Hair Care | മഴക്കാലത്ത് മുടികൊഴിച്ചിൽ എങ്ങനെ ഒഴിവാക്കാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മുടി ചീകാൻ ഉപയോഗിക്കുന്ന ചീർപ്പും ശ്രദ്ധിക്കുക. ഗുണമേന്മയുള്ളവ മാത്രം ഉപയോഗിക്കുക
കൊച്ചി: (KasargodVartha) ചർമത്തിന്റെ (Skin) ആരോഗ്യം പോലെ മുടിയുടെ (Hair) ആരോഗ്യവും പ്രധാനമാണ്. മുടിയുടെ ആരോഗ്യം സൗന്ദര്യത്തിന്റെ ഭാഗമാണ്. നല്ല മുടികൾ ഇഷ്ടപ്പെടുന്നവരാണ് പൊതുവെ നമ്മള്‍. എന്നാൽ നല്ല പരിപാലന കുറവ് കൊണ്ടോ മറ്റോ ആരോഗ്യമുള്ള മുടി (Healthy Hair) പലര്‍ക്കും ഉണ്ടാവാറില്ല. കൂടാതെ പോഷകാഹാരക്കുറവ് (Malnutrition), ഹോർമോൺ പ്രശ്നങ്ങൾ (Hormonal problems), മാനസിക സമ്മർദം (Stress), ചില രോഗങ്ങളും മരുന്നുകളുടെ ഉപയോഗവും കാരണമെല്ലം മുടി കൊഴിച്ചിൽ ഉണ്ടാകാറുണ്ട്. പ്രസവാനന്തര മുടി കൊഴിച്ചിലും (Postpartum Hair Loss) ചില സ്ത്രീകളിൽ കണ്ട് വരാറുണ്ട്.
ഭക്ഷണത്തിൽ ശ്രദ്ധ വേണം
മഴക്കാലമായതിനാൽ (Monsoon) ചിലർക്ക് മുടി കൊഴിച്ചിൽ കൂടുതലായി കാണാറുണ്ട്. ഈർപ്പമുള്ള അന്തരീക്ഷമായതിനാൽ മഴക്കാലത്ത് ചിലയാളുകൾക്ക് മുടി കൊഴിച്ചിൽ ഉണ്ടാവാറുണ്ട്. നല്ല പരിപാലനത്തിനൊപ്പം നല്ല ഭക്ഷണവും മുടിയുടെ ആരോഗ്യത്തിൽ പ്രധാനമാണ്. ഇരുമ്പ് (Iron), പ്രോട്ടീൻ (Protein) അടങ്ങിയ ഭക്ഷണമാണ് മുടിയുടെ ആരോഗ്യത്തിന് അഭികാമ്യം. ഇലക്കറികള്‍, മുട്ട, കാരറ്റ്, ഓട്‌സ്, പയറുവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തിൽ ഉൾപെടുത്തുക. കൂടാതെ, ചെറിയ മീനും കോഴിയിറച്ചിയും നെല്ലിക്കയുമെല്ലാം മുടിയുടെ ആരോഗ്യത്തിനായി കഴിക്കാവുന്നതാണ്. അതുപോലെ ജങ്ക് ഫുഡുകൾ സ്ട്രീറ്റ് ഫുഡും പരമാവധി ഒഴിവാക്കുക.
ചില കാര്യങ്ങൾ മുടിയുടെ ആരോഗ്യത്തിന് ദോഷം ചെയ്യും
ഇടയ്ക്കിടെ എണ്ണയിട്ട മുടികൾ നന്നായി മസാജ് ചെയ്യുക. വെളിച്ചെണ്ണയോ ഒലിവ് എണ്ണയോ മസാജിനായി ഉപയോഗിക്കാം. 20 മിനിറ്റോളം മസാജ് ചെയ്യാം. മുടിയിഴകളിൽ വിരലുകൾ കടത്തി നന്നായി മസാജ് ചെയ്യാൻ ശ്രദ്ധിക്കുക. ശേഷം കഴുകി കളയാം. ശുചിത്വം മുടിയുടെ ആരോഗ്യത്തിൽ പ്രധാനമാണ്. അമിതമായി ഷാംപൂ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് ദോഷം ചെയ്യും. കെമിക്കൽ അടങ്ങിയ ഷാംപൂകൾ ഉപയോഗിക്കാതിരിക്കുക. നിങ്ങളുടെ മുടിയുടെ പ്രകൃതത്തിന് ഗുണകരമാകുന്ന ഷാംപൂ മാത്രം തിരഞ്ഞെടുത്തു ഉപയോഗിക്കാം.
പരമാവധി രണ്ട് മിനിറ്റ് വരെ മാത്രം ഷാംപൂ തലയിൽ തേച്ച് പിടിപ്പിക്കുക. ഷാംപൂ കഴുകി കളഞ്ഞ ശേഷം കണ്ടീഷനർ ഉപയോഗിക്കുന്നതും ശീലമാക്കാം. അമിതമായി കണ്ടീഷനർ മുടിക്ക് താഴെ തലയോട്ടിയിൽ ആകരുത്. മുടിയുടെ അറ്റത്താണ് കണ്ടീഷനർ തേയ്ക്കേണ്ടത്. പരാവധി മൂന്ന് മിനിറ്റിന് ശേഷം വെള്ളത്തിൽ മുടി കഴുകുക. മുടി ഉണക്കാൻ ഉപയോഗിക്കുന്ന തോർത്തും ശ്രദ്ധിക്കുക. മൈക്രോഫൈബർ കൊണ്ടുള്ള തോർത്തു മാത്രം ഉപയോഗിക്കാം. കട്ടിയുള്ള തോർത്തു മുടിക്ക് കെട്ടി വെക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല.
മുടി ചീകാൻ ഉപയോഗിക്കുന്ന ചീർപ്പും ശ്രദ്ധിക്കുക. ഗുണമേന്മയുള്ള ചീർപ്പ് മാത്രം ഉപയോഗിക്കുക. ശക്തമായി വലിച്ചു ചീകാതിരിക്കുക. അകന്ന പല്ലുകളുള്ള ചീർപ്പുകൾ ഉപയോഗിക്കുക. ദീർഘ നേരമോ ഒരുപാട് വട്ടമോ മുടി ചീകരുത്. ആവശ്യത്തിന് മാത്രം ചീർപ്പുകൾ ഉപയോഗിക്കാം. നനഞ്ഞ മുടികൾ ചീകാതിരിക്കുക. മുടികളെ നന്നായി പരിപാലിക്കുമ്പോൾ ആരോഗ്യമുള്ള മുടിയും തലയോട്ടിയും ലഭ്യമാകും. സമ്മർദമില്ലാത്ത മനസും ആഴത്തിലുള്ള ഉറക്കവും മുടിയുടെ ആരോഗ്യത്തിൽ പ്രധാനമാണ്.
അമിതമായ മുടി കൊഴിച്ചിലിന് നിരവധി കാരണങ്ങളുണ്ടാകാം, അവ നിർണയിക്കാൻ ഒരു ഡോക്ടറുടെ സഹായം തേടുന്നത് വളരെ പ്രധാനമാണ്. ഡോക്ടർക്ക് നിങ്ങളുടെ മുടി കൊഴിച്ചിലിന്റെ കാരണം കൃത്യമായി കണ്ടെത്താനും അതിനനുസരിച്ച് ചികിത്സ നിർദേശിക്കാനും കഴിയും.