Allegation | കൈക്കൂലി അടക്കം ഗുരുതര ആരോപണങ്ങള്‍; ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍
● ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയുടേതാണ് ഉത്തരവ്.
● ഡോ. സുരേഷ് എസ് വര്‍ഗീസിന് അധിക ചുമതല നല്‍കി.
തൊടുപുഴ: (KasargodVartha) ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്. ഇടുക്കി ഡിഎംഒ ഡോ. എല്‍ മനോജിനെ (L Manoj) സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കൈക്കൂലി അടക്കം ഗുരുതര ആരോപണങ്ങളെ തുടര്‍ന്നാണ് നടപടി.
മനോജിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മനോജിനെതിരായ പരാതിയില്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയുടേതാണ് ഉത്തരവ്. നിലവിലെ ഉത്തരവ് ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്താനും നിര്‍ദേശമുണ്ട്.
മനോജിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് പരാതികള്‍ ലഭിച്ചിട്ടുള്ള സാഹചര്യത്തിലാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുന്നതെന്നാണ് ഉത്തരവിലുള്ളത്. നിലവിലെ ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫിസിലെ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ് എസ് വര്‍ഗീസിന് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധിക ചുമതല നല്‍കിയതായും ഉത്തരവിലുണ്ട്.
#IdukkiDMO #suspended #bribery #corruption #KeralaHealth #government