കളനാട് കുടുംബാരോഗ്യ കേന്ദ്രം ഇനി ആധുനിക സൗകര്യങ്ങളോടെ; പൊതുജനാരോഗ്യ സംരക്ഷണത്തിന് സി എച്ച് കുഞ്ഞമ്പു എംഎൽഎയുടെ ആഹ്വാനം
● ആധുനിക സൗകര്യങ്ങളോടുകൂടിയ രണ്ട് നില കെട്ടിടം.
● ഫിസിയോതെറാപ്പി യൂണിറ്റും പുതുതായി ആരംഭിച്ചു.
● കേരളത്തിന്റെ ആരോഗ്യരംഗം മികച്ചതെന്ന് എം.എൽ.എ.
● ഡോക്ടർമാരുടെ സ്ഥലംമാറ്റം ആരോഗ്യരംഗത്തെ ബാധിക്കുന്നു.
കളനാട്: (KasargodVartha) കേരളത്തിന്റെ പൊതു ആരോഗ്യരംഗം മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും, അത് തകർക്കാനുള്ള ശ്രമങ്ങളെ ചെറുക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ പറഞ്ഞു. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി കളനാട് കുടുംബാരോഗ്യ കേന്ദ്രത്തിനായി നിർമ്മിച്ച പുതിയ ആശുപത്രി കെട്ടിടം നാടിന് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു എം.എൽ.എ.
കേരളത്തിന്റെ ശരാശരി ആയുർദൈർഘ്യം ഇന്ത്യയുടെ മൊത്തം ആയുർദൈർഘ്യത്തേക്കാൾ കൂടുതലാണെന്നത് ആരോഗ്യരംഗത്തെ മികവിനെ ചൂണ്ടിക്കാണിക്കുന്നു. പ്രസവാനന്തര മരണനിരക്ക്, നവജാത ശിശു മരണനിരക്ക് എന്നിവ ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെ അപേക്ഷിച്ചും കുറവാണെന്നതും കേരളം ആരോഗ്യമേഖലയിൽ കൈവരിച്ച നേട്ടങ്ങളെ സൂചിപ്പിക്കുന്നു.
സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിലും കേരളം വളരെ മുന്നിലാണ്. ആരോഗ്യമേഖലയിൽ ഡോക്ടർമാരുടെ നിയമനങ്ങൾ നടക്കുന്നുണ്ടെങ്കിലും, ഡോക്ടർമാരുടെ സ്ഥലംമാറ്റം പൊതു ആരോഗ്യരംഗത്തെ ബാധിക്കുന്നുണ്ടെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി.

ഒരു മെഡിക്കൽ കോളേജ് നിർമ്മാണം പൂർത്തീകരിക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്നത് ആരോഗ്യമേഖലയിൽ വികസനം ഉണ്ടാകുന്നില്ല എന്നതിനർത്ഥമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് നിലകളിലായി, പരിശോധനാ റൂം, ഒ.പി. റൂം, ഒബ്സർവേഷൻ റൂം, ലാബ്, ഫാർമസി, സ്റ്റോർ റൂം, ഓഫീസ് റൂം, ഡ്രസിങ് റൂം, ഇ.സി.ജി. റൂം, എച്ച്.ഐ. റൂം, ഓഫ്താൽമിക് റൂം, കോൺഫറൻസ് ഹാൾ, ടോയ്ലറ്റ് സൗകര്യം, സ്റ്റെയർ റൂം എന്നിവയുൾപ്പെടെയാണ് കെട്ടിടം പൂർത്തീകരിച്ചിരിക്കുന്നത്.
881.760 മീറ്റർ സ്‌ക്വയർ ചതുരശ്ര വിസ്തീർണ്ണത്തിലുള്ള കെട്ടിടത്തിന്റെ നിർമ്മാണം രണ്ട് കോടി 39 ലക്ഷം രൂപ ചെലവിലാണ് പൂർത്തീകരിച്ചത്. പുതുതായി ആരംഭിച്ച ഫിസിയോതെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ നിർവ്വഹിച്ചു.

ചടങ്ങിൽ ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മൻസൂർ കുരിക്കൾ, സ്ഥിരം സമിതി ചെയർപേഴ്സൺ ആയിഷ അബൂബക്കർ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷംസുദ്ദീൻ തെക്കിൽ, വാർഡ് മെമ്പർ അബ്ദുൽ കലാം സഹദുല്ല, കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ വി. ചന്ദ്രൻ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോക്ടർ പി. സന്തോഷ്, ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അഹമ്മദ് കല്ലട്ര, ചന്ദ്രശേഖരൻ കുളങ്ങര, ഇ. മനോജ് കുമാർ, സുജാത രാമകൃഷ്ണൻ, മൈമൂന അബ്ദുൽ റഹ്‌മാൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കല്ലട്ര മാഹിൻ ഹാജി, ദിവാകരൻ, അബ്ദുൽ ഖാദർ കളനാട്, ചന്ദ്രൻ കൊക്കാൽ, തുളസീധരൻ ബളാനം, കെ. കൃഷ്ണൻ, തമ്പാൻ നായർ എന്നിവർ സംസാരിച്ചു.
പി.ഡബ്ല്യു.ഡി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ യമുന റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ രമ ഗംഗാധരൻ സ്വാഗതവും കളനാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ രമ്യ മോഹൻ നന്ദിയും പറഞ്ഞു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Kalanad Family Health Centre gets new building; MLA calls for health protection.
#Kalanad #FamilyHealthCentre #KeralaHealth #Kasargod #HealthcareDevelopment #MLA






