city-gold-ad-for-blogger

അമീബിക് മസ്തിഷ്ക ജ്വരം; പ്രതിരോധം ഊർജിതമാക്കി, കാസർകോട് ക്ലോറിനേഷൻ ക്യാമ്പയിന് തുടക്കമായി

 Inauguration of the chlorination campaign against amoebic meningoencephalitis in Kasaragod.
Photo: Special Arrangement

● ക്ലോറിനേഷൻ ശാസ്ത്രീയമായ പ്രതിരോധ മാർഗമാണ്.
● സന്നദ്ധ സംഘടന പ്രവർത്തകരുടെ സഹായം തേടി.
● ക്യാമ്പയിന് ജനങ്ങളുടെ പിന്തുണ ആവശ്യമാണെന്ന് ഡി.എം.ഒ.
● വ്യക്തിപരമായ ശുചിത്വം ഉറപ്പാക്കണമെന്ന് നിർദേശം.

കാസർകോട്: (KasargodVartha) സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വര കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നു. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 30, 31 തീയതികളിൽ നടപ്പിലാക്കുന്ന ക്ലോറിനേഷൻ ക്യാമ്പയിൻ്റെ ജില്ലാതല ഉദ്ഘാടനം പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി നിർവഹിച്ചു. കാലിക്കടവ് ഗ്രാമപഞ്ചായത്തിലായിരുന്നു ഉദ്ഘാടനം.

ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ: എ.വി.രാംദാസ് മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ വി.വി. സുലോചന അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗങ്ങളായ വി.പ്രദീപൻ, രേഷ്ണ പി. എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ എഡ്യുക്കേഷൻ & മീഡിയ ഓഫീസർ അബ്ദുൽ ലത്തീഫ് മഠത്തിൽ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ പി.വി.മഹേഷ്കുമാർ നന്ദിയും പറഞ്ഞു.

രോഗവ്യാപനം കിണറുകളിലെ വെള്ളത്തിലൂടെയും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന്, ഈ രണ്ട് ദിവസങ്ങളിൽ വീടുകളിലെയും സ്ഥാപനങ്ങളിലെയും എല്ലാ കിണറുകളും ക്ലോറിനേറ്റ് ചെയ്യും. 

ജില്ലയിൽ ആകെ 1,37,836 കിണറുകളാണ് ഉള്ളത്. ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, മറ്റ് സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവരെ ഉപയോഗിച്ചാണ് ക്ലോറിനേഷൻ പ്രവർത്തനങ്ങൾ നടത്തുന്നത്. പ്രവർത്തനങ്ങൾക്ക് വാർഡ് തലത്തിൽ ആരോഗ്യ പ്രവർത്തകർ മേൽനോട്ടം വഹിക്കും.

ജലം അണുവിമുക്തമാക്കാനുള്ള ഏറ്റവും പ്രായോഗികവും ശാസ്ത്രീയവുമായ രീതിയാണ് ക്ലോറിനേഷൻ. ഉപയോഗിക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്യുന്നതിലൂടെ അമീബിക് മസ്തിഷ്ക ജ്വരം ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങളുടെ പ്രതിരോധം സാധ്യമാക്കാം. 

രോഗം ബാധിച്ച ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരില്ലെങ്കിലും, ജലസ്രോതസ്സുകളിലൂടെയും മലിനമായ വെള്ളത്തിലൂടെയും അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ രോഗപ്രതിരോധത്തിന് വ്യക്തിപരമായ ശുചിത്വവും പൊതു ശുചിത്വവും ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.

രോഗം പടരുന്നത് തടയാൻ താഴെപ്പറയുന്ന പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണം:

● കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും ഒഴിവാക്കുക.

● വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിങ് പൂളുകളിലെയും വെള്ളം ക്ലോറിനേറ്റ് ചെയ്ത ശേഷം മാത്രം ഉപയോഗിക്കുക.

● ജലസ്രോതസ്സുകളിൽ കുളിക്കുമ്പോൾ മൂക്കിലേക്ക് വെള്ളം കയറാതെ ശ്രദ്ധിക്കുക.

● മലിനമായ ജലത്തിൽ മുങ്ങിക്കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും പൂർണമായി ഒഴിവാക്കുക.

● കിണറിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത ശേഷം മാത്രം ഉപയോഗിക്കുക.

● വെള്ളം സംഭരിക്കുന്ന ടാങ്കുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുക.

രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ഹരിത കേരളം മിഷന്റെയും സഹകരണത്തോടെ ആരോഗ്യവകുപ്പ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ടാവണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: എ.വി. രാംദാസ് അറിയിച്ചു.

 

അമീബിക് മസ്തിഷ്ക ജ്വരത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

Article Summary: Kasaragod district starts chlorination drive to prevent amoebic encephalitis.

#Health, #Kasaragod, #HealthCampaign, #AmoebicMeningoencephalitis, #Chlorination, #Kerala

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia