രോഗികളുടെ എണ്ണം കൂടുന്നു, അസൗകര്യങ്ങളാൽ വീർപ്പുമുട്ടി കുമ്പള സർക്കാർ ആശുപത്രി; 4.36 കോടിയുടെ നവീകരണം പ്രഖ്യാപനത്തിൽ ഒതുങ്ങി
● ഇടുങ്ങിയ സ്ഥലത്ത് ക്യൂ നിൽക്കേണ്ടി വരുന്നത് അഞ്ഞൂറോളം രോഗികളെ വലയ്ക്കുന്നു.
● കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാരും വയോധികരും ദുരിതത്തിൽ.
● പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻഡിൽ നിന്നാണ് തുക അനുവദിച്ചത്.
● ആദ്യഗഡുവായ 1.09 കോടി രൂപ അനുവദിച്ചിട്ടും നിർമ്മാണം തുടങ്ങിയില്ല.
● തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് പണി തുടങ്ങണമെന്ന് ആവശ്യം.
കുമ്പള: (KasargodVartha) കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ (സി.എച്ച്.സി) നവീകരണത്തിന് ഫണ്ട് അനുവദിച്ചതായി പ്രഖ്യാപിച്ചിട്ട് നാളേറെയായെങ്കിലും പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും തുടങ്ങാത്തത് ഇവിടെയെത്തുന്ന നൂറുകണക്കിന് രോഗികൾക്ക് ദുരിതമാകുന്നു. നാൾക്കുനാൾ രോഗികളുടെ എണ്ണം കൂടിവരികയാണ്. ഒന്ന് നിന്ന് തിരിയാൻ കഴിയാത്ത വിധം അസൗകര്യങ്ങളാൽ വീർപ്പുമുട്ടുകയാണ് ഇപ്പോൾ ഈ സർക്കാർ ആശുപത്രി.
കെട്ടിടം ഒഴിവാക്കി; പകരം സംവിധാനമില്ല
മഴക്കാലത്ത് ചോർന്നൊലിക്കുന്ന കെട്ടിടം ആരോഗ്യവകുപ്പ് അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് ഒഴിവാക്കിയതോടെയാണ് അസൗകര്യങ്ങൾ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിച്ചു തുടങ്ങിയത്. കെട്ടിട നിർമ്മാണം വേഗത്തിലാക്കണമെന്ന ആവശ്യം പോലും അധികൃതർ ഗൗരവത്തിലെടുത്തിട്ടില്ല. കാസർകോട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം പ്രവർത്തിച്ചു വരുന്നത്.
രോഗികൾ ദുരിതത്തിൽ
പകർച്ചാ പനിയും രോഗവ്യാപനവും കൊണ്ട് ഇപ്പോൾ ആശുപത്രി നിറഞ്ഞു കവിയുമ്പോൾ അസൗകര്യങ്ങൾ രോഗികളെ വല്ലാതെ വലയ്ക്കുന്നുണ്ട്. ടോക്കനെടുക്കാനും ഡോക്ടറെ കാണാനും മരുന്ന് വാങ്ങാനുമെല്ലാം ഇടുങ്ങിയ സ്ഥലത്താണ് രോഗികൾ ക്യൂ നിൽക്കേണ്ടി വരുന്നത്.
ഇത് കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന രോഗികൾക്കും വയോധികരായ രോഗികൾക്കും സ്ത്രീകൾക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നു. ദിവസേന 500-ഓളം രോഗികളാണ് തീരദേശ മേഖലയിലുള്ള ഈ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നത്.
നവീകരണം കടലാസിൽ
സർക്കാറിന്റെ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻഡ് ഉപയോഗിച്ച് കുമ്പള ഗവൺമെന്റ് ആശുപത്രിക്ക് 4.36 കോടി രൂപയുടെ കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി ലഭിച്ചതായും, ഇതിന്റെ ആദ്യഗഡുവായ 1.09 കോടി രൂപ അനുവദിച്ചു കിട്ടിയതായും മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ് മാസങ്ങൾക്ക് മുൻപ് അറിയിച്ചിരുന്നു.
ഇതിന്റെ ടെൻഡർ നടപടികൾ താമസിയാതെ പൂർത്തിയാക്കി നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കം കുറിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ തുടർ നടപടികൾ വൈകുന്നത് ഇവിടെയെത്തുന്ന രോഗികൾക്ക് ഏറെ ദുരിതമാകുന്നുണ്ട്.
തിരഞ്ഞെടുപ്പിന് മുൻപ് പണി തുടങ്ങണം
കുമ്പളയിലെ സി.എച്ച്.സി കെട്ടിടത്തിന് 65 വർഷത്തെ പഴക്കമുണ്ട്. ആശുപത്രിക്ക് പുതിയ കെട്ടിടത്തിനായുള്ള ഫണ്ട് അനുവദിക്കണമെന്ന് വർഷങ്ങളായി നാട്ടുകാരും സന്നദ്ധ സംഘടനകളും ആവശ്യപ്പെട്ട് വരുന്നതാണ്.
നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനുമുമ്പ് ആശുപത്രി നവീകരണ ജോലി യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കണമെന്ന് കുമ്പള ഗ്രാമപഞ്ചായത്ത് അംഗം സബൂറ മൊയ്തു ആവശ്യപ്പെട്ടു.
ഈ വാർത്ത സുഹൃത്തുകൾക്കും കുടുംബാംഗങ്ങൾക്കും ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായം കമന്റായി രേഖപ്പെടുത്തൂ.
Article Summary: Patients at Kumbla Community Health Center are suffering due to overcrowding and lack of facilities. Despite a sanction of ₹4.36 crore for renovation months ago, construction has not yet begun, drawing criticism from locals and representatives.
#Kumbla #Kasargod #GovernmentHospital #HealthCare #Development #KeralaNews #PublicGrievance






