പ്രതിദിനം മുന്നൂറിലധികം രോഗികളെത്തുന്ന ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങളില്ല; കാസർകോട്ടെ ആരോഗ്യ മേഖലയിൽ കടുത്ത പ്രതിസന്ധി
● കുമ്പള ബ്ലോക്ക് ഫാമിലി ഹെൽത്ത് സെൻ്റർ കടുത്ത ശോചനീയാവസ്ഥയിലാണ്.
● 68 വർഷം പഴക്കമുള്ള ചോർന്നൊലിക്കുന്ന കെട്ടിടം കഴിഞ്ഞവർഷം അടച്ചുപൂട്ടി.
● ആശുപത്രിയിലെ കിടത്തി ചികിത്സയും നിലവിൽ പൂർണമായും നിലച്ച അവസ്ഥയിലാണ്.
● പ്രതിദിനം മുന്നൂറിലധികം രോഗികളാണ് ചികിത്സയ്ക്കായി ഇവിടെ എത്തുന്നത്.
● ആശുപത്രി വികസനത്തിനായി പ്രഖ്യാപിച്ച 5.40 കോടിയുടെ പദ്ധതി ചുവപ്പുനാടയിലാണ്.
● ജനപ്രതിനിധികളും ബ്ലോക്ക് പഞ്ചായത്തും ആശുപത്രിയെ അവഗണിക്കുന്നതായി നാട്ടുകാർ.
_റിൻസി മരിയ
കാസർകോട്: (KasargodVartha) ഭരണമാറ്റങ്ങൾക്കൊപ്പം സർക്കാരുകളും ആരോഗ്യവകുപ്പ് മന്ത്രിമാരും മാറിമാറി വരുന്നുണ്ടെങ്കിലും കാസർകോട് ജില്ലയിലെ ചലനമറ്റ് കിടക്കുന്ന ആരോഗ്യകേന്ദ്രങ്ങൾക്ക് പുതുജീവൻ ലഭിക്കുന്നില്ല. ജില്ലയിലെ മിക്ക സർക്കാർ ആരോഗ്യകേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളില്ലാതെ വെൻ്റിലേറ്ററിലും ഐ സി യുവിലുമാണ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്തുടനീളം പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുകയാണ്. മഴക്കാലം ആരംഭിച്ചതോടെ കൊതുകുജന്യ രോഗങ്ങളും ജലജന്യ രോഗങ്ങളും വലിയ ഭീഷണിയായി മാറിയ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിൻ്റെ ഈ അനാസ്ഥ. പനിച്ച് വിറച്ച് ആശുപത്രിയിൽ എത്തുന്ന രോഗികളെ പരിശോധിക്കാൻ പോലും സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ ഡോക്ടർമാരില്ല. ജില്ലയിലെ ഭൂരിഭാഗം ആരോഗ്യകേന്ദ്രങ്ങളിലും ഡോക്ടർമാരുടെ തസ്തികകളിൽ പകുതിയും ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണ്. ഈ ഒഴിവുകൾ നികത്താൻ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ല.
അവഗണന നേരിട്ട് കുമ്പള ഫാമിലി ഹെൽത്ത് സെൻ്റർ
കുമ്പളയിലെ തീരമേഖലയിൽ പ്രവർത്തിച്ചുവരുന്ന സർക്കാർ ബ്ലോക്ക് ഫാമിലി ഹെൽത്ത് സെൻ്ററിന് കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി കൊടിയ അവഗണനയാണ് നേരിടുന്നത്. ദിവസേന മുന്നൂറിൽപ്പരം രോഗികളാണ് ഈ ആശുപത്രിയെ ആശ്രയിക്കുന്നത്. രോഗികൾക്ക് തിങ്ങിനിറയാൻ പോലും ഇവിടെ മതിയായ സ്ഥലമില്ല. കടുത്ത സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുകയാണ് ഈ പഴയ ആശുപത്രി കെട്ടിടം. അതിനാൽ തന്നെ എന്നും രോഗികളുടെയും ജീവനക്കാരുടെയും വലിയ ബഹളമാണ് ഇവിടെ അനുഭവപ്പെടുന്നത്. രാവിലെ മുതൽ ഒ പി ടിക്കറ്റ് എടുക്കാനും ഡോക്ടറെ കാണാനുമായി എത്തുന്ന പാവപ്പെട്ട രോഗികൾ മണിക്കൂറുകളോളമാണ് വരിനിൽക്കുന്നത്.

