സർക്കാർ ആരോഗ്യ പാക്കേജുകൾ: കാസർകോട് മാറുന്നു

● എട്ട് കോടി രൂപയുടെ അത്യാധുനിക കാത് ലാബ് പ്രവർത്തനം തുടങ്ങി.
● 'ഹൃദ്യം' പദ്ധതിയിലൂടെ 413 കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ.
● കാസർകോട് മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ.
● 64 സബ് സെൻ്ററുകൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി.
● 13 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ചു.
● കിഫ്ബി പദ്ധതികളിലൂടെ പുതിയ ഐസൊലേഷൻ വാർഡുകൾ നിർമ്മിച്ചു.
കാസർകോട്: (KasargodVartha) കഴിഞ്ഞ നാല് വർഷത്തിനിടെ കാസർകോട് ജില്ലയിലെ ആരോഗ്യമേഖലയിൽ സംസ്ഥാന സർക്കാർ ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. സർക്കാരിൻ്റെ സമഗ്രമായ പദ്ധതി വിഹിതം ഉപയോഗിച്ചുകൊണ്ട് നടപ്പിലാക്കിയ നിരവധി വികസന പ്രവർത്തനങ്ങൾ ജില്ലയുടെ പൊതുജനാരോഗ്യ രംഗത്ത് പുതിയ അധ്യായം എഴുതിച്ചേർത്തു.
ആധുനിക ചികിത്സാ സൗകര്യങ്ങൾ:
എട്ട് കോടി രൂപ ചിലവിൽ നിർമ്മിച്ച അത്യാധുനിക കാത് ലാബ് സംവിധാനം ജില്ലയുടെ ഹൃദയാരോഗ്യ മേഖലയ്ക്ക് വലിയ മുതൽക്കൂട്ടായി. ആൻജിയോഗ്രാം, ആൻജിയോ പ്ലാസ്റ്റി, ഏഴ് ബെഡുകളോടുകൂടിയ സി.സി.യു. സൗകര്യം എന്നിവയെല്ലാം ഈ കാത് ലാബിന്റെ പ്രത്യേകതകളാണ്. ജന്മനാ ഹൃദയ വൈകല്യമുള്ള 18 വയസ്സുവരെയുള്ള കുട്ടികൾക്കായി കേരള സർക്കാർ നടപ്പിലാക്കുന്ന 'ഹൃദ്യം' പദ്ധതിയിലൂടെ ജില്ലയിലെ 413 കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. ഇത് നിരവധി കുടുംബങ്ങൾക്ക് ആശ്വാസമായി.
സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ:
കാസർകോട് മെഡിക്കൽ കോളേജിൽ നെഫ്രോളജി, ന്യൂറോളജി, റൂമറ്റോളജി തുടങ്ങിയ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങളും വിവിധ സ്പെഷ്യാലിറ്റി ഒ.പി. സേവനങ്ങളും ആരംഭിച്ചത് ജില്ലക്കാർക്ക് വലിയ ആശ്വാസമാണ്. ഇതിനുപുറമെ, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സ്പെഷ്യൽ ന്യൂ ബോൺ കെയർ യൂണിറ്റ്, സി.എസ്.എസ്.ഡി., പീഡിയാട്രിക് വാർഡ് എന്നിവയും ബ്രോങ്കോസ്കോപ്പി സേവനം, കാർഡിയോളജി, ന്യൂറോളജി തുടങ്ങിയ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങളും ഇ.ഇ.ജി. മെഷീൻ സേവനവും ആരംഭിച്ചു. ജനറൽ ആശുപത്രിയിൽ ഇ.സി.ആർ.പി.യിലൂടെ 63 ലക്ഷം രൂപ വിനിയോഗിച്ച് പീഡിയാട്രിക് യൂണിറ്റ് സജ്ജീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
ഗ്രാമീണ ആരോഗ്യ മേഖലയിലെ വളർച്ച:
കേരള സർക്കാരിന്റെ പദ്ധതി വിഹിതത്തിൽനിന്ന് അനുവദിച്ച 37 ലക്ഷം രൂപ ഉപയോഗിച്ച് സാമൂഹികാരോഗ്യ കേന്ദ്രം പെരിയ, താലൂക്ക് ആശുപത്രി മംഗൽപാടി എന്നിവിടങ്ങളിൽ അത്യാധുനിക ഐസൊലേഷൻ വാർഡുകൾ നിർമ്മിച്ചു. കൂടാതെ, 36 ലക്ഷം രൂപ വീതം വിനിയോഗിച്ച് ജില്ലയിലെ 05 സാമൂഹികാരോഗ്യ കേന്ദ്രങ്ങളെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം.) വഴി അനുവദിച്ച ഏഴ് ലക്ഷം രൂപ വീതം ഉപയോഗിച്ച് ജില്ലയിലെ 64 സബ് സെൻ്ററുകളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്തു.
