Health Advice | ജനിച്ച് എത്ര നാളുകൾക്കു ശേഷം കുഞ്ഞുങ്ങളുമായി യാത്ര ചെയ്യാം? ഡോക്ടർ പറയുന്നു!

● ജനിച്ച ഉടനെ കുഞ്ഞുങ്ങളെ ഏതെങ്കിലും തരത്തിലുള്ള യാത്രകളിൽ നിന്ന് ഒഴിവാക്കണമെന്ന് ഡോ. രശ്മി ആനന്ദ് പറയുന്നു
● രണ്ട് മാസം പ്രായമാകുമ്പോൾ കുഞ്ഞിന് ചില അത്യാവശ്യ വാക്സിനുകൾ (ഹിബ്, ഡിടിപി പോലുള്ളവ) നൽകും.
● ചെറിയ കുഞ്ഞുങ്ങളുമായി യാത്ര ചെയ്യാൻ കാറാണ് ഏറ്റവും ഉചിതമെന്ന് ഡോ. രശ്മി ആനന്ദ് പറയുന്നു.
ന്യൂഡൽഹി: (KasargodVartha) നവജാത ശിശുക്കളുമായി യാത്ര ചെയ്യുക എന്നത് മാതാപിതാക്കൾക്ക് ഒരു വെല്ലുവിളിയാണ്. യാത്ര ചെയ്യുന്നത് കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ അവസ്ഥയെ കാര്യമായി ബാധിക്കും. ജനനശേഷം ഏതാനും ആഴ്ചകൾ കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
എന്നാൽ ജനിച്ചു എത്ര നാളുകൾക്കു ശേഷം കുഞ്ഞുങ്ങളുമായി യാത്ര ചെയ്യാം എന്നതിനെക്കുറിച്ച് പല മാതാപിതാക്കൾക്കും അറിവുണ്ടാവില്ല. ലഖ്‌നൗവിലെ ഗോമതിനഗറിലുള്ള ആനന്ദ് കെയർ ക്ലിനിക്കിലെ ശിശുരോഗ വിദഗ്ധ ഡോ. രശ്മി ആനന്ദ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിൽ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്.
ജനനശേഷം എത്ര നാൾ കഴിഞ്ഞു കുഞ്ഞുങ്ങളുമായി യാത്ര ചെയ്യാം?
ജനിച്ച ഉടനെ കുഞ്ഞുങ്ങളെ ഏതെങ്കിലും തരത്തിലുള്ള യാത്രകളിൽ നിന്ന് ഒഴിവാക്കണമെന്ന് ഡോ. രശ്മി ആനന്ദ് പറയുന്നു. ജനനശേഷം ആദ്യത്തെ കുറച്ച് ആഴ്ചകളിൽ കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി വളരെ കുറവായിരിക്കും. ഈ സമയം കുഞ്ഞുങ്ങൾ യാത്ര ചെയ്താൽ അത് ശ്വാസകോശ സംബന്ധമായ അണുബാധകൾക്കും മറ്റ് പലതരം രോഗങ്ങൾക്കും കാരണമാകും. ജനിച്ച ഉടനെ, ഒന്നര മാസത്തിനു ശേഷം, രണ്ടര മാസത്തിനു ശേഷം എന്നിങ്ങനെ കുഞ്ഞിന്റെ മൂന്ന് അടിസ്ഥാന വാക്സിനേഷനുകളും കഴിഞ്ഞ ശേഷം കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്യാം.
നാല് മുതൽ ആറ് ആഴ്ച പ്രായമായ കുഞ്ഞുങ്ങൾ ചെറിയ യാത്രകൾക്ക് തയ്യാറായേക്കാം, എന്നാൽ കുഞ്ഞിന് യാതൊരുവിധ അസുഖങ്ങളും ഉണ്ടാകാൻ പാടില്ല എന്നത് ശ്രദ്ധിക്കണം. രണ്ട് മാസം പ്രായമാകുമ്പോൾ കുഞ്ഞിന് ചില അത്യാവശ്യ വാക്സിനുകൾ (ഹിബ്, ഡിടിപി പോലുള്ളവ) നൽകും. അതിനുശേഷം കുഞ്ഞിന്റെ പ്രതിരോധശേഷി മെച്ചപ്പെടുന്നതോടെ അഞ്ചു മുതൽ ഏഴ് മണിക്കൂർ വരെ ദൈർഘ്യമുള്ള യാത്രകൾ നടത്താം.
യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചെറിയ കുഞ്ഞുങ്ങളുമായി യാത്ര ചെയ്യാൻ കാറാണ് ഏറ്റവും ഉചിതമെന്ന് ഡോ. രശ്മി ആനന്ദ് പറയുന്നു. കാറിൽ യാത്ര ചെയ്യുമ്പോൾ മാതാപിതാക്കൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് കുഞ്ഞിന്റെ ഡയപ്പർ മാറ്റാനും പാൽ കൊടുക്കാനും മറ്റ് കാര്യങ്ങൾ ചെയ്യാനും സാധിക്കും. കുഞ്ഞിന്റെ ആവശ്യത്തിനുള്ള പാൽ, ഡയപ്പർ, വസ്ത്രങ്ങൾ, മരുന്നുകൾ എന്നിവ കരുതുക. യാത്രയിൽ കുഞ്ഞിനെ വൃത്തിയായി സൂക്ഷിക്കാനും ചൂട് നിലനിർത്താനും പുതപ്പും സാനിറ്റൈസറും കരുതുക. ദീർഘദൂര യാത്രകളിൽ കുഞ്ഞിന്റെ ഉറക്കം, പാൽ കുടി, വിശ്രമം എന്നിവ ശ്രദ്ധിക്കുക.
നവജാത ശിശുവിനെയോ കുഞ്ഞിനെയോ എപ്പോൾ യാത്രക്ക് കൊണ്ടുപോകണം എന്നുള്ളത് പൂർണമായും മാതാപിതാക്കളുടെ തീരുമാനമാണ്. കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ശരിയായ ആസൂത്രണം, ഡോക്ടറുടെ ഉപദേശം, കുഞ്ഞിന്റെ ആവശ്യങ്ങൾ എന്നിവ ശ്രദ്ധയിൽ വെക്കുക.
#BabyTravel #ParentingTips #NewbornHealth #InfantCare #TravelWithBabies #BabyVaccination