന്നും അവർ പറഞ്ഞു.
ആയുർവേദ മരുന്ന് കഴിച്ചാൽ പെട്ടെന്ന് അസുഖം ഭേദമാകില്ലെന്ന ചിന്തയാണ് പലർക്കുമുള്ളത്. മുട്ടിന്റെ തേയ്മാനം, നടുവേദന, ഒടിവ് തുടങ്ങിയ ദീർഘകാലമായി നിലനിൽക്കുന്ന അസുഖങ്ങൾക്ക് തീർച്ചയായും ദീർഘകാല ചികിത്സ ആവശ്യമാണ്. എന്നാൽ, പൈൽസ്, ഫിസ്റ്റുല, ഉളുക്ക്, ചതവ് തുടങ്ങിയ അക്യൂട് അഥവാ പെട്ടെന്ന് ഉണ്ടാകുന്ന അസുഖങ്ങൾക്ക് ആയുർവേദം പെട്ടെന്നുള്ള ആശ്വാസവും ഫലവത്തായ ചികിത്സയും നൽകുന്നുണ്ട്.
കഷായം കുടിച്ചാൽ വയർ ചൂടാകുമെന്നതാണ് മറ്റൊരു തെറ്റായ ധാരണ. വയറിനെ ചൂടാക്കുന്നതും തണുപ്പിക്കുന്നതുമായ സമശീതോഷ്ണ ചികിത്സയും ആയുർവേദത്തിലുണ്ട്. വയർ ചൂടാകുന്നത് തണുപ്പിക്കാനും ഇത് മാറ്റിയെടുക്കാനും കഴിയുന്ന മരുന്നുകളുണ്ട്. ഒറ്റമൂലി ചികിത്സ ആയുർവേദം പ്രോത്സാഹിപ്പിക്കുന്നില്ല. കൃത്യമായ രീതിയിൽ കഴിച്ചില്ലെങ്കിൽ ഇത് മറ്റ് രോഗങ്ങൾക്ക് ഇടവരുത്തുമെന്നത് കൊണ്ടാണ് ഒറ്റമൂലി ചികിത്സയെ പ്രോത്സാഹിപ്പിക്കാതിരിക്കുന്നത്.
ഒറ്റമരുന്ന് നൽകുന്ന രീതി ആയുർവേദം പ്രോത്സാഹിപ്പിക്കുന്നില്ല. ആയുർവേദം സാധാരണയായി ഒറ്റമൂലികളേക്കാൾ കൂട്ടുകൾ (കാഷായങ്ങൾ) ഉപയോഗിക്കുന്ന ഒരു ചികിത്സാ രീതിയാണ്. ഈ കൂട്ടുകൾ വിവിധ ഔഷധ സസ്യങ്ങളുടെ സംയോജനമാണ്. ഉദാഹരണത്തിന്, ഇരുമ്പിന്റെ അളവ് കുറഞ്ഞ രോഗികൾക്ക് അലോപതിയിലും ആയുർവേദത്തിലും ഇരുമ്പ് വർധിക്കാനുള്ള മരുന്നുകൾ നൽകാറുണ്ട്. എന്നാൽ ആയുർവേദം ഇരുമ്പിന്റെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്ന മരുന്നുകളും ഉപയോഗിക്കുന്നു. ത്രിഫല പോലുള്ള ഔഷധങ്ങൾ ഇരുമ്പിന്റെ അളവ് സന്തുലിതമായി നിലനിർത്താൻ സഹായിക്കുന്നതിൽ പ്രസിദ്ധമാണ്.
ആയുർവേദത്തിൽ എല്ലാ രോഗങ്ങൾക്കും ഒരേ മരുന്നാണ് നൽകുന്നതെന്നത് വലിയ തെറ്റിദ്ധാരണയാണ്. ഓരോ രോഗത്തിനും അതിന്റേതായ പ്രത്യേക ചികിത്സാ രീതിയും ഔഷധങ്ങളുമാണ് ആയുർവേദത്തിൽ നിർദേശിക്കുന്നത്. ഉദാഹരണത്തിന്, ചുമയ്ക്കുള്ള ഔഷധവും വാതത്തിനുള്ള തൈലവും ഒന്നുതന്നെയാണെന്ന് കരുതി അത് പരസ്പരം കൈമാറി ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. ചുമയ്ക്കുപയോഗിക്കുന്ന പൊടികൾ തന്നെ പന്ത്രണ്ടോളം തരത്തിലുണ്ട്. വാതത്തിനുള്ള തൈലങ്ങൾ നൂറിലധികം വരും. ഓരോ രോഗത്തിനും അനുസരിച്ചാണ് രോഗികൾക്ക് ഇവ നൽകുന്നത്.
