കാസർകോട് സർക്കാർ ആശുപത്രികളിൽ ആധുനിക സൗകര്യങ്ങൾ പരിഗണിക്കും: മുഖ്യമന്ത്രി

● വിദ്യാകിരണം പദ്ധതിയിൽപ്പെട്ട സ്കൂൾ നിർമ്മാണത്തിന് നിർദ്ദേശം.
● മംഗൽപാടി സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തി.
● ചീമേനിയിൽ വ്യവസായ പാർക്ക് ആരംഭിക്കാൻ തടസ്സങ്ങൾ നീങ്ങി.
● അനധികൃത ചെങ്കൽ ഖനനം കുറഞ്ഞതായി റിപ്പോർട്ട്.
● എൻഡോസൾഫാൻ മെഡിക്കൽ ക്യാമ്പ് ഈ മാസം പൂർത്തിയാക്കും.
കാസർകോട്: (KasargodVartha) ജില്ലയിലെ സർക്കാർ ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തി ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കാസർകോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയുടെ നിർമ്മാണം പൂർത്തിയാക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലയിലെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ജനങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന മറ്റ് സർക്കാർ ആശുപത്രികളുടെ നവീകരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മുഖ്യമന്ത്രി ജില്ലാ കളക്ടറോടും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോടും ചോദിച്ചറിഞ്ഞു.
വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കേണ്ട സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം സമയബന്ധിതമായി നടപ്പിലാക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി. ജില്ലയിലെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമ്മാണത്തെക്കുറിച്ചും അദ്ദേഹം അന്വേഷിച്ചു.
കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക ഗവൺമെന്റ് വനിതാ കോളേജിൽ നടന്ന മേഖലാതല യോഗത്തിൽ കാസർകോട് ജില്ലയിലെ വിഷയങ്ങൾ പരിഗണിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങൾക്ക് സഹായകരമാകുന്ന വിധത്തിൽ ജില്ലയിലെ മറ്റ് സർക്കാർ ആതുരാലയങ്ങൾ ശക്തിപ്പെടുത്താൻ ഉതകുന്ന പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയും കിഫ്ബി പദ്ധതിയുടെ ഭാഗമായും ജില്ലാ ആശുപത്രിയിലും ജനറൽ ആശുപത്രിയിലും മറ്റ് താലൂക്ക് ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി യോഗത്തിൽ അറിയിച്ചു.
കാസർകോട് മെഡിക്കൽ കോളേജിൽ ഈ വർഷം കോഴ്സുകൾ ആരംഭിക്കും
കാസർകോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഈ വർഷം തന്നെ കോഴ്സുകൾ ആരംഭിക്കാൻ ആവശ്യമായ നടപടികൾ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി അറിയിച്ചു. കാസർകോട് ജനറൽ ആശുപത്രി മെഡിക്കൽ കോളേജ് ആശുപത്രിയായി പ്രവർത്തിക്കും.
കാസർകോട് മെഡിക്കൽ കോളേജിൽ ഹോസ്പിറ്റൽ ബ്ലോക്കിന്റെ നിർമ്മാണം കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിക്കുന്നതിന് ഉത്തരവായിട്ടുണ്ട്. നിലവിലെ നിർമ്മാണ കരാറുകാരുമായുള്ള കരാർ അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ കിറ്റ്കോ തയ്യാറാക്കിയിട്ടുണ്ട്. ഇത് പൂർത്തിയാകുന്നതോടെ ഹോസ്പിറ്റൽ ബ്ലോക്ക് നിർമ്മാണം കിഫ്ബി മുഖേന പൂർത്തിയാക്കാൻ സാധിക്കും.
കാസർകോട് മെഡിക്കൽ കോളേജിലേക്ക് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ജനങ്ങൾക്ക് എത്തിച്ചേരാൻ റോഡ് സൗകര്യങ്ങൾ വികസിപ്പിക്കേണ്ടതുണ്ടെന്ന് ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടി.
മഞ്ചേശ്വരം താലൂക്കിലെ മംഗൽപാടി സാമൂഹികാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയർത്തുകയും ഒരു അസിസ്റ്റന്റ് ഡയറക്ടർ, ഒരു ജൂനിയർ കൺസൾട്ടന്റ് (ജനറൽ മെഡിസിൻ), നാല് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, ആറ് നഴ്‌സിംഗ് ഓഫീസർ, ഒരു ഫാർമസിസ്റ്റ്, ഒരു ആശുപത്രി അറ്റൻഡന്റ് ഗ്രേഡ് I, ഒരു ആശുപത്രി അറ്റൻഡന്റ് ഗ്രേഡ് II, രണ്ട് ക്ലർക്ക് എന്നീ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തു. മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ കിഫ്ബി മുഖേനയുള്ള കെട്ടിടം നിർമ്മിക്കുന്നതിനായി 17.47 കോടിയുടെ ഭരണാനുമതിയും ലഭ്യമാക്കിയിട്ടുണ്ട്.
