കേരളത്തിൽ ശിശുമരണ നിരക്ക് വീണ്ടും ഉയരുന്നു; അഞ്ചിൽ നിന്ന് എട്ടിലേക്ക് ഉയർന്നതായി റിപ്പോർട്ട്
● 2018-ൽ ശിശുമരണ നിരക്ക് എക്കാലത്തെയും കുറഞ്ഞ നിരക്കായ അഞ്ചിൽ എത്തിയിരുന്നു
● ദേശീയ ശരാശരി 24 ആയിരിക്കെ കേരളം ഇപ്പോഴും മറ്റ് സംസ്ഥാനങ്ങളേക്കാൾ മികച്ച നിലയിലാണ്
● തമിഴ്നാട്ടിലും ഡൽഹിയിലും നിലവിലെ ശിശുമരണ നിരക്ക് 11 ആണ്
● വാക്സിനേഷൻ വിമുഖതയും അശാസ്ത്രീയ പ്രസവ രീതികളും നിരക്ക് ഉയരാൻ കാരണമായെന്ന് വിദഗ്ധർ സംശയിക്കുന്നു
തിരുവനന്തപുരം: (KasargodVartha) ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരം കേരളത്തിലെ ശിശുമരണ നിരക്ക് ഉയർന്നതായി കണ്ടെത്തൽ. സാംപിൾ രജിസ്ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരം 2024-ൽ സംസ്ഥാനത്തെ ശിശുമരണ നിരക്ക് (ഇൻഫൻ്റ് മോർട്ടാലിറ്റി റേറ്റ്) അഞ്ചിൽ നിന്ന് എട്ടിലേക്ക് ഉയർന്നു.
ആയിരം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ എട്ട് കുഞ്ഞുങ്ങൾ മരിക്കുന്നു എന്നതാണ് പുതിയ കണക്ക്. ഒരു വയസ്സാകുന്നതിന് മുന്നേയുള്ള കണക്കാണ് ഇതിനായി പരിഗണിക്കുന്നത്. നവജാത ശിശുക്കളുടെ മരണ കണക്കിലെ ഈ മാറ്റം ഗൗരവത്തോടെ പരിശോധിക്കണമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വാക്സിനേഷനോടുള്ള വിമുഖതയും അശാസ്ത്രീയ രീതികൾ പിന്തുടരുന്നതും സൂചിക ഉയരാൻ കാരണമാണോ എന്നും പരിശോധിക്കേണ്ടതുണ്ട്.
ആരോഗ്യ മേഖലയിലെ മുൻകാല നേട്ടങ്ങൾ
ശിശുമരണ നിരക്ക് അമേരിക്കയിലേതിനേക്കാൾ കുറവാണെന്നത് കഴിഞ്ഞ കുറെക്കാലങ്ങളിലായി സംസ്ഥാനം ഉയർത്തിക്കാട്ടുന്ന ഏറ്റവും പ്രധാന ആരോഗ്യ നേട്ടമായിരുന്നു. ദീർഘകാലത്തെ അതിതീവ്ര പരിശ്രമങ്ങൾക്കൊടുവിലാണ് സംസ്ഥാനത്തെ ശിശുമരണ നിരക്ക് രണ്ടക്കത്തിൽ നിന്ന് ഒരക്കത്തിലേക്ക് താഴ്ത്തിയത്.
1970-കളിൽ 58 ആയിരുന്നു ഈ സൂചിക. 2010 മുതലുള്ള കാലയളവിൽ ദീർഘനാൾ ഇത് 12-ൽ തന്നെ തുടർന്നു. എന്തുകൊണ്ടാണ് നിരക്ക് കുറയാത്തത് എന്ന് പഠനം നടത്തി, പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാൻ ആരോഗ്യകേരളം ഒന്നിച്ച് പ്രയത്നിച്ചിരുന്നു.
പോഷകക്കുറവ് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ഹൃദ്യം പോലെയുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തതിൻ്റെ ഫലമായി 2018-ൽ ശിശുമരണ നിരക്ക് എക്കാലത്തെയും കുറഞ്ഞ നിരക്കായ അഞ്ചിൽ എത്തിയിരുന്നു. ആ കണക്കാണ് ഇപ്പോൾ വീണ്ടും ഉയരുന്നത്.
ദേശീയ ശരാശരിയും വിദഗ്ധരുടെ മുന്നറിയിപ്പും
ദേശീയ തലത്തിൽ നിലവിൽ ശിശുമരണ നിരക്ക് 24 ആണ്. പട്ടികയിൽ കേരളത്തിന് തൊട്ടുതാഴെയുള്ള തമിഴ്നാട്ടിലും ഡൽഹിയിലും ഇത് 11 ആണ്. ദേശീയ ശരാശരിയേക്കാളും മറ്റ് സംസ്ഥാനങ്ങളേക്കാളും ഏറെ മെച്ചപ്പെട്ട നിലയിലാണ് കേരളം ഇപ്പോഴും ഉള്ളതെങ്കിലും, മരണനിരക്ക് ഉയർന്നതിനെ ഗൗരവത്തോടെ തന്നെ വിലയിരുത്തണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ജനിക്കുമ്പോൾ തന്നെ തൂക്കക്കുറവും ആരോഗ്യപ്രശ്നങ്ങളുമുള്ള കുഞ്ഞുങ്ങളെ അതീവ ശ്രദ്ധയോടെ പരിചരിച്ചാണ് ആശുപത്രിയിൽ നിന്ന് വിടുന്നത്. പ്രസവസമയത്തെ മരണം ഏറെക്കുറെ ഒഴിവാകുന്നുണ്ടെങ്കിലും ആശുപത്രി വിട്ടതിന് ശേഷമുള്ള പരിചരണത്തിൽ പലപ്പോഴും ഈ ശ്രദ്ധ പാളുന്നുണ്ടെന്നാണ് വിലയിരുത്തൽ.
പ്രതിരോധ മരുന്ന് വിതരണത്തിലെ പോരായ്മകൾ, വാക്സിനേഷനോടുള്ള വിമുഖത, വീട്ടിലെ പ്രസവം, അക്യുപങ്ചർ പ്രസവം പോലെയുള്ള അശാസ്ത്രീയ പ്രവണതകൾ എന്നിവ തിരിച്ചടിയാകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. 12-ൽ നിന്ന് ശിശുമരണ നിരക്ക് അഞ്ചായതിൻ്റെ യഥാർത്ഥ വശങ്ങൾ കൂടി പുതിയ പശ്ചാത്തലത്തിൽ കണക്കാക്കേണ്ടതുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ അപ്ഡേറ്റുകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Kerala infant mortality rate increases from five to eight in 2024.
#KeralaNews #InfantMortalityRate #HealthCareKerala #IMR #Trivandrum #KeralaHealth #MedicalNews #AparnaNews