ദേശീയ അംഗീകാരങ്ങൾ:
സർക്കാർ ആശുപത്രികളെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന എൻ.ക്യു.എ.എസ്. അക്രഡിറ്റേഷൻ്റെ ഭാഗമായി ഈ കാലയളവിൽ ജില്ലയിലെ 13 ആരോഗ്യ സ്ഥാപനങ്ങൾക്ക് അംഗീകാരം ലഭിച്ചു. 20 സ്ഥാപനങ്ങൾക്ക് കായകല്പ പുരസ്കാരവും 11 സ്ഥാപനങ്ങൾക്ക് കാഷ് അംഗീകാരവും കാസർകോട് ജനറൽ ആശുപത്രിക്ക് കുഞ്ഞിനും അമ്മയ്ക്കും സൗഹൃദപരമായ ആശുപത്രി അംഗീകാരവും ലഭിച്ചത് ജില്ലയുടെ ആരോഗ്യമേഖലയ്ക്ക് വലിയ നേട്ടമാണ്.
വികസന പാക്കേജുകളും കിഫ്ബി പദ്ധതികളും:
കാസർകോട് വികസന പാക്കേജിലൂടെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി നിരവധി വികസന പ്രവർത്തനങ്ങളാണ് ഈ കാലയളവിൽ നടന്നിട്ടുള്ളത്. കാസർകോട്, കാഞ്ഞങ്ങാട് പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ 1.25 കോടി രൂപയുടെ സീവെജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ് നിർമ്മിച്ചു. അഞ്ച് നിയോജക മണ്ഡലങ്ങളിലെയും 21 കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കും ആർദ്രം നിലവാരത്തിലുള്ള എല്ലാവിധ ആരോഗ്യ സേവനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ കെട്ടിട സമുച്ചയങ്ങൾക്കായി 31.39 കോടി രൂപയാണ് ചെലവഴിച്ചത്. കാസർകോട് മെഡിക്കൽ കോളേജിനായി 29 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ജീവനക്കാരുടെ ക്വാർട്ടേഴ്സിൻ്റെ ശിലാസ്ഥാപനവും കഴിഞ്ഞു.
ഉദുമ നിയോജക മണ്ഡലത്തിന് കീഴിലെ അഡൂർ, ചട്ടഞ്ചാൽ, പള്ളിക്കര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് വേണ്ടി കാസർകോട് വികസന പാക്കേജ് യഥാക്രമം 1 കോടി രൂപ, 1.75 കോടി രൂപ, 33.5 ലക്ഷം രൂപ ചെലവിട്ട് അത്യാധുനിക ഭൗതിക സൗകര്യങ്ങളോടുകൂടിയ കെട്ടിടങ്ങൾ നിർമ്മിച്ച് പ്രവർത്തനം ആരംഭിച്ചു. ബന്തടുക്ക പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു വേണ്ടിയുള്ള 1.83 കോടി രൂപയുടെ കെട്ടിട നിർമ്മാണം പുരോഗമിക്കുകയാണ്.
കിഫ്ബിയുടെ നേതൃത്വത്തിൽ ആരോഗ്യ മേഖലയിൽ കാഞ്ഞങ്ങാട് നിയോജകമണ്ഡലം പരിധിയിലെ പൂടംകല്ല് താലൂക്ക് ആശുപത്രിക്കായി 1.25 കോടി രൂപയുടെ ഐസൊലേഷൻ വാർഡിൻ്റെ പണി പുരോഗമിക്കുന്നു. അതിനുപുറമേ 86 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഡയാലിസിസ് കേന്ദ്രവും ഇവിടെ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. കോവിഡ് കാലങ്ങളിലും മറ്റ് പകർച്ചവ്യാധികളുടെ സമയങ്ങളിലും രോഗികൾക്ക് സുരക്ഷിതമായ ചികിത്സ ഉറപ്പുവരുത്തുന്നതിനായി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം പെരിയയിൽ 1.58 കോടി രൂപയുടെ ചിലവിൽ ഐസൊലേഷൻ വാർഡും മംഗൽപാടി താലൂക്ക് ആശുപത്രിയിൽ 1.80 കോടി രൂപ ചെലവിട്ട് ഐസൊലേഷൻ വാർഡും നിർമ്മിച്ച് പ്രവർത്തനസജ്ജമാക്കി. തൃക്കരിപ്പൂർ നിയോജകമണ്ഡലം പരിധിയിൽ 1.80 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന ഐസൊലേഷൻ വാർഡിൻ്റെ പണി പുരോഗമിക്കുന്നു.
