Delicious Stew | റവയും പാലും കൊണ്ട് കിടിലന്‍ രുചിയില്‍ പായസം ഉണ്ടാക്കിയാലോ! കുറഞ്ഞ ചേരുവകള്‍ ആണെങ്കിലും ആരോഗ്യത്തിന് വളരെ നല്ലത്
*വളരെ പെട്ടെന്ന് തന്നെ തയാറാക്കാന്‍ കഴിയും
*കൂടുതലായി ചേര്‍ക്കുന്നത് നെയ്യും നട്‌സും കിസ്മിസും
കൊച്ചി: (KasargodVartha) പായസം എല്ലാവര്‍ക്കും വളരെ ഇഷ്ടമാണ്. വിശേഷ ദിവസങ്ങളില്‍ മിക്കവാറും വീടുകളില്‍ പായസം ഉണ്ടാക്കുക പതിവാണ്. എന്നാല്‍ പായസം കുടിക്കണമെന്ന് തോന്നിയാല്‍ പെട്ടെന്ന് തന്നെ തയാറാക്കാന്‍ കഴിയുന്ന ഒന്നാണ് റവയും പാലും കൊണ്ട് തയാറാക്കുന്ന അടിപൊളി പായസം. വളരെ കുറച്ച് ചേരുവകള്‍ മാത്രമേ ഇതിന് ആവശ്യമുള്ളൂ. ആരോഗ്യത്തിനും നല്ലതാണ്. മാത്രമല്ല ചെലവും കുറവാണ്.
റവയും പാലും പലപ്പോഴും വീടുകളില്‍ സ്‌റ്റോക്കുണ്ടാകുന്ന സാധനങ്ങളാണ്. വളരെ രുചികരമായ ഈ പായസം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വളരെ ഇഷ്ടമാകും. എങ്ങനെയാണ് ഇത് തയാറാക്കുന്നത് എന്ന് നോക്കാം:
ഒരു പാത്രം അടുപ്പില്‍ വെച്ച് ചൂടാക്കുക. ചൂടായി വരുമ്പോള്‍ ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് ചേര്‍ക്കുക. നെയ്യിലേക്ക് കാല്‍ കപ്പ് വറുത്ത റവ ചേര്‍ത്ത് ഇളക്കുക. ചെറിയ ചൂടില്‍ വെച്ച് ഒരു മിനിറ്റോളം നെയ്യില്‍ റവ വറുത്തെടുക്കുക. മൂത്തു വന്ന റവയിലേക്ക് അര ലിറ്റര്‍ പാല്‍ ചേര്‍ത്ത് ഇളക്കുക. നല്ല പോലെ ഇളക്കി പാല്‍ തിളപ്പിക്കുക. പാല്‍ തിളച്ചു വരുമ്പോള്‍ റവ കുറുകി വരുന്നതാണ്. പാലിലേക്ക് നാല് അല്ലി ഏലക്ക ചതച്ചതും കൂടി ചേര്‍ത്ത് മിക്സാക്കുക. പായസത്തിന് ആവശ്യത്തിന് മധുരം ചേര്‍ത്തിളക്കുക. പായസം കുറുകി വരുമ്പോള്‍ തീ ഓഫ് ചെയ്യുക.
അതിനുശേഷം മറ്റൊരു പാത്രം അടുപ്പില്‍ വെച്ച് ചൂടാക്കുക. ചൂടായി വന്ന പാത്രത്തിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് ചേര്‍ക്കുക. നെയ്യിലേക്ക് അര കപ്പ് കാരറ്റ് പൊടിയായി അരിഞ്ഞത് ചേര്‍ത്ത് വറുക്കുക. വറുത്തെടുത്ത കാരറ്റിലേക്ക് കുറച്ചു നട്‌സും കിസ്മിസും കൂടി ചേര്‍ത്ത് നെയ്യില്‍ വറുക്കുക. എല്ലാം നല്ല പോലെ മൂത്തുവന്നാല്‍ തീ ഓഫ് ചെയ്ത് പായസത്തിലേക്ക് ചേര്‍ക്കുക.
പായസത്തിലേക്ക് കാരറ്റ് മിക്സും ചേര്‍ത്ത് നല്ല പോലെ യോജിപ്പിക്കുക. രുചികരമായ റവ പാല്‍ പായസം റെഡി. വളരെ എളുപ്പത്തില്‍ തയാറാക്കാവുന്നതിനാല്‍ എല്ലാവര്‍ക്കും ഇത് ചെയ്തുനോക്കാവുന്നതാണ്.