Rare Drug | അമീബിക് മസ്തിഷ്‌ക ജ്വരം: ജര്‍മനിയില്‍ നിന്നെത്തിച്ച മരുന്ന് മന്ത്രി വീണാ ജോര്‍ജ് ഏറ്റുവാങ്ങി
3.19 ലക്ഷം രൂപ വിലമതിക്കുന്ന മരുന്നുകളാണ് എത്തിച്ചത്.
കെ എം എസ് സി എല്‍ എംഡി ജീവന്‍ ബാബുവും ഒപ്പമുണ്ടായിരുന്നു.
തിരുവനന്തപുരം: (KasargodVartha) അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം- Amoebic meningoencephalitis) ബാധിക്കുന്നവരുടെ ചികിത്സയ്ക്കായി (Treatment) ജര്‍മനിയില്‍ (Germany) നിന്നുമെത്തിച്ച മരുന്ന് (Drug) വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പില്‍ (VPS Health Care Group) നിന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Health Minister Veena George) തിരുവനന്തപുരത്ത് ഏറ്റുവാങ്ങി. 3.19 ലക്ഷം രൂപ വിലമതിക്കുന്ന മരുന്നുകളാണ് എത്തിച്ചത്. കെ എം എസ് സി എല്‍ എംഡി ജീവന്‍ ബാബുവും (MD Jeevan Babu) ഒപ്പമുണ്ടായിരുന്നു.
മരുന്നെത്തിച്ച യുഎഇ ആസ്ഥാനമായ വിപിഎസ് ഹെല്‍ത്ത് കെയറിന്റെ സ്ഥാപകനും ആരോഗ്യ സംരംഭകനുമായ ഡോ. ഷംഷീര്‍ വയലിനും ടീമിനും മന്ത്രി നന്ദിയറിയിച്ചു. വളരെ അപൂര്‍വമായി ബാധിക്കുന്ന രോഗമാണ് അമീബിക് മസ്തിഷ്‌ക ജ്വരം. കേരളത്തിന്റെ സമീപ ആരോഗ്യ ചരിത്രത്തില്‍ എല്ലാ എന്‍സെഫലൈറ്റിസുകളിലും രോഗ കാരണം പരിശോധിച്ച് കണ്ടുപിടിക്കുന്ന രീതിയാണ് കേരളത്തിനുള്ളത്.
സമീപകാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഈ രോഗത്തിന് ഫലപ്രദമെന്ന് കരുതുന്ന മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ആശയവിനിമയം നടത്തി. കേന്ദ്രത്തിന്റെ മരുന്ന് സപ്ലൈയില്‍ അപൂര്‍വമായി മാത്രം വിതരണം ചെയ്യുന്നതാണിത്. പക്ഷെ നമുക്കതിന്റെ നേരിട്ടുള്ള വിതരണമില്ല.
വളരെ അപൂര്‍വമായിട്ട് ഉപയോഗിക്കപ്പെടുന്ന മരുന്ന് കൂടിയാണിത്. ഇവിടെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തന്നെ ആരോഗ്യ വകുപ്പ് ഇടപെട്ട് മരുന്നുകളെത്തിച്ചിരുന്നു. അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചയാളെ രാജ്യത്ത് തന്നെ അപൂര്‍വമായി രോഗമുക്തിയിലേക്കെത്തിക്കാനും അടുത്തിടെ കേരളത്തിനായി. വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കൂടിയാണ് വിപിഎസ് ഗ്രൂപ്പ് മരുന്ന് നല്‍കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.