Healthy Salads | തടി കുറയാന്‍ സാലഡുകള്‍ കഴിച്ചുനോക്കൂ; ഉടനടി ഫലം ലഭിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട
*ആപ്പിളും മാതളനാരങ്ങയും പരീക്ഷിച്ച് നോക്കൂ
*മുട്ടയും വളരെ മികച്ചതാണ്
കൊച്ചി: (KasargodVartha) മെലിഞ്ഞ ശരീര പ്രകൃതിയുള്ളവര്‍ തടി കൂടാന്‍ ആഗ്രഹിക്കുമ്പോള്‍ തടി ഉള്ളവര്‍ മെലിയാനാണ് ആഗ്രഹിക്കുന്നത്. ഇതിന് വേണ്ടി അവര്‍ പല വിദ്യകളും പരീക്ഷിച്ച് നോക്കും, ഫലം ഉണ്ടാകില്ലെന്ന് മാത്രം. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അമിതവണ്ണം ഒരു വെല്ലുവിളി തന്നെയാണ്.
ചിലര്‍ തടി കുറയാനായി വളരെ കുറച്ച് ഭക്ഷണം കഴിക്കുന്നവരാണെങ്കിലും വണ്ണം കൂടി വരുന്നത് അവരെ അലട്ടുന്നു. ഇത് ആരോഗ്യത്തിനും ചില സമയങ്ങളില്‍ പ്രയാസം ഉണ്ടാക്കാറുണ്ട്. ഒരുപാട് അസുഖങ്ങളും അവരെ അലട്ടുന്നത് പതിവാണ്. വണ്ണം കൂടിയതിനേക്കാള്‍ ബുദ്ധിമുട്ടാണ് അത് കുറച്ചെടുക്കാന്‍. അമിത വണ്ണം കാരണം പലപ്പോഴും നമുക്ക് ഇഷ്ടപ്പെട്ട കാര്യം പോലും ചെയ്യാന്‍ സാധിക്കാറില്ല. പെട്ടെന്ന് ജോലി ചെയ്യാനോ നടക്കാനോ ഒന്നും പറ്റാറില്ല.
അമിതവണ്ണം കുറയ്ക്കുന്നതിനായി കലോറി കൂടിയ വറുത്ത ഭക്ഷണങ്ങളും വിഭവങ്ങളും ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്. മാത്രമല്ല കഴിക്കുന്ന ഓരോ ഭക്ഷണത്തിലും വളരെയധികം ശ്രദ്ധയും വേണം. അതുപോലെ തന്നെ കഴിക്കുന്ന ചില രുചികരമായ ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ട അവസ്ഥയും ഉണ്ടാവുന്നുണ്ട്. ഇതിനുള്ള ഏക പോംവഴി എന്നുള്ളത് ആരോഗ്യകരമായ സാലഡുകള്‍ ഭക്ഷണത്തില്‍ ഉള്‍പെടുത്തുക എന്നതാണ്. ആരോഗ്യകരമായ സാലഡുകള്‍ കഴിക്കുന്നതിലൂടെ വലിയ രീതിയില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതില്‍ പ്രധാനമാണ് ഈ അഞ്ച് സാലഡുകള്‍. അവ എന്തൊക്കെയെന്ന് നോക്കാം.
1. ആപ്പിള്‍ ചീര സാലഡ്
ചേരുവകള്‍
*അരിഞ്ഞ ആപ്പിള്‍ - 1
*ഉപ്പും കുരുമുളകും - ആവശ്യത്തിന്
* ചീര മുറിച്ചത് - ഒരു കപ്പ്
* മാതളനാരങ്ങ - 1/2 കപ്പ്
* ഉള്ളി അരിഞ്ഞത് - 1/4 കപ്പ്
* നാരങ്ങ നീര് - 2 ടീസ്പൂണ്‍
* മിക്സഡ് നട്സ് - 3 ടേബിള്‍സ്പൂണ്‍
മുകളില്‍ പറഞ്ഞ എല്ലാ ചേരുവകളും മിക്സ് ചെയ്ത് കഴിക്കുക. ഇത് ആരോഗ്യത്തിന് വളരെ അധികം സഹായിക്കുന്നു.
