city-gold-ad-for-blogger

കാസർകോടിന്റെ ആരോഗ്യ മേഖലയിൽ ചരിത്ര നിമിഷം; എംബിബിഎസ് കോഴ്‌സ് ഉദ്ഘാടനം ചെയ്ത് മന്ത്രി വീണാ ജോർജ്ജ്

Minister Veena George inaugurating Kasaragod Medical College MBBS course
Photo: PRD Kasargod

● എൻഡോസൾഫാൻ ദുരിത ബാധിതർക്കായി മികച്ച സ്പെഷ്യാലിറ്റി സെന്റർ വരും.
● കാസർകോടും വയനാടും മെഡിക്കൽ കോളേജ് അനുവദിച്ചതോടെ മുഴുവൻ ജില്ലകളിലും കോളേജുള്ള സംസ്ഥാനമായി കേരളം.
● കോവിഡ് കാലത്ത് അക്കാദമിക് ബ്ലോക്കിൽ ആശുപത്രി സജ്ജമാക്കിയിരുന്നു.
● 273 അധ്യാപക-അനധ്യാപക തസ്തികകൾ സൃഷ്ടിച്ചു; 160 കോടി കിഫ്ബിയിൽ നിന്ന് അനുവദിച്ചു.

കാസർകോട്: (KasargodVartha) ഗവ. മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് കോഴ്‌സ് ആരംഭിച്ചത് ജില്ലയുടെ ആരോഗ്യ മേഖലയ്ക്ക് ചരിത്ര നിമിഷമാണെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. 

ഉക്കിനടുക്കയിലെ കാസർകോട് ഗവ. മെഡിക്കൽ കോളെജിൽ പുതിയതായി ആരംഭിച്ച എം.ബി.ബി.എസ് കോഴ്‌സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 'കാസർകോട് എന്താ കേരളത്തിൽ അല്ലേ? ഇവിടെ എന്ന് മെഡിക്കൽ കോളജ് സാധ്യമാകും? കേരളത്തിലെ ആരോഗ്യ മേഖല ഇനി എങ്ങനെ മുന്നോട്ട്?' തുടങ്ങി കാലങ്ങളായി കാസർകോട് നിന്ന് കേട്ട ചോദ്യങ്ങൾക്കും ആശങ്കകൾക്കും ഉള്ള ഉത്തരം കൂടിയാണ് ഈ മുഹൂർത്തമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Minister Veena George inaugurating Kasaragod Medical College MBBS course

നാല് മാസത്തിനുള്ളിൽ ആശുപത്രി ബ്ലോക്ക്; സ്പെഷ്യാലിറ്റി സെന്റർ വരും

കാസർകോട് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയുടെ ഒരു ബ്ലോക്ക് നാല് മാസത്തിനുള്ളിൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. സർക്കാർ മെഡിക്കൽ കോളേജിൽ എൻഡോസൾഫാൻ ദുരിത ബാധിതർക്ക് വേണ്ടി കേരളത്തിൽ ഏറ്റവും മികച്ച സ്പെഷ്യാലിറ്റി സെന്റർ തുടങ്ങുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ഈ സ്പെഷ്യാലിറ്റി സെന്ററിൽ ഫിസിയോ തെറാപ്പി, ഒക്കുപേഷണൽ തെറാപ്പി സൗകര്യങ്ങൾ കൂടി ഒരുക്കുമെന്നും അവർ വ്യക്തമാക്കി.

മുഴുവൻ ജില്ലകളിലും മെഡിക്കൽ കോളേജ്

കാസർകോട്, വയനാട് സർക്കാർ മെഡിക്കൽ കോളേജുകൾ കൂടി അനുവദിച്ചതോടെ മുഴുവൻ ജില്ലകളിലും മെഡിക്കൽ കോളേജുകളും നേഴ്‌സിങ് കോളേജുകളുമുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് മന്ത്രി പറഞ്ഞു. നാഷണൽ മെഡിക്കൽ കമ്മിഷൻ അംഗീകാരം ലഭിക്കാൻ മാനദണ്ഡങ്ങൾ ഓരോന്നും പാലിച്ച് മുന്നേറുക എന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നുവെങ്കിലും അത് സാധിച്ചു. 

ഇത് ഒരു കൂട്ടായ്മയുടെ വിജയമാണെന്നും 2013-ൽ സ്ഥലം കൈമാറിയതുമുതൽ 2016-ൽ നിർമ്മാണം തുടങ്ങിയപ്പോൾ മുതൽ തുടങ്ങിയ പ്രവർത്തനത്തിന്റെ ഭാഗമായ മുഴുവൻ ആളുകളോടും മന്ത്രി നന്ദി പറഞ്ഞു.

2020-ൽ കോവിഡ് (COVID-19) കാലത്ത് കർണാടക അതിർത്തി അടച്ചപ്പോൾ മുഖ്യമന്ത്രിയുടെ നിശ്ചയദാർഡ്യത്തിൽ അക്കാദമിക് ബ്ലോക്കിൽ കോവിഡ് ആശുപത്രിയാക്കിയിരുന്നു. 273 അധ്യാപക അനധ്യാപക തസ്തികകൾ സൃഷ്ടിച്ചു. നിലവിൽ കിഫ്ബിയിൽ നിന്ന് 160 കോടി രൂപ അനുവദിച്ചു. ലാബ് സെറ്റ് ചെയ്യാൻ കാസർകോട് വികസന പാക്കേജിൽ തുക അനുവദിക്കുകയും ചെയ്തു. 

Minister Veena George inaugurating Kasaragod Medical College MBBS course

ജില്ലാ ആശുപത്രിയിൽ ആരംഭിച്ച കാത്ത് ലാബിൽ ഇത് വരെ 1837 പ്രൊസീഡ്യറുകൾ നടന്നു എന്നത് സന്തോഷം നൽകുന്നുണ്ടെന്നും വൈകാതെ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും കാത്ത് ലാബ് സൗകര്യം ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പഠനത്തിൽ ശ്രദ്ധ കൊടുത്ത് ഭാവിയിൽ മികച്ച ഡോക്ടർമാരായി സമൂഹത്തിനും സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടി നിലകൊള്ളമെന്ന് അഡ്മിഷൻ നേടിയ വിദ്യാർഥികളോട് മന്ത്രി പറഞ്ഞു.

ആദ്യ ബാച്ചിൽ നാൽപ്പത് വിദ്യാർത്ഥികൾ

മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കെ.വി. വിശ്വനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു. 

എം.എൽ.എമാരായ സി.എച്ച് കുഞ്ഞമ്പു, എ.കെ.എം. അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പദൂർ, കെ.ഡി.പി സ്പെഷ്യൽ ഓഫീസർ വി. ചന്ദ്രൻ, ബദിയടുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ബാസ്, എൻമകജെ പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ്. സോമശേഖര, വാർഡ് മെമ്പർ ജ്യോതി, നിർമിതി കേന്ദ്രം മാനേജിംഗ് ഡയറക്ടർ രാജ്മോഹൻ, കാസർകോട് ഡി.എം. ഒ ഡോ.എ.വി രാം ദാസ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. 

Minister Veena George inaugurating Kasaragod Medical College MBBS course

ജില്ലാ കളക്ടർ കെ. ഇമ്പശേഖർ സ്വാഗതവും ഗവ: മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പി.എസ് ഇന്ദു നന്ദിയും പറഞ്ഞു. കാസർകോട് മെഡിക്കൽ കോളേജിൽ ആരംഭിച്ച ആദ്യ ബാച്ചിൽ ഇതുവരെ നാൽപ്പത് പേരാണ് പ്രവേശനം നേടിയത്. ആദ്യ ബാച്ചിൽ കാസർകോട് ജില്ലയിലെ പാണത്തൂർ സ്വദേശി അഷിക രാജ് എ.ആർ ഇടം പിടിച്ചു.

കാസർകോടിന്റെ ആരോഗ്യ മേഖലയിലെ ഈ സുപ്രധാന മുന്നേറ്റത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുക. 


Article Summary: Kasaragod Government Medical College inaugurates MBBS course; Minister promises hospital block in four months and a Specialty Centre for Endosulfan victims.

#Kasaragod #MedicalCollege #MBBSInauguration #VeenaGeorge #HealthKerala #EndosulfanVictims

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia