city-gold-ad-for-blogger

കാസർകോട് കാൻസർ രോഗികളുടെ ഞെട്ടിക്കുന്ന കണക്കുകൾ; പുനർജനി സൊസൈറ്റിയുടെ ബോധവത്കരണ ക്‌ളാസ് 18 ന് ചെറുവത്തൂരിൽ

 Punarjani Cancer Care Society Formed, Awareness Class on 18th
Photo: Arranged

● ഡോക്ടർമാരുടെയും പൊതുജനങ്ങളുടെയും കൂട്ടായ്മയിൽ 'പുനർജനി' കാൻസർ കെയർ സൊസൈറ്റി രൂപീകരിച്ചു.
● കോഴിക്കോട് എം വി ആർ കാൻസർ സെന്ററിലെ മെഡിക്കൽ ഡയറക്ടർ ഡോ നാരായണൻ കുട്ടി വാര്യർ ക്‌ളാസ് എടുക്കും.
● കാഞ്ഞങ്ങാട് ഡിവൈ എസ് പി സി കെ സുനിൽകുമാർ പരിപാടി ഉദ്‌ഘാടനം ചെയ്യും.
● ചുരുങ്ങിയ ചിലവിൽ ചികിത്സ നൽകാനുള്ള അറിവ് നൽകൽ, മുൻകൂട്ടിയുള്ള രോഗനിർണയം എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
● ഭാവിയിൽ കാൻസർ രോഗികൾക്കായി ചികിത്സാനിധി രൂപീകരിക്കുമെന്നും കാൻസർ ആശുപത്രി സ്ഥാപിക്കാൻ ശ്രമിക്കുമെന്നും ഭാരവാഹികൾ.

ചെറുവത്തൂർ: (KasargodVartha) കാസർകോട് ജില്ലയിൽ കാൻസർ രോഗികളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് വന്നതിൻ്റെ പശ്ചാത്തലത്തിൽ, രോഗികൾക്ക് സഹായം നൽകുന്നതിനായി ഡോക്ടർമാരുടെയും പൊതുജനങ്ങളുടെയും കൂട്ടായ്മയിൽ 'പുനർജനി' കാൻസർ കെയർ സൊസൈറ്റി രൂപീകരിച്ചു. സമൂഹത്തിൽ കാൻസർ രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന നിർദ്ധനരായ രോഗികൾക്ക് മികച്ച ചികിത്സയും പുനർജീവനവും നൽകുന്നതിന് ആവശ്യമായ സഹായം നൽകുന്നതിനും വഴികാട്ടുന്നതിനും വേണ്ടിയാണ് കാസർകോട് ജില്ല കേന്ദ്രീകരിച്ച് ഈ ചാരിറ്റബിൾ സൊസൈറ്റി നിലവിൽ വന്നത്.

ജില്ലയിലെ 1000 പേരിൽ ഒന്നിൽ കൂടുതൽ പേർക്കെങ്കിലും കാൻസർ രോഗലക്ഷണമുണ്ടെന്നാണ് അനൗദ്യോഗീക കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ ഞെട്ടിക്കുന്ന വിവരങ്ങളാണ് സൊസൈറ്റി രൂപീകരണത്തിന് വഴിത്തിരിവായത്. ഇതിൻ്റെ ഭാഗമായി പുനർജനി കാൻസർ കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 18 ന് ശനിയാഴ്ച ചെറുവത്തൂരിൽ കാൻസർ ബോധവത്കരണ ക്‌ളാസ് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ബോധവൽക്കരണ ക്‌ളാസ് 18 ന്

രാവിലെ 10 മണി മുതൽ ചെറുവത്തൂർ കുട്ടമ്മത്ത് പൂമാല ഓഡിറ്റോറിയത്തിലാണ് ബോധവൽക്കരണ പരിപാടി നടക്കുക. കോഴിക്കോട് എം വി ആർ കാൻസർ സെന്ററിലെ മെഡിക്കൽ ഡയറക്ടർ ഡോ. നാരായണൻ കുട്ടി വാര്യർ ക്‌ളാസ് എടുക്കും. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി സി. കെ സുനിൽകുമാർ ഉദ്‌ഘാടനം ചെയ്യുന്ന ഈ ക്‌ളാസ്സുകൾ കാൻസർ രോഗത്തെപ്പറ്റിയും അതിൻ്റെ ചികിത്സാ രീതികളെ കുറിച്ചുമുള്ള യഥാർത്ഥ വസ്തുതകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് സംഘടിപ്പിക്കുന്നത്.

ചെറുവത്തൂരിലും പരിസര പഞ്ചായത്തുകളിലുമുള്ള കാൻസർ രോഗം ബാധിച്ച് വിഷമിക്കുന്ന രോഗികൾക്ക് കാൻസർ ആശുപത്രികളുടെ സഹായത്തോടെ കൈത്താങ്ങുകയും അതോടൊപ്പം രോഗം പിടിപ്പെട്ടവർക്ക് ശരിയായ ചികിത്സാ മാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യും. രോഗം ബാധിച്ചവർ വസ്തുതകൾ അറിയാതെ ചികിത്സ തേടിപ്പോയി വലിയ തോതിൽ പണം നഷ്ടപെടുത്തുന്നുണ്ട്. ചുരുങ്ങിയ ചിലവിൽ എങ്ങനെ കാൻസർ രോഗം ഭേദമാക്കാമെന്നുള്ള അറിവ് നൽകൽ പ്രധാന ചുമതലയായി കാണുകയാണ് സൊസൈറ്റി നേതൃത്വം.

