കോട്ടയം ആവർത്തിക്കുമോ? കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം ആശങ്കയിൽ
● ദിവസേന മുന്നൂറോളം രോഗികൾ ആശ്രയിക്കുന്ന സ്ഥാപനം.
● ഡയാലിസിസ് കേന്ദ്രം തുടങ്ങാനുള്ള അനുമതിയും നടപ്പായില്ല.
● അടിസ്ഥാന സൗകര്യ വികസനമില്ലെന്ന് നാട്ടുകാർക്ക് ആക്ഷേപം.
● തുടർന്നുള്ള അവഗണനക്കെതിരെ പ്രക്ഷോഭം ഒരുങ്ങുന്നു.
കുമ്പള: (KasargodVartha) കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീണതിനുശേഷം ഭയാശങ്കയിലാണ് കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും അവിടെയെത്തുന്ന രോഗികളും. 75 വർഷം പഴക്കമുള്ള സി.എച്ച്.സി. കെട്ടിടം മഴക്കാലത്ത് ചോർന്നൊലിക്കുന്ന നിലയിലാണ്. നവീകരണ പദ്ധതി വൈകുന്തോറും ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരുടെയും രോഗികളുടെയും ആശങ്ക വർധിക്കുകയാണ്.
1954-ൽ നിർമിച്ച ഓടുമേഞ്ഞ രണ്ട് കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. മേൽക്കൂര ദ്രവിച്ച നിലയിലായ ഈ കെട്ടിടങ്ങളിലാണ് രോഗികളെ പരിശോധിക്കുന്നതും മറ്റും. കോട്ടയം സംഭവത്തിനുശേഷം കെട്ടിടത്തിന്റെ മേൽക്കൂരയിലേക്ക് നോക്കിയിരിപ്പാണ് ജീവനക്കാർ.
ഒരു വർഷം മുമ്പ് ഏഴ് കോടി രൂപ അനുവദിച്ചതായി പ്രഖ്യാപനം വന്നെങ്കിലും തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല. കാസർകോട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് സി.എച്ച്.സി. പ്രവർത്തിക്കുന്നത്. നാട്ടിലെ സന്നദ്ധ സംഘടനകൾ സി.എച്ച്.സി.യുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി സർക്കാരിൻ്റെ താലൂക്ക് തല അദാലത്തിൽ നിവേദനം നൽകിയിരുന്നു. ഇതിന് ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുള്ള മറുപടി നവീകരണ പദ്ധതിക്കായി സർക്കാരിൽ പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടെന്നായിരുന്നു. എന്നാൽ, ഇതിലും തുടർനടപടികൾ ഉണ്ടായിട്ടില്ല.
കുമ്പള തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളും, കുമ്പളയിലെയും പരിസരപ്രദേശങ്ങളിലെയും കർഷകരും, കുമ്പള ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും കോളേജ് വിദ്യാർത്ഥികളും, ടൗണിലെ വ്യാപാരികളും ഉൾപ്പെടെ ദിവസേന മുന്നൂറോളം രോഗികൾ ചികിത്സയ്ക്കായി ആശ്രയിക്കുന്നത് ഈ സർക്കാർ സ്ഥാപനത്തെയാണ്. എന്നിട്ടും അടിസ്ഥാന സൗകര്യ വികസനത്തിന് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനുവരെ സന്നദ്ധസംഘടന പ്രവർത്തകർ വികസനവുമായി ബന്ധപ്പെട്ട് നിവേദനം സമർപ്പിച്ചിരുന്നതുമാണ്. കുമ്പളയിലെ സ്വകാര്യ ആശുപത്രികൾക്ക് വേണ്ടിയാണ് സർക്കാർ ആശുപത്രിയിൽ അടിസ്ഥാന സൗകര്യ വികസനം ഒരുക്കാത്തതെന്നാണ് നാട്ടുകാരുടെ ആരോപണം.
അതിനിടെ, കുമ്പളയിലെയും പരിസരപ്രദേശങ്ങളിലെയും മാരക രോഗങ്ങളാൽ പ്രയാസപ്പെടുന്നവർക്കായി സി.എച്ച്.സി.യിൽ ഡയാലിസിസ് കേന്ദ്രം തുടങ്ങാൻ അനുമതി ലഭിച്ചിരുന്നുവെങ്കിലും അതും നടന്നില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇനിയും അവഗണന തുടർന്നാൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാരും സന്നദ്ധ സംഘടനകളും.
ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Kumbala CHC building leaking, patients and staff fear collapse.
#KumbalaCHC #KeralaHealth #InfrastructureFailure #KasargodNews #PublicHealth #BuildingSafety






