Ragi Poori | റാഗി മാവും ശര്‍ക്കരയും ചേര്‍ത്ത് ആരോഗ്യത്തിന് ഗുണം നല്‍കുന്ന സ്വാദിഷ്ടമായ പൂരി തയാറാക്കാം; കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടും
*മാവ് എടുത്ത് അതിലേക്ക് അല്‍പം ഉപ്പ് ചേര്‍ത്ത് മിക്സ് ചെയ്യുക
* കട്ട കെട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം
കൊച്ചി: (KasargodVartha) പൂരി വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന ഒരു ഭക്ഷണമാണ്. അതുകൊണ്ടുതന്നെ പലരും പ്രഭാത ഭക്ഷണത്തിന് പൂരി തിരഞ്ഞെടുക്കാറുണ്ട്. ഇതിന് അടിപൊളി കറിയും ഉണ്ടെങ്കില്‍ സൂപ്പറായിരിക്കും. എന്നാല്‍ ചിലരുണ്ടാക്കുന്ന പൂരി പാകം ശരിയാവാത്തതുകൊണ്ടോ എന്തോ കട്ടിയുള്ളതും രുചി ഇല്ലാത്തതുമാണ്.
ഇതുകാരണം പൂരി കഴിക്കാന്‍ പലപ്പോഴും കുടുംബാംഗങ്ങള്‍ തയാറാകാറില്ല. എന്നാല്‍ ഇനി അങ്ങോട്ട് ഒരു പരാതിയും ഇല്ലാതെ തന്നെ നല്ല മൃദുവായതും ആരോഗ്യകരവുമായ റാഗി പൂരി തയാറാക്കാം. റാഗി മാവും ശര്‍ക്കരയും ചേര്‍ത്ത് നല്ലൊരു കിടിലന്‍ പൂരി തന്നെയാകും അത്. ഉണ്ടാക്കുന്ന വിധം അറിയാം.
ആവശ്യമായ ചേരുവകള്‍:
* ശര്‍ക്കര - 1 കപ്പ്
* വെള്ളം - 1/2 കപ്പ്
* എള്ള്- 1 1/2 ടേബിള്‍ സ്പൂണ്‍
* റാഗിി മാവ് - 2 കപ്പ്
* ഉപ്പ് - ആവശ്യത്തിന്
* എണ്ണ - വറുക്കാന്‍ ആവശ്യമുള്ളത്
പാകം ചെയ്യുന്ന വിധം
*ആദ്യം ഒരു പാത്രത്തില്‍ 1 കപ്പ് ശര്‍ക്കര ചേര്‍ത്ത് അതില്‍ അരക്കപ്പ് വെള്ളം ഒഴിച്ച് അടുപ്പില്‍ വെച്ച് ഉരുക്കിയെടുക്കണം
* ഒരു പാന്‍ അടുപ്പില്‍ വെച്ച് എള്ള് വറുത്തെടുക്കണം ഇത് റാഗി പൊടിയില്‍ ചേര്‍ക്കണം.
*പിന്നീട് റാഗി മാവ് എടുത്ത് അതിലേക്ക് അല്‍പം ഉപ്പ് ചേര്‍ത്ത് മിക്സ് ചെയ്യുക
* ശര്‍ക്കരപാനി കുറേശ്ശെയായി ഒഴിച്ച് നല്ലതുപോലെ കുഴച്ചെടുക്കണം. മാവ് കട്ട കെട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം
*പിന്നീട് പൂരിക്ക് കുഴക്കുന്ന പരുവത്തില്‍ ആക്കി ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കണം
* ഇത് പരത്തിയെടുത്ത് വാഴയിലയില്‍ എണ്ണ തടവി അതിലേക്ക് മാറ്റുക, ഇത് തമ്മില്‍ ഒട്ടിപ്പിടിക്കാതിരിക്കുന്നതിനാണ് വാഴയിലയിലേക്ക് മാറ്റുന്നത്
*പിന്നീട് ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാക്കി വറുത്തെടുക്കുക, നല്ല സോഫ്റ്റ് റാഗി പൂരി തയാര്‍.