Lemon Water | രാവിലെ ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തില്‍ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാകുന്നത് എന്ന് നോക്കാം
*കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു
* വൃക്കയിലെ കല്ലുകള്‍ക്കുള്ള സാധ്യത തടയുന്നു
കൊച്ചി:(KasargodVartha) സാധാരണയായി ആരോഗ്യത്തെ കുറിച്ച് പോഷകാഹാര വിദഗ്ധരും ഡയറ്റീഷ്യന്‍മാരും എല്ലാം ഒരുപോലെ പറയുന്ന ഒന്നാണ് രാവിലെ ദിവസം തുടങ്ങുന്നത് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതിലൂടെ ആകണമെന്ന്. ഇതുവഴി ധാരാളം ആരോഗ്യ ഗുണങ്ങള്‍ നമുക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ വെള്ളത്തിനു പകരം ശരീരത്തിന് കൂടുതല്‍ ഊര്‍ജം നല്‍കാന്‍ രാവിലെ ഒരു ഗ്ലാസ് നാരങ്ങവെള്ളം കുടിക്കുന്നതിലൂടെ കഴിയുന്നുവെന്ന കാര്യം അറിയാമോ? നിരവധി ഗുണങ്ങളാണ് ഇതിലൂടെ നമ്മുടെ ശരീരത്തില്‍ ലഭിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
* നാരങ്ങയുടെ ഗുണങ്ങള്‍ അറിയാം
വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ബീറ്റാ കരോട്ടിന്‍, ഫോളേറ്റ്, കാല്‍സ്യം, പൊട്ടാസ്യം എന്നിവയുടെ മികച്ച ഉറവിടമാണ് നാരങ്ങ. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ ഇല്ലാതാക്കാന്‍ നാരങ്ങ വെള്ളം കുടിക്കുന്നത് വഴി സഹായിക്കുന്നു. കൂടാതെ ശരീരഭാരം കുറയ്ക്കല്‍, കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തല്‍, സൗന്ദര്യം വര്‍ധിപ്പിക്കല്‍ തുടങ്ങി പല ആരോഗ്യഗുണങ്ങളും നാരങ്ങയ്ക്ക് ഉണ്ട്. കുറച്ച് നാരങ്ങ നീര് ചെറുചൂടുള്ള വെള്ളത്തില്‍ ചേര്‍ത്ത് രാവിലെ കുടിക്കുന്നതിലൂടെ എന്തെല്ലാം ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുന്നു എന്ന് അറിയാം.
*കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു
ശരീരത്തിന്റെ ഫില്‍ട്ടറും ഉപാപചയ പ്രവര്‍ത്തനങ്ങളുടെ താക്കോലുമാണ് കരള്‍. നാരങ്ങ വെള്ളം കുടിക്കുന്നത് വഴി കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുകയും കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും അതുവഴി കരള്‍ രോഗങ്ങളെ അകറ്റുകയും ചെയ്യുന്നു. വിഷവസ്തുക്കളെ പുറന്തള്ളുന്നതിനായി നാരങ്ങ കൂടുതല്