Ruling | 'ഷവര്‍മ' പാര്‍സല്‍ കൊടുക്കുന്നുണ്ടോ? എങ്കില്‍ തയ്യാറാക്കിയ സമയവും, തീയതിയും രേഖപ്പെടുത്തണം: ഹൈകോടതി ഉത്തരവ് ഭക്ഷ്യസുരക്ഷാ വകുപ്പിനും, ഹോട്ടലുകള്‍ക്കും തലവേദനയാവും

● ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഭക്ഷ്യ വകുപ്പ് ഉറപ്പാക്കിയില്ല.
● വളരെ പ്രാധാന്യമുള്ള പൊതു വിഷയത്തിലെ ഹര്‍ജിയെന്ന് കോടതി.
● കോടതി ചിലവായ 25000 രൂപ ഹരജിക്കാരിക്ക് നല്‍കാനും കോടതി നിര്‍ദേശം.
കാസര്‍കോട്: (KasargodVartha) പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ 'ഷവര്‍മ' കഴിച്ചതിന് പിന്നാലെ മരിച്ച സംഭവത്തില്‍ ഹൈകോടതിയുടെ കര്‍ക്കശ നിര്‍ദേശം ഭക്ഷ്യസുരക്ഷാ വകുപ്പിനും, ഹോട്ടലുടമകള്‍ക്കും തലവേദനയാവും. ഇനിമുതല്‍ ഷവര്‍മ പാര്‍സലായി നല്‍കുമ്പോള്‍ തയ്യാറാക്കിയ തീയതിയും, സമയവും കൃത്യമായി പാക്കറ്റുകളില്‍ രേഖപ്പെടുത്തണമെന്നാണ് ഹൈകോടതി നിര്‍ദേശം. ഇത് കര്‍ശനമായി പാലിക്കണമെന്ന് ഹൈകോടതി ഭക്ഷ്യസുരക്ഷാ വകുപ്പിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഭക്ഷ്യ വകുപ്പ് ഉറപ്പാക്കാത്തതാണ് തന്റെ മകളുടെ മരണത്തിന് കാരണമെന്ന് കാണിച്ച് മാതാവ് നല്‍കിയ പരാതി തീര്‍പ്പാക്കികൊണ്ടാണ് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. വളരെ പ്രാധാന്യമുള്ള പൊതു വിഷയം ചൂണ്ടിക്കാട്ടി അഗാധമായ ദുഃഖത്തിനിടയിലും ഹര്‍ജി നല്‍കാന്‍ മന:ശക്തി കാട്ടിയതിന് ഹര്‍ജിക്കാരിയായ മാതാവിനെ കോടതി അഭിനന്ദിക്കുകയും ചെയ്തു. കോടതി ചിലവായ 25000 രൂപ ഹരജിക്കാരിക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു.
2022ല്‍ ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ചതിന് പിന്നാലെയാണ് ഭക്ഷ്യവിഷബാധയേറ്റ് കരിവെള്ളൂര്‍ പിലിക്കോട് മട്ടലായി സ്വദേശിനി ദേവനന്ദ (16) മരിച്ചത്. ജില്ലയില്‍ വര്‍ധിച്ചുവരുന്ന ഫാസ്റ്റ് ഫുഡ് കടകളില്‍ ഇപ്പോള്‍ ഷവര്‍മ കച്ചവടം പൊടിപൊടിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളും യുവാക്കളുമാണ് ഏറെയും ഉപഭോക്താക്കള്‍. ഇനി ഇവര്‍ക്ക് ഷവര്‍മ പാര്‍സലായി നല്‍കുമ്പോള്‍ പാക്കറ്റുകളില്‍ തീയതി രേഖപ്പെടുത്തുന്ന സ്റ്റിക്കര്‍ പതിപ്പിച്ചു വേണം നല്‍കാന്‍. അല്ലാത്തപക്ഷം ഭക്ഷ്യവകുപ്പിന്റെ പിഴ അടക്കമുള്ള ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും.
#shawarma #foodsafety #kerala #highcourt #foodpoisoning #foodlabeling