Health | തലസ്ഥാന നഗരിയിലെ പതിവ് കാഴ്ചകള്‍ അന്യമാകും; പ്രാവ് തീറ്റ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നു
● ദില്ലിയിലെ ഐകോണിക് കാഴ്ചകളിലൊന്നാണിത്.
● പ്രാവുകളുടെ വിസര്‍ജ്യങ്ങള്‍ ഭീഷണി ഉയര്‍ത്തുന്നു.
● ആസ്തമ അടക്കമുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നു.
ന്യൂഡെല്‍ഹി: (KasargodVartha) പക്ഷികളുടെ അമിത ജനസംഖ്യ മൂലമുണ്ടാകുന്ന ആരോഗ്യ അപകടങ്ങള്‍ ചൂണ്ടിക്കാട്ടി നഗരത്തിലുടനീളമുള്ള പ്രാവുകളെ മേയിക്കുന്ന സ്ഥലങ്ങള്‍ നിരോധിക്കാനുള്ള നിര്‍ദ്ദേശം ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (Municipal Corporation of Delhi-MCD) പരിഗണയില്‍. പ്രാവുകള്‍ക്ക് തീറ്റ നല്‍കുന്ന കേന്ദ്രങ്ങള്‍ അധികൃതര്‍ അടച്ചു പൂട്ടാനൊരുങ്ങുകയാണ്. രോഗവ്യാപന സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി.
ദില്ലിയിലെ ഐകോണിക് കാഴ്ചകളിലൊന്നാണിത്. നഗരത്തില്‍ വിവിധയിടങ്ങളിലായി ഇത്തരത്തില്‍ പ്രാവുകള്‍ക്ക് തീറ്റ നല്‍കുന്ന കേന്ദ്രങ്ങളുണ്ട്. പല കേന്ദ്രങ്ങളും ഇതിനോടകം ഇല്ലാതായി. നടപടി പ്രാവുകളുടെ മാത്രമല്ല വര്‍ഷങ്ങളായി ഇത്തരം കേന്ദ്രങ്ങളില്‍ തീറ്റ വില്ക്കുന്നവരുടെയും അന്നം മുട്ടിക്കും. ശുചിത്വം ഉറപ്പാക്കി ഭീഷണി മറികടക്കണമെന്നാണ് 9 വര്‍ഷമായി തീറ്റ വില്‍ക്കുന്ന ജില്‍നിയുടെ അപേക്ഷ.
എന്നാല്‍ ഇത്തരം കേന്ദ്രങ്ങളില്‍ ക്രമാതീതമായി പെരുകിയ പ്രാവുകളും അവ പുറം തള്ളുന്ന വിസര്‍ജ്യങ്ങളും ചെറുതല്ലാത്ത ഭീഷണിയാകുന്നുണ്ടെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. സാല്‍മൊണെല്ല, ഇ കോളി, ഇന്‍ഫ്‌ലുവെന്‍സ തുടങ്ങിയ രോഗാണുക്കളുടെ വ്യാപനത്തിന് ഇത്തരം കേന്ദ്രങ്ങള്‍ സഹായിക്കുന്നുണ്ട്. ആസ്തമ അടക്കമുള്ള രോഗങ്ങള്‍ക്ക് ഇത് കാരണമാകും. ഇത് പരിഗണിച്ചാണ് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രാവുതീറ്റ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നത്.
പെട്ടെന്നൊരു ദിവസം തീറ്റ നിര്‍ത്തിയാല്‍ ഈ പ്രാവുകളൊക്കെ എവിടെ പോകുമെന്നാണ് പ്രദേശവാസികളും ദില്ലിയിലെത്തുന്ന സഞ്ചാരികളും ചോദിക്കുന്നത്. അടച്ചുപൂട്ടാനുള്ള നടപടികളെ കുറിച്ച് എംസിഡി ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ആലോചന പുരോഗമിക്കുകയാണ്.
കൊണാട്ട് പ്ലേസ്, ജണ്ഡേവാലന്‍, തല്‍ക്കത്തോറ അങ്ങനെ നഗര മധ്യത്തില്‍ ബാക്കിയുള്ളയിടങ്ങള്‍ ദിവസവും പതിനായിരക്കണക്കിന് പ്രാവുകളെയാണ് ഊട്ടുന്നത്. ദില്ലി കാണാനെത്തുന്നവര്‍ക്കും എന്നും ഇതൊരു കൗതുക കാഴ്ചയാണ്. വാക്കുകളിലൂടെയും ദൃശ്യങ്ങളിലൂടെയും പതിറ്റാണ്ടുകളായി ദില്ലിയെ അടയാളപ്പെടുത്തുന്നവരെല്ലാം ഈ ചിറകടികളും കൂടെക്കൂട്ടിയിട്ടുണ്ട്. കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയാല്‍ ദില്ലി നഗരത്തിലെ ഒരു പതിവ് കാഴ്ച കൂടി അന്യമാകും.
#Delhi #pigeons #feedingcenters #ban #health #pollution #city #culture #controversy