*ആപ്പിള്‍ ചീര സാലഡിന്റെ ഗുണങ്ങള്‍
ആപ്പിളും മാതളനാരങ്ങയും രുചികരമായ ഭക്ഷണ പദാര്‍ഥങ്ങളാണെന്ന കാര്യത്തില്‍ സംശയമില്ല. ഇവയില്‍ നാരുകള്‍, ആന്റി ഓക്സിഡന്റുകള്‍, ജലാംശം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റോ കെമികലുകള്‍ രോഗങ്ങളില്‍ നിന്ന് പൂര്‍ണമായും പ്രതിരോധം തീര്‍ക്കുന്നു. ഇത് കൂടാതെ ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ ചീരയില്‍ ഇരുമ്പ്, മഗ്നീഷ്യം, ഫോളേറ്റ്, ഫൈബര്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യത്തിനും മികച്ചതാണ്.
2. ബീറ്റ്റൂട്ട് സാലഡ്
ചേരുവകള്‍
* കൊഴുപ്പ് കുറഞ്ഞ തൈര് - 150 മില്ലി
* ഉള്ളി അരിഞ്ഞത് - 1
*ഉപ്പും കുരുമുളകും - ആവശ്യത്തിന്
* ബീറ്റ് റൂട്ട് ചെറുതായി അരിഞ്ഞത് - 1/2 കപ്പ്
മുകളില്‍ പറഞ്ഞ ചേരുവകള്‍ എല്ലാം കൂടി നല്ലതുപോലെ കലര്‍ത്തി ഉച്ചഭക്ഷണത്തോടൊപ്പം കഴിക്കുക.
*ബീറ്റ് റൂട്ട് സാലഡിന്റെ ഗുണങ്ങള്‍
കുറഞ്ഞ കലോറിയുള്ള പച്ചക്കറിയാണ് ബീറ്റ് റൂട്ട്. അതുകൊണ്ട് തന്നെ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നതോടൊപ്പം തന്നെ ആന്റി-ഇന്‍ഫ്ലമേഷന്‍ പ്രോപ്പര്‍ട്ടികളും ഇതിലുണ്ട്. മാത്രമല്ല ഈ സാലഡ് കഴിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നു, ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളുടെ നല്ല ഉറവിടമാണ് ഈ സാലഡ്. അതുകൊണ്ടുതന്നെ സ്ഥിരമായി ഇത് ശീലമാക്കാം.
3. ചെറുപയര്‍ സാലഡ്
ചേരുവകള്‍
* വേവിച്ച ചെറുപയര്‍ - 1 കപ്പ്
* ഉള്ളി അരിഞ്ഞത് - 1
* തക്കാളി അരിഞ്ഞത് - 1
*കുക്കുമ്പര്‍ - 1/4 കപ്പ്
* നാരങ്ങ നീര് - 1 ടീസ്പൂണ്‍
*ഉപ്പും കുരുമുളകും - ആവശ്യത്തിന്
പാത്രത്തിലെ എല്ലാ ചേരുവകളും മിക്സ് ചെയ്യുക, തുടര്‍ന്ന് ഫ്രഷ് ആയി വിളമ്പുക
*ചെറുപയര്‍ സാലഡിന്റെ ഗുണങ്ങള്‍
ചെറുപയര്‍ സാലഡ് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും വയറ് നിറക്കുന്നതിനും സഹായിക്കുന്നു. ശരീര ഭാരം കുറക്കാന്‍ ശ്രമിക്കുന്നവര്‍ നിര്‍ബന്ധമായും ഈ സാലഡ് കഴിക്കണം. ഇതിലൂടെ കൊളസ്ട്രോളിനെ ഇല്ലാതാക്കാം. കൂടാതെ കുടലിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.
4. പനീര്‍ സാലഡ്
ചേരുവകള്‍
* കൊഴുപ്പ് കുറഞ്ഞ പനീര്‍ ക്യൂബ്സ് - 50 ഗ്രാം
* ചെറിയ തക്കാളി - 1/2 കപ്പ്
* ഉള്ളി അരിഞ്ഞത് - 1
* ചീര അരിഞ്ഞത് - 1 കപ്പ്
* നാരങ്ങ നീര് - 1 ടീസ്പൂണ്‍
* ഉപ്പും കുരുമുളകും - അഭിരുചിക്കനുസരിച്ച്
* എണ്ണ - 2 ടീസ്പൂണ്‍
ചൂടാക്കിയ പാത്രത്തില്‍ കുറച്ച് എണ്ണയില്‍ പനീര്‍ ക്യൂബുകള്‍ വഴറ്റിയതിന് ശേഷം ബാക്കി ചേരുവകള്‍ എല്ലാം കൂടി മിക്സ് ചെയ്ത് കഴിക്കാം.
*പനീര്‍ സാലഡിന്റെ ഗുണങ്ങള്‍
പനീറില്‍ പാലിന്റെ അംശം ഉള്ളതിനാല്‍ ഇത് കാല്‍സ്യത്തിന്റെ മികച്ച ഉറവിടമാണ്. സസ്യാഹാരം കഴിക്കുന്നവര്‍ക്ക് എന്തുകൊണ്ടും ഒരു മികച്ച ഭക്ഷണമാണ് ഇത്. വിറ്റാമിന്‍ കെ, ബീറ്റാ കരോട്ടിന്‍, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ് ഈ സാലഡ്. ആന്റി ഓക്സിഡന്റുകള്‍ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് നെഞ്ച് വേദന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നു. അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാരമാണ് പനീര്‍ സാലഡ്.
5. മുട്ട സാലഡ്
ചേരുവകള്‍
* വേവിച്ച മുഴുവന്‍ മുട്ട - 2
* കാബേജ് അരിഞ്ഞത് - 1/4 കപ്പ്
* തക്കാളി - 1/2 കപ്പ്
* ഉള്ളി അരിഞ്ഞത് - 1
* ഉപ്പ്, കുരുമുളക്, ചാറ്റ് മസാല - ആവശ്യത്തിന്
* പച്ചമുളക് അരിഞ്ഞത് - 1
* മല്ലിയില - ഒരു കൈ നിറയെ
* കാരറ്റ് ചെറുതായി അരിഞ്ഞത്
പാകം ചെയ്യുന്ന വിധം
മുട്ടകള്‍ നാല് ഭാഗങ്ങളായി മുറിക്കുക, തുടര്‍ന്ന് എല്ലാ ചേരുവകളും മിക്സ് ചെയ്ത് ഇതിലേക്ക് ചേര്‍ക്കുക. ഈ സാലഡ് നല്ലൊരു പ്രഭാതഭക്ഷണമായും വൈകുന്നേരത്തെ സ്നാക്സ് ആയും കഴിക്കാവുന്നതാണ്.
മുട്ട സാലഡിന്റെ ഗുണങ്ങള്‍
മുട്ടയില്‍ പ്രോട്ടീന്‍, വിറ്റാമിനുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതില്‍ കാരറ്റ് ചേര്‍ക്കുന്നതിലൂടെ അത് ശരീരത്തിന് നിരവധി ഗുണങ്ങള്‍ നല്‍കുന്നു. മാത്രമല്ല ഇതില്‍ നാരുകള്‍, ബീറ്റാ കരോട്ടിന്‍, ആന്റി ഓക്സിഡന്റുകള്‍, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് അമിതഭാരത്തെ കുറക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറക്കുന്നതിന് വേണ്ടി കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാരമാണ് മുട്ട സാലഡ്.