'ലാസ്റ്റ് സ്റ്റേജിൽ എത്തിയവരാണ് പലപ്പോഴും ചികിത്സ തേടി എത്തുന്നത്. ആ ഘട്ടത്തിൽ സാന്ത്വന പരിചരണമല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയാതെ നിസ്സഹായനായി മാറേണ്ടി വരുന്നു' എന്ന് ചെറുവത്തൂർ കെ. എച്ച്. ആശുപത്രിയിലെ ഡോക്ടർ മുഹമ്മദലി പറയുന്നു. തൻ്റെ അടുക്കലെത്തുന്ന രോഗികളിൽ നിന്നാണ് കാൻസർ രോഗത്തിൻ്റെ വ്യാപ്തി മനസ്സിലായതെന്നും, അങ്ങനെയാണ് ഇത്തരക്കാർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ ജനപ്രതിനിധികളെയും രാഷ്ട്രീയ പൊതുപ്രവർത്തകരെയും സമീപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തേ രോഗം കണ്ടെത്തിയാൽ പലരെയും ചികിത്സയിലൂടെ രക്ഷപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചികിത്സാ നിധി രൂപീകരിക്കും

മുൻകൂട്ടിയുള്ള രോഗ നിർണയവും മികച്ച ചികിത്സയും പ്രാപ്യമാകുമെന്നുറപ്പുവരുത്തുന്ന തരത്തിൽ ചികിത്സാ പിന്തുണ ഒരുക്കലാണ് സൊസൈറ്റി ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ടമായി രോഗനിർണയ ക്യാമ്പുകൾ അടക്കം സംഘടിപ്പിക്കും. ഭാവിയിൽ കാൻസർ രോഗികൾക്ക് പ്രതീക്ഷ നൽകുന്ന തരത്തിലുള്ള ഇടപെടൽ സൊസൈറ്റി നടത്തും. അതിനായി പ്രത്യേകം ചികിത്സാനിധി രൂപീകരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. രോഗ പ്രതിരോധവും ബോധവൽക്കരണവും സാന്ത്വന ചികിത്സയുമെല്ലാം അടങ്ങുന്ന ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും സൊസൈറ്റിക്ക് പദ്ധതിയുണ്ട്.

ഉത്തരകേരളത്തിൽ കാൻസർ ആശുപത്രികൾ ഇല്ലാത്തതും വലിയ പോരായ്മയായി അവശേഷിക്കുന്നുണ്ടെന്നും, ഭാവിയിൽ നല്ലൊരു കാൻസർ ആശുപത്രി ഉയർത്തി കൊണ്ടുവരേണ്ടതുണ്ടെന്നും ഡോക്ടർ മുഹമ്മദലി പറഞ്ഞു. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് വിവിധങ്ങളായ ഉദ്ദേശങ്ങളുമായി കാൻസർ കെയർ സൊസൈറ്റി നിലവിൽ വന്നത്. വാർത്താ സമ്മേളനത്തിൽ സൊസൈറ്റി പ്രസിഡന്റും ചെറുവത്തൂർ കെ. എ .എച്ച് ആശുപത്രി എം.ഡിയുമായ ഡോ. ടി. കെ. മുഹമ്മദലി, വൈസ് പ്രസിഡന്റും പ്രമുഖ ഓങ്കോളജിസ്റ്റുമായ ഡോ. ബൈജുമോൻ, ട്രഷററും പ്രമുഖ ആയുർവ്വേദ ഡോക്ടറുമായ കെ. വി ശശിധരൻ, ഉപദേശക സമിതി അംഗം കരിമ്പിൽ കൃഷ്ണൻ, നിയമോപദേഷ്ടാവ് അഡ്വ. വി. വി രവീന്ദ്രൻ, കോർ കമ്മിറ്റി അംഗം ടി. മനോഹരൻ, പി. ആർ. ഒ യൂസഫ് കാടങ്കോട് എന്നിവർ പങ്കെടുത്തു.
 

കാൻസർ രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റാം! പുനർജനി കാൻസർ കെയർ സൊസൈറ്റിയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും അറിയുക. ഡോ നാരായണൻ കുട്ടിയുടെ ബോധവത്കരണ ക്‌ളാസ് വിവരങ്ങൾ ഷെയർ ചെയ്ത് രോഗ പ്രതിരോധത്തിൽ പങ്കാളിയാകുക.

Article Summary: Cancer patient data sparks formation of Punarjani Cancer Care Society in Kasargod, Kerala.

#Kasargod #CancerCare #PunrjaniSociety #CancerAwareness #DrNarayananKuttyWarrier #Charity

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia