Ragi Puttu | എത്ര കൂടിയ അളവിലുള്ളതിനേയും ഇല്ലാതാക്കുന്നു; പ്രമേഹവും പ്രഷറും ഉള്ളവര്‍ റാഗി പുട്ട് കഴിക്കുന്നത് ശീലമാക്കൂ; അടങ്ങിയിരിക്കുന്നത് ഒരുപാട് ആരോഗ്യഗുണങ്ങള്‍
*കൊളസ്ട്രോള്‍ കുറക്കുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്നു
* മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നു
കൊച്ചി: (KasargodVartha) നാം കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ശരീരത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഭക്ഷണങ്ങള്‍ കഴിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. ഇന്നത്തെ തിരക്കിട്ട ജീവിത യാത്രയില്‍ പലരും ഭക്ഷണം ഉണ്ടാക്കാനുള്ള മടി കാരണം ഹോടെല്‍ ഭക്ഷണങ്ങളെയാണ് കൂടുതലും ആശ്രയിക്കുന്നത്. ഇതിന്റെ ഫലമായി പല പല അസുഖങ്ങളും അവരെ തേടിയെത്തുന്നു.
ഇതിന് പരിഹാരമായി കഴിയാവുന്നതും ഭക്ഷണം വീട്ടില്‍ തന്നെ ഉണ്ടാക്കുന്നതാണ് നല്ലത്. ആരോഗ്യകരമായ ഭക്ഷണത്തിലൂടെ നമുക്ക് എല്ലാ രോഗങ്ങളേയും പ്രതിരോധിക്കാം. പ്രഭാത ഭക്ഷണം ആരോഗ്യമുള്ളതാകണം. രാത്രി മണിക്കൂറുകളോളം ഭക്ഷണം കഴിക്കാതിരിക്കുന്നതിനാലാണ് രാവിലെ ഉണ്ടാക്കുന്ന ഭക്ഷണം ആരോഗ്യമുള്ളതായിരിക്കണം എന്ന് പറയുന്നത്. അത്തരത്തിലുള്ള ഭക്ഷണമാകണം ഉള്‍പെടുത്തേണ്ടതും.
കുട്ടികളാണെങ്കിലും മുതിര്‍ന്നവരാണെങ്കിലും ഓരോ ദിവസവും വ്യത്യസ്ത ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഒരേ ഭക്ഷണം കഴിച്ചാല്‍ അവര്‍ക്ക് മടുപ്പ് ഉണ്ടാവുകയും ചെയ്യും. അത്തരത്തില്‍ വ്യത്യസ്തതയോടൊപ്പം അല്‍പം ആരോഗ്യം ലഭിക്കുന്ന ഭക്ഷണം ഉണ്ടാക്കിയാല്‍ നല്ലത്.
അത്തരത്തില്‍ ഉള്ള ആരോഗ്യം തരുന്ന ഒരു ഭക്ഷണമാണ് റാഗി പുട്ട്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ റാഗി വളരെയേറെ ഗുണം നല്‍കുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. എന്തൊക്കെ ഗുണങ്ങളാണ് റാഗി പുട്ട് നല്‍കുന്നതെന്നും, അത് എങ്ങനെ വളരെ എളുപ്പത്തില്‍ തയാറാക്കാം എന്നും നോക്കാം.
ഗുണങ്ങള്‍
ഗുണങ്ങളുടെ കാര്യത്തില്‍ വളരെ മുന്‍പന്തിയിലാണ് റാഗി പുട്ട്. പ്രഷറും പ്രമേഹവും ഉള്ളവര്‍ക്ക് വേണമെങ്കില്‍ റാഗ് പുട്ട് പതിവായി കഴിക്കാവുന്നതാണ്. അത്രയധികം ഗുണമാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. എത്ര കൂടിയ പ്രമേഹത്തേയും ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതുകൊണ്ടുതന്നെ ഇത് സ്ഥിരമായോ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയോ കഴിക്കാവുന്നതാണ്. പ്രമേഹം മാത്രമല്ല പ്രഷറും ഇല്ലാതാക്കുന്നു. മാത്രമല്ല, രക്തസമ്മര്‍ദത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.
കൊളസ്ട്രോള്‍ കുറക്കുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും റാഗി സഹായിക്കുന്നു. നാരുകളുടെ കലവറയായതിനാല്‍ മലബന്ധം പോലുള്ള പ്രശ്നങ്ങളും പരിഹരിക്കുന്നു. ദഹന പ്രക്രിയ സുഗമമാക്കുന്നു.
റാഗി പുട്ട് തയാറാക്കുന്നവിധം
ആദ്യം റാഗി നല്ലതുപോലെ കഴുകി ഉണക്കിയെടുക്കുക. അതിനുശേഷം മിക്സിയിലിട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക. വെള്ളം അല്‍പം പോലും ചേര്‍ക്കരുത്. പൊടിച്ചതിന് ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്ത് പുട്ടുപൊടിയുടെ പരുവത്തില്‍ കുഴച്ചെടുക്കുക. അതിന് ശേഷം പുട്ടുകുറ്റിയില്‍ അല്‍പം തേങ്ങ ഇട്ട് റാഗിപ്പൊടി കുഴച്ചതും ഇട്ട് വേവിച്ചെടുക്കുക. റാഗി പുട്ട് തയാര്‍. പഴവും പപ്പടവും ഇഷ്ടമുള്ളവര്‍ക്ക് അതിനൊപ്പവും അതല്ല, കറികളാണ് ഇഷ്ടമെങ്കില്‍ അതിനൊപ്പവും ചേര്‍ത്ത് കഴിക്കാവുന്നതാണ്.