Mutton Curry | കൊതിയൂറുന്ന മട്ടന്‍കറി കഴിക്കാന്‍ ഇനി ഹോടെലുകളില്‍ പോകേണ്ടതില്ല; വീട്ടില്‍ തന്നെ ഉണ്ടാക്കാം
*കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകും
* സ്വാദ് കൂട്ടുന്നതിനായി ചില പൊടി കൈകള്‍ പ്രയോഗിക്കുകയും വേണം
കൊച്ചി: (KasargodVartha) നോണ്‍ വെജ് വിഭവങ്ങള്‍ ഉണ്ടാക്കാന്‍ അത്ര എളുപ്പമല്ല. ഒത്തിരി സമയവും ചേരുവകളുമെല്ലാം ഇതിന് ആവശ്യമാണ്. മാത്രമല്ല സ്വാദ് കൂട്ടുന്നതിനായി ചില പൊടി കൈകള്‍ പ്രയോഗിക്കുകയും വേണം. എന്നാല്‍ നോണ്‍ വെജ് വിഭവങ്ങള്‍ ഉണ്ടാക്കുന്നതില്‍ പ്രാഗത്ഭ്യമുള്ളവര്‍ക്ക് ഇതൊക്കെ വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതാണ്.
വെറുതേ അങ്ങ് ഉണ്ടാക്കിയാല്‍ മാത്രം പോര. അത് നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നുണ്ടോ എന്നും നോക്കണം. അത്തരത്തില്‍ ആരോഗ്യം നല്‍കുന്ന കറികളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് നല്ല നാടന്‍ മട്ടണ്‍കറി. ഇത് വീട്ടില്‍ തന്നെ തയാറാക്കിയാലോ, അതും നല്ല നാടന്‍ രുചിയില്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകും. തയാറാക്കുന്ന വിധം നോക്കാം.
ആവശ്യമുള്ള ചേരുവകള്‍
മട്ടണ്‍ - 3/4 കിലോ, വെളുത്തുള്ളി - 15 അല്ലി, പച്ചമുളക് - 2, ഉള്ളി - 1 , തക്കാളി - 1 , ഉപ്പ് - ആവശ്യത്തിന്, മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍ , മുളകുപൊടി - 1 ടീസ്പൂണ്‍, മല്ലി - അല്പം, വെള്ളം - ആവശ്യമായ അളവില്‍.
ഗ്രേവി തയാറാക്കാന്‍
എണ്ണ - 3 ടേബിള്‍സ്പൂണ്‍, പെരുംജീരകം- 1 ടീസ്പൂണ്‍, ഗ്രാമ്പൂ - 4 , കറുവപ്പട്ട - 2 കഷണങ്ങള്‍, പൈനാപ്പിള്‍ - 1, ഉള്ളി - 2, ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂണ്‍, തക്കാളി - 2, ഉപ്പ് - പാകത്തിന്, മുളകുപൊടി - 2 ടീസ്പൂണ്‍ , ഖരം മസാല - 1/2 ടീസ്പൂണ്‍.
അരയ്ക്കാന്‍
തേങ്ങ - 1/4 അടപ്പ്, കശുവണ്ടി - 10, ജീരകം - 1 ടീസ്പൂണ്‍, വെള്ളം - അല്പം
തയാറാക്കുന്ന വിധം
ആദ്യം മട്ടണ്‍ നല്ലതുപോലെ കഴുകി വൃത്തിയാക്കുക. ഒരു കുക്കറില്‍ അല്‍പം വെള്ളമൊഴിച്ച് അതിലേക്ക് മട്ടണ്‍ ചേര്‍ത്ത് വെളുത്തുള്ളി, പച്ചമുളക്, ഉള്ളി, തക്കാളി, പാകത്തിന് ഉപ്പ്, മഞ്ഞള്‍പൊടി, കറിവേപ്പില, കുറച്ച് മല്ലിയില എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കണം. ആറ് വിസിലെങ്കിലും വേണം.
തണുത്തതിന് ശേഷം കുക്കര്‍ തുറന്ന് മിക്‌സിയുടെ ജാറില്‍ തേങ്ങയും കശുവണ്ടിയും ജീരകവും കുറച്ച് വെള്ളവും ഒഴിച്ച് അരച്ചശേഷം അത് മാറ്റിവെക്കണം. ഒരു പാന്‍ അടുപ്പില്‍ വെച്ച് അതില്‍ 3 ടേബിള്‍സ്പൂണ്‍ ഓയില്‍ ഒഴിച്ച് ചൂടാകുമ്പോള്‍ കറുവപ്പട്ട, ഗ്രാമ്പൂ എന്നിവ ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക.
തുടര്‍ന്ന് ഉള്ളി ചേര്‍ത്ത് വഴറ്റിയ ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി ചേര്‍ത്ത് പാകത്തിന് ഉപ്പ് ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കണം. ഗ്രേവിക്കായി മാറ്റി വെച്ച മുളകുപൊടിയും ഖരം മസാലയും ചേര്‍ത്ത് 2 മിനുറ്റ് ഇളക്കുക.
കുക്കറില്‍ വേവിച്ച മട്ടണ്‍ മാത്രം ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കുക. മട്ടണ്‍ വേവിച്ച വെള്ളം ഒഴിച്ച് നന്നായി മൂടി 10 മിനുറ്റ് തിളപ്പിക്കാന്‍ വയ്ക്കുക. അവസാനം തേങ്ങ അരച്ചത് ചേര്‍ത്ത് 5 മിനുറ്റ് തിളപ്പിക്കുക, മുകളില്‍ മല്ലിയിലയും കറിവേപ്പിലയും വിതറുക. നല്ല കിടിലന്‍ മട്ടണ്‍ കറി തയാര്‍.