കോവിഡ് കാലത്ത് ടാറ്റ കമ്പനിയുടെ സി.എസ്.ആർ ഫണ്ടിൽ ഉൾപ്പെടുത്തി തെക്കിൽ വില്ലേജിലെ 4.12 ഏക്കർ സ്ഥലത്ത് ആറ് ബ്ലോക്കുകളിലായി 128 പ്രീഫാബ്രിക്കേറ്റഡ് സ്ട്രക്ച്ചറിലുള്ള കണ്ടെയ്‌നറുകൾ ഉപയോഗിച്ച് കോവിഡ് 19 രോഗബാധിതരെ ചികിത്സിക്കാനുള്ള ആശുപത്രി നിർമ്മിച്ച് അയ്യായിരത്തോളം രോഗികൾക്ക് ചികിത്സ നൽകിയിരുന്നു.
ഇതിനായി സർക്കാർ സ്പെഷ്യാലിറ്റി ഡോക്ടർ തസ്തികയടക്കം 191 ജീവനക്കാരുടെ തസ്തികയും അനുബന്ധ ഉപകരണങ്ങളും അനുവദിച്ചിരുന്നു. നിലവിലെ കണ്ടെയ്‌നറുകൾ നീക്കം ചെയ്ത് ടാറ്റ ട്രസ്റ്റ് ആശുപത്രിയിൽ പി.എം - എ.ബി.എച്ച്.ഐ.എം പദ്ധതിയിൽ ഉൾപ്പെടുത്തി 50 കിടക്കകളോടുകൂടിയ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമ്മിക്കുന്നതിന് 20.75 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്.
ഇതിന്റെ സാങ്കേതിക അനുമതിക്കായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അത് ലഭിച്ചാലുടൻ ടെൻഡർ നടപടി ആരംഭിക്കുമെന്നും ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് സെക്രട്ടറി അറിയിച്ചു.
എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിനുള്ള മെഡിക്കൽ ക്യാമ്പ് ഈ മാസം പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
തീരദേശ മേഖലകളിലെ കടലാക്രമണവും മറ്റും കണക്കിലെടുത്ത് സംസ്ഥാനത്ത് 10 ഹോട്ട്‌സ്പോട്ടുകൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു. കാസർകോട് ജില്ലയിലെ വലിയപറമ്പ് ഈ ഹോട്ട്‌സ്പോട്ടുകളിൽ ഉൾപ്പെടുന്നു. കടലാക്രമണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വലിയപറമ്പ് പഞ്ചായത്തിലെ കടലാക്രമണം തടയാൻ ആവശ്യമായ പ്രവർത്തനങ്ങൾ അടുത്ത വർഷം ആരംഭിക്കുമെന്ന് ജലവിഭവ വകുപ്പ് സെക്രട്ടറി അവലോകന യോഗത്തിൽ അറിയിച്ചു.
തടസ്സങ്ങൾ നീങ്ങി; ചീമേനിയിൽ വ്യവസായ പാർക്ക് ആരംഭിക്കും
കയ്യൂർ ചീമേനി പഞ്ചായത്തിലെ ചീമേനി ഐ.ടി പാർക്കിന് 100 ഏക്കർ ഭൂമിയിൽ ജനറൽ വിഭാഗത്തിൽപ്പെട്ട വ്യവസായ പാർക്കുകൾ ആരംഭിക്കാൻ സാധിക്കുന്ന വിധത്തിലുള്ളതാണെന്നും നിലവിൽ ഇവിടെ വ്യവസായ പാർക്ക് ആരംഭിക്കുന്നതിന് തടസ്സങ്ങൾ ഒന്നുമില്ലെന്നും വ്യവസായ വാണിജ്യ വകുപ്പ് സെക്രട്ടറി അറിയിച്ചു.
ഐ.ടി വകുപ്പ് വ്യവസായ വകുപ്പിന് ഭൂമി കൈമാറ്റം നടത്തിയാൽ ചീമേനി ഐ.ടി പാർക്ക് നിർമ്മാണം വേഗത്തിൽ യാഥാർത്ഥ്യമാക്കാൻ കഴിയും. പ്രത്യേക സാമ്പത്തിക മേഖലയിൽ ഉൾപ്പെട്ടിരുന്ന ഐ.ടി പാർക്ക് പ്രദേശം വ്യവസായ പാർക്കായി മാറ്റുന്നതിന് വേണ്ടി പുനർവിജ്ഞാപനം നടത്തിയിരുന്നു.