ഡോക്ടർമാരുടെ കൃത്യമായ നിർദേശമില്ലാതെ മരുന്നുകൾ കഴിക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുത്. ആയുർവേദ ചികിത്സ തേടാൻ പലരെയും പിന്നോട്ടടിക്കുന്നത് പഥ്യം വേണ്ടിവരുമെന്ന് പറഞ്ഞുകൊണ്ടാണ്. എന്നാൽ ചുരുക്കം ചില രോഗങ്ങൾക്ക് മാത്രമാണ് പഥ്യം നിർദേശിക്കുന്നത്. ഓരോ ആയുർവേദ മരുന്നുകൾ കഴിക്കുമ്പോൾ എന്തെല്ലാം ഭക്ഷണങ്ങൾ കഴിക്കാമെന്ന് ഡോക്ടറോട് ചോദിച്ചാൽ അത് വ്യക്തമായി തന്നെ പറഞ്ഞുകൊടുക്കും. ഇറച്ചിയും മത്സ്യവും മുട്ടയും പാൽ, തൈരുമൊക്കെ ആയുർവേദ മരുന്നുകൾ കഴിക്കുമ്പോൾ ഉപയോഗിക്കാൻ കഴിയും. യൂട്യൂബ് വീഡിയോകൾ നോക്കിയാണ് പലരും ആയുർവേദ ഡോക്ടർമാരെ സമീപിക്കുന്നത്.
ആയുർവേദം ശുദ്ധീകരണത്തെ ഏറെ പ്രാധാന്യത്തോടെ കാണുന്ന ഒരു ചികിത്സാശാസ്ത്രമാണ്. ഒരു രോഗത്തെ ചികിത്സിക്കുന്നതിനായി നൽകുന്ന ഔഷധം ആ രോഗത്തെ ശമിപ്പിക്കുകയും മറ്റു യാതൊരു അസുഖത്തിനും കാരണമാകാതിരിക്കുകയും വേണമെന്നാണ് ആയുർവേദം പറയുന്നത്. അലോപ്പതിയും ആയുർവേദവും സമന്വയിപ്പിച്ചു കൊണ്ടുള്ള ചികിത്സ എയിംസ് പോലുള്ള പ്രമുഖ ആശുപത്രികൾ തുടങ്ങിയിട്ടുണ്ട്. ആയുർവേദത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞത് കൊണ്ടാണ് ഇത്തരം ചികിത്സാ രീതികൾ നടപ്പാക്കി കൊണ്ടിരിക്കുന്നത്. രോഗം ഭേദമാകണമെന്നത് മാത്രമാണ് ലക്ഷ്യമായി കാണേണ്ടതെന്നും ഡോക്ടർ പറഞ്ഞു.
സ്‌ട്രോക് പോലുള്ള പല അസുഖങ്ങൾക്കും അലോപ്പതിയിലെ ചികിത്സയ്ക്ക് ശേഷം പലപ്പോഴും തുടർ ചികിത്സയായി ആയുർവേദത്തെ പല ഡോക്ടർമാരും നിർദേശിക്കുന്ന കാര്യവും ഡോക്ടർ ചോദ്യത്തിന് മറുപടിയായി നൽകി. കർക്കടക ചികിത്സ പോലുള്ള ആയുർവേദ ചികിത്സകൾ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും വിവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനും ആളുകൾ തിരഞ്ഞെടുക്കുന്നു. മർമ ചികിത്സ, വെരികോസ് വെയിൻ പോലുള്ള രോഗങ്ങൾക്കുള്ള ചികിത്സ എന്നിവയ്ക്കും ആയുർവേദം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ആയുർവേദത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞ വിദേശികൾ പോലും ഇന്ന് ആയുർവേദ ചികിത്സ സ്വീകരിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
കാസർകോട് ഗവ. ആയുർവേദ ആശുപത്രിയിൽ ചീഫ് മെഡികൽ ഓഫീസർ ഉൾപ്പെടെ അഞ്ച് ഡോക്ടർമാരുടെ സേവനം എപ്പോഴും ലഭ്യമാണ്. ഞായറാഴ്ച പോലുള്ള അവധി ദിവസങ്ങളിലും ചികിത്സ ലഭിക്കുമെന്നതിനാൽ ആളുകൾക്ക് ആശുപത്രി സന്ദർശിക്കാം. മൂന്ന് ജനറൽ ഫിസിഷ്യൻമാർ ഉൾപ്പെടെയുള്ള ഡോക്ടർമാർ എല്ലായ്‌പ്പോഴും രോഗികളെ ചികിത്സിക്കാൻ തയ്യാറായിരിക്കുന്നു. സ്ത്രീകളുടെ രോഗങ്ങൾക്കും മർമ ചികിത്സയ്ക്കും നേത്രരോഗങ്ങൾക്കും പ്രത്യേക ഡോക്ടർമാരുണ്ട്. പൊതുജനങ്ങൾ ഈ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.
#Ayurveda #AyurvedicTreatment #Health #Kerala #IndianMedicine #TraditionalMedicine