വികസന പദ്ധതികൾ കടലാസിൽ മാത്രം
കാസർകോട് ബ്ലോക്ക് പഞ്ചായത്തിനാണ് ഈ ആരോഗ്യകേന്ദ്രത്തിൻ്റെ ഭരണച്ചുമതലയുള്ളത്. എന്നാൽ പതിറ്റാണ്ടുകളായി ബ്ലോക്ക് പഞ്ചായത്തിന് ഈ ആശുപത്രിയുടെ വികസനത്തിനായി ക്രിയാത്മകമായി യാതൊന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. കുറേ പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിച്ച് കാത്തിരിക്കുക മാത്രമാണ് ബ്ലോക്ക് പഞ്ചായത്ത് ചെയ്യുന്നത്. നേരത്തെ 14 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചപ്പോൾ അതിലെ 40 ശതമാനം സംസ്ഥാന സർക്കാർ വിഹിതമായി വഹിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. എന്നാൽ മുൻ സർക്കാർ ഇതിന് തയ്യാറായില്ല. പിന്നീട് 5.40 കോടി രൂപയുടെ പുതിയ പദ്ധതി അനുവദിച്ചതായി പറയാൻ തുടങ്ങിയിട്ട് നാളേറെയായെങ്കിലും ഇതും ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്. പദ്ധതികൾക്ക് കോടികൾ അനുവദിച്ചുവെന്ന് കാണിച്ച് പത്രക്കുറിപ്പുകൾ ഇറക്കുന്നതല്ലാതെ യാതൊരു തുടർനടപടികളും എവിടെയും ഉണ്ടാകുന്നില്ല.
എച്ച് വൺ എൻ വൺ ഉൾപ്പെടെയുള്ള വലിയ രോഗഭീഷണിയാണ് ജില്ല ഇപ്പോൾ നേരിടുന്നത്. എന്നിട്ടും രോഗം പിടിപെടുന്നതിൽ ജാഗ്രത പുലർത്താൻ മാത്രമാണ് ഡി എം ഒ ആവശ്യപ്പെടുന്നത്. മികച്ച ചികിത്സയ്ക്ക് സംവിധാനമൊരുക്കാൻ ആരോഗ്യവകുപ്പ് അധികൃതർക്ക് കഴിയുന്നില്ല. അത് സമ്മർദ്ദം ചെലുത്തി നേടിയെടുക്കാൻ ബ്ലോക്ക് പഞ്ചായത്തിനും സാധിക്കുന്നില്ല. സ്ഥലത്തെ ജനപ്രതിനിധികൾ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിൽ പൂർണമായി പരാജയപ്പെട്ടുവെന്ന വിമർശനം നാട്ടുകാർക്കിടയിൽ നിലനിൽക്കുന്നുണ്ട്.
അടച്ചുപൂട്ടിയ കെട്ടിടവും നിലച്ച കിടത്തി ചികിത്സയും
മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലുള്ള ഈ ആരോഗ്യകേന്ദ്രം കഴിഞ്ഞവർഷം മുതലാണ് ബ്ലോക്ക് ഫാമിലി ഹെൽത്ത് സെൻ്റർ (നേരത്തെ സി എച്ച് സി) എന്ന് പുനർനാമകരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനം കാസർകോട് ആയതിനാൽ ആശുപത്രി വികസനത്തിന് ഒരു എംപിയുടെയും രണ്ട് എംഎൽഎമാരുടെയും സഹായം എളുപ്പത്തിൽ കിട്ടുമായിരുന്നിട്ടും ഈ ശോചനീയാവസ്ഥയ്ക്ക് നാളിതുവരെയായി ഒരു പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. ഇതിൽ നാട്ടുകാർ വലിയ പ്രതിഷേധത്തിലുമാണ്. കുമ്പള തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികൾ, സമീപപ്രദേശത്തെ കൃഷിക്കാർ, നഗരത്തിലുള്ള സർക്കാർ സ്കൂൾ ഉൾപ്പെടെയുള്ള ഏതാനും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ, നഗരത്തിലെ വ്യാപാരികൾ, ജീവനക്കാർ എന്നിവരെല്ലാം രോഗം വന്നാൽ പ്രധാനമായും ആശ്രയിക്കുന്നത് ഈ സർക്കാർ ആശുപത്രിയെയാണ്.
ആശുപത്രിയുടെ പ്രധാന കെട്ടിടത്തിന് 68 വർഷത്തെ പഴക്കമുണ്ട്. ഓട് മേഞ്ഞതും പഴക്കം ചെന്നതുമായ ഈ കെട്ടിടം ചോർന്നൊലിക്കുന്നത് മൂലം കഴിഞ്ഞവർഷം മുതൽ പൂർണമായും അടച്ചിട്ടിരിക്കുകയാണ്. ഇതിന് പുറമെ നേരത്തെ ഇവിടെ ഉണ്ടായിരുന്ന കിടത്തി ചികിത്സയും ഇപ്പോൾ ഇല്ലാത്ത അവസ്ഥയിലാണ്. എന്നിട്ടും ഇതിൻ്റെ പുനർനിർമാണത്തിനുള്ള മുറവിളി മാത്രമാണ് എങ്ങും ഉയരുന്നത്. അടിയന്തര സാഹചര്യങ്ങളിൽ എത്തുന്ന ഗർഭിണികൾക്കും വയോധികർക്കും കിടത്തി ചികിത്സ ഇല്ലാത്തത് പ്രദേശത്ത് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്.
പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Kasargod Kumbla health centre faces doctor shortage and poor facilities.
#KasaragodNews #KumblaFHC #KeralaHealth #MonsoonDiseases #PublicHealth #MalayalamNews #AnjuNews






