Chicken Masala | മായം ചേര്‍ത്തതെന്തിന് കടയില്‍ നിന്നും വാങ്ങണം? അടിപൊളി ടേസ്റ്റില്‍ നാടന്‍ രീതിയില്‍ വറുത്ത് പൊടിച്ച കിടിലന്‍ ചികന്‍ മസാല വീട്ടില്‍ തന്നെ തയാറാക്കാം
*പാകറ്റുകളില്‍ രാസപദാര്‍ഥങ്ങള്‍ ചേര്‍ത്തിരിക്കാം
* ആരോഗ്യത്തിന് ദോഷകരമായി ബാധിക്കും
കൊച്ചി: (KasargodVartha) ഭക്ഷണം പാകം ചെയ്യുമ്പോള്‍ രുചി കൂട്ടാന്‍ മസാലകള്‍ കൂടിയേ തീരൂ. പലരും ഇതിനായി കടകളെ ആശ്രയിക്കാറാണ് പതിവ്. സാമ്പാര്‍ പൊടി, ചികന്‍ മസാല, ബിരിയാണി മസാല, ഫിഷ് മസാല, ഖരം മസാല, മുട്ട മസാല എന്നുവേണ്ട എല്ലാതരം മസാലപ്പൊടികളും ദിവസവും നമ്മള്‍ ഉപയോഗിക്കുന്നതാണ്. എന്നാല്‍ ഇവയെല്ലാം കടയില്‍ നിന്നും വാങ്ങുകയാണ് പലരും ചെയ്യുന്നത്.
ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും. കാരണം പാകറ്റ് മസാലകള്‍ വാങ്ങുമ്പോള്‍ അതില്‍ രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കാന്‍ സാധ്യതയുണ്ട്. കറികള്‍ക്ക് രുചി കിട്ടുമെങ്കിലും ആരോഗ്യം നശിക്കുകയാണ് ഇതുവഴി ചെയ്യുന്നത്. അതുകൊണ്ടുതന്നെ പറ്റുന്നത് നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ നോക്കാം.
ഇത്തരത്തില്‍ നമുക്ക് നല്ല അടിപൊളി ടേസ്റ്റില്‍ ഒരു കിടിലന്‍ ചികന്‍ മസാല തയാറാക്കി നോക്കാം. വീട്ടില്‍ തന്നെ നല്ല നാടന്‍ രീതിയില്‍ വറുത്ത് പൊടിച്ചാണ് ഇത് ഉണ്ടാക്കുന്നത്. മാംസ വിഭവങ്ങള്‍ക്ക് മാത്രമല്ല നല്ല വെജിറ്റേറിയന്‍ കറികള്‍ക്കും ഇത്തരം മസാലകള്‍ ഉപയോഗിക്കാവുന്നതാണ്. വീട്ടില്‍ തയാറാക്കുന്നത് കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുന്നില്ല എന്നുതന്നെ പറയാം.
മസാലക്കൂട്ടുകള്‍ തയാറാക്കുന്ന വിധം
ആവശ്യമുള്ള ചേരുവകള്‍
3 ടീസ്പൂണ്‍ മല്ലി, 1 ടീസ്പൂണ്‍ ജീരകം, 1 ടീസ്പൂണ്‍ കടുക് ,½ ടീസ്പൂണ്‍ ഉലുവ, ½ ടീസ്പൂണ്‍ കുരുമുളക്, 1 ടീസ്പൂണ്‍ പെരുംജീരകം, 3-4 കറുവപ്പട്ട ഇലകള്‍, 6-7 ഗ്രാമ്പൂ, 6-7 ഏലയ്ക്ക, ¼ ജാതിക്ക, 2 കറുവപ്പട്ട, 1 ടീസ്പൂണ്‍ പോപ്പി വിത്തുകള്‍, 7-8 കശുവണ്ടി, 8-10 ഉണക്കമുളക്, 1 ടീസ്പൂണ്‍ കശ്മീരി മുളക് പൊടി, ¼ ടീസ്പൂണ്‍ മഞ്ഞള്‍ പൊടി, 1 ടീസ് പൂണ്‍ ഇഞ്ചി പൊടിച്ചത്, 2 ടീസ് പൂണ്‍ വെളുത്തുള്ളി പൊടിച്ചത്, ½ ടീസ്പൂണ്‍ ഉപ്പ്, കറിവേപ്പില, മല്ലിയില.
തയാറാക്കുന്ന വിധം:
മുകളില്‍ പറഞ്ഞ ചേരുവകള്‍ എല്ലാം കൂടി ഒരു പാനില്‍ ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. ആദ്യം ഇലകളെല്ലാം നല്ലതുപോലെ വറുത്തെടുക്കാം. പതുക്കെ പതുക്കെ ഓരോ ചേരുവകള്‍ എടുത്ത് വറുത്തെടുക്കാവുന്നതാണ്. ഇതെല്ലാം ഇളം ചൂടില്‍ ഒരു മിക്സര്‍ ഗ്രൈന്‍ഡറില്‍ ഇട്ട് പൊടിച്ചെടുക്കുക. നല്ല മണവും രുചിയും ഉള്ള ചികന്‍ മസാല റെഡി. വായു കടക്കാത്ത ഒരു കണ്ടൈനറില്‍ ഇത് സൂക്ഷിച്ച് വെക്കാം.