Initiative | സൗഖ്യം നിറഞ്ഞ കർക്കിടകം: വിദ്യാർത്ഥികൾക്ക് പോഷകാഹാരം
കോളിയടുക്കം:(KasaragodVartha) കേരള കേന്ദ്ര സർവകലാശാലയിലെ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ കോളിയടുക്കം ഗവ. യു.പി. സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഒരുക്കി. ഒൻപത് ദിവസങ്ങളിലായി നടക്കുന്ന 'സൗഖ്യം കർക്കിടകം' പരിപാടിയുടെ ഭാഗമായി ദിവസവും വിവിധ ധാന്യങ്ങൾ ഉൾപ്പെടുത്തിയ ഭക്ഷണം നൽകി. കർക്കിടക മാസത്തിന്റെ ആരോഗ്യഗുണങ്ങൾ പ്രയോജനപ്പെടുത്തി കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
പിടിഎ പ്രസിഡന്റ് ടി. ശശിധരൻ പരിപാടി ഉദ്ഘാടനം ചെയ്തു. ‘ധാന്യങ്ങൾ നൽകുന്ന ശക്തിയും ഊർജവും കുട്ടികളുടെ വളർച്ചയ്ക്ക് അനിവാര്യമാണ്,’ അദ്ദേഹം പറഞ്ഞു. പ്രധാനാധ്യാപകൻ സി. ഹരിദാസൻ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് രാധക്കുട്ടി ധാന്യങ്ങളുടെ പോഷകഗുണങ്ങളെക്കുറിച്ച് വിശദീകരിച്ചു. കേരള കേന്ദ്ര സർവകലാശാല വിദ്യാർത്ഥികളായ കെ.ആർ ഹൃദ്യ, കെ. പ്രഭിജിത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
അവസാന ദിവസം ചെറുധാന്യങ്ങളുടെ പായസം വിളമ്പുന്നതോടൊപ്പം, ധാന്യങ്ങളുടെ ഊർജശ്രോതസ്സുകളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ധാന്യങ്ങൾ നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും നൽകുന്നു എന്നും ഇത് നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു എന്നും ക്ലാസിൽ വിശദീകരിച്ചു.