കെ.എസ്.ഐ.ടി ലിമിറ്റഡിന് കീഴിൽ ഭൂമി നിലനിർത്തി കെ.എസ്.ഐ.ഡി.സിയുടെ ഭാഗമായി വ്യവസായ പാർക്ക് ആരംഭിക്കാൻ സാധിക്കുമെന്ന് യോഗത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു.
ചെങ്കൽ ക്വാറികൾക്ക് അപേക്ഷ പരിശോധിച്ചു അനുമതി നൽകാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. അനുമതി നൽകുന്നതിനു പകരം ചെങ്കൽ ക്വാറികളിൽ ജോലി ചെയ്യുന്ന പരമ്പരാഗത തൊഴിലാളികളെ ലൈസൻസിന്റെ പേരിൽ പോലീസ്, ജിയോളജി വകുപ്പുകൾ ബുദ്ധിമുട്ടിക്കുന്നത് വ്യാപകമാവുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യോഗ്യത പരിശോധിച്ച് എത്രയും വേഗത്തിൽ ലൈസൻസ് നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
കാസർകോട് വൻതോതിൽ അനധികൃത ലാറ്ററൈറ്റ് ഖനനം നടക്കുന്നുണ്ടെന്നും ഇത് സംസ്ഥാനത്തിന് വലിയ വരുമാന നഷ്ടമാണ് ഉണ്ടാക്കുന്നതെന്നും ജില്ലാ കളക്ടർ അറിയിച്ചു. കാസർകോട് ജില്ലയിൽ ജില്ലാതല സ്ക്വാഡുകൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചതിനാൽ അനധികൃത ഖനനം താരതമ്യേന കുറഞ്ഞിട്ടുണ്ട്.
2023-2024 സാമ്പത്തിക വർഷത്തിൽ അനധികൃത ചെങ്കല്ല് ഖനനത്തിന് 133 കേസുകളിലായി 1,70,22,597 രൂപയും അനധികൃത ചെങ്കല്ല് കടത്തിന് 69 കേസുകളിലായി 16,25,432 രൂപയും പിഴയിനത്തിൽ സർക്കാരിലേക്ക് ഈടാക്കിയിട്ടുണ്ട്. നിലവിൽ സ്ക്വാഡിന്റെ പ്രവർത്തനം ആരംഭിച്ചതിന് ശേഷം 2024-25-ൽ അനധികൃത ചെങ്കല്ല് ഖനനം 102 കേസുകളായി കുറഞ്ഞിട്ടുണ്ട്.
അനധികൃത ചെങ്കല്ല് ഖനനത്തിന് 1,81,23,372 രൂപയും അനധികൃത ചെങ്കല്ല് കടത്തിന് 67 കേസുകളിലായി 14,44,794 രൂപയും പിഴയിനത്തിൽ സർക്കാരിലേക്ക് ഈടാക്കിയിട്ടുണ്ടെന്ന് വ്യവസായ വാണിജ്യ വകുപ്പ് സെക്രട്ടറി അറിയിച്ചു. കുണ്ടംകുഴി സാവിത്രിഭായ് ഫുലെ മെമ്മോറിയൽ ആശ്രമം എൽ.പി സ്കൂളിനെ ഹൈസ്കൂളായി ഉയർത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു.
മലയോര ഹൈവേയുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിന് 4.5 കിലോമീറ്റർ സ്ഥലത്ത് തടസ്സങ്ങൾ നിലനിൽക്കുന്നു. പകരം ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും ഭൂമി ഏറ്റെടുക്കുന്നതിനായി സർക്കാർ ഉത്തരവ് ലഭ്യമായെന്നും കളക്ടർ പറഞ്ഞു.
ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ആമുഖ പ്രഭാഷണം നടത്തി. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ. കൃഷ്ണൻകുട്ടി, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ്, ഒ.ആർ. കേളു, അഡിഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, വിവിധ വകുപ്പ് സെക്രട്ടറിമാർ, കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ കളക്ടർമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കാസർകോട്ടെ വികസന പദ്ധതികളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: CM Pinarayi Vijayan pledges modern facilities for Kasaragod hospitals.
#Kasaragod #KeralaDevelopment #PinarayiVijayan #Healthcare #Infrastructure #Education