മംഗൽപാടി താലൂക്ക് ആശുപത്രിക്ക് വേണ്ടി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 17.47 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിൻ്റെയും ബേഡകം താലൂക്ക് ആശുപത്രിക്ക് നിർമ്മിക്കുന്ന 13.22 കോടി രൂപയുടെ കെട്ടിട നിർമ്മാണത്തിനായുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. സംസ്ഥാന പദ്ധതി വിഹിതം 2 കോടി രൂപ വീതം ഉപയോഗിച്ചുകൊണ്ട് വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങളും ജില്ലയിൽ നടപ്പാക്കിയിട്ടുണ്ട്. നബാർഡും (7 കോടി), കാസർകോട് വികസന പാക്കേജും (3.5 കോടി) സംയുക്തമായി കാസർകോട് പൊതു ആരോഗ്യ കേന്ദ്രത്തിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നു. നബാർഡ് ബേഡഡുക്ക താലൂക്ക് ആശുപത്രിക്ക് വേണ്ടി 2.37 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഒ.പി., ഐ.പി. വകുപ്പുകൾക്ക് വേണ്ടിയുള്ള പ്രവർത്തികൾ നടക്കുന്നു.
കേരള സർക്കാരിൻ്റെ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ 50 ലക്ഷം രൂപ ചിലവിൽ ആധുനിക നിലവാരത്തോട് കൂടിയ സ്പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റും, 2.85 കോടി രൂപ ചെലവിൽ നിർമ്മിച്ച ആധുനിക ഓപ്പറേഷൻ തീയേറ്ററോടുകൂടിയ സ്ത്രീകളുടെയും കുട്ടികളുടെ ആശുപത്രിയും പ്രവർത്തിക്കുന്നുണ്ട്. പൂടംകല്ലിൽ ഒരു കോടി രൂപ ചിലവിൽ നിർമ്മിച്ച, ലക്ഷ്യനിലവാരത്തിൽ പൂർത്തീകരിച്ച മലയോരമേഖലയിലെ ആദ്യ സംരംഭമായ ലേബർ ബ്ലോക്ക്, പണി പുരോഗമിക്കുന്ന നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ലേബർ ബ്ലോക്ക്, ആർ.ഒ.പി. ഫണ്ട് 1 കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിലെ ലക്ഷ്യ നിലവാരത്തിലുള്ള ഓപ്പറേഷൻ തീയേറ്ററും വാർഡും, 86 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന കൊന്നക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിനു വേണ്ടിയുള്ള പുതിയ കെട്ടിടം എന്നിവയും നിർമ്മാണത്തിലോ പൂർത്തീകരിച്ചവയോ ആണ്.
കൂടാതെ, ഏഴ് ലക്ഷം രൂപ വീതം അനുവദിച്ച് കാഞ്ഞങ്ങാട്, മഞ്ചേശ്വരം, ഉദുമ നിയോജക മണ്ഡലങ്ങളിലെ 14 സബ് സെൻ്ററുകളെയും കാസർകോട് നിയോജകമണ്ഡലത്തിലെ 8 സബ് സെൻ്ററുകളെയും തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ 25 സബ് സെൻ്ററുകളെയും ജനകീയാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. ആരോഗ്യ മേഖലയ്ക്കായി ബജറ്റിൽ വകയിരുത്തിയ 1.80 കോടി രൂപയുടെ ജില്ലാ വാക്സിൻ സ്റ്റോർ നിർമ്മാണം പൂർത്തീകരിച്ചു. ബദിയടുക്ക സാമൂഹിക ആരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന് 36 ലക്ഷം രൂപ, നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ ആർദ്രം മിഷനിലൂടെ പെർള, പുത്തിഗെ, അംഗടിമുഗർ, ആരിക്കാടി, ബായാർ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാൻ 15.5 ലക്ഷം രൂപ, കിടപ്പുരോഗികൾ അല്ലാത്തവരുടെ ചികിത്സയ്ക്ക് ആവശ്യമായ സൗകര്യങ്ങളുടെ വിപുലീകരണത്തിന് മഞ്ചേശ്വരം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന് 37.5 ലക്ഷം രൂപ, മഞ്ചേശ്വരം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ടെൻഡർ നടപടികൾ പൂർത്തിയായ പുതിയ കെട്ടിട സമുച്ചയത്തിനുവേണ്ടി 3.84 കോടി രൂപ, പെരിയ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന് ആർ.ഒ.പി. ഫണ്ടിൽനിന്ന് 37.5 ലക്ഷം രൂപ എന്നിവയെല്ലാം ദേശീയ ആരോഗ്യ ദൗത്യം വഴി ആരോഗ്യ മേഖലയിൽ ഉണ്ടായ വലിയ പരിവർത്തനങ്ങളാണ്.
കാസർകോട് ജില്ലയിലെ ആരോഗ്യമേഖലയിലെ ഈ പുരോഗതിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Kasaragod district's health sector has seen significant four-year growth, with new facilities and services.
#KasaragodHealth, #KeralaDevelopment, #PublicHealth, #MedicalInfrastructure, #HeartyalamProject, #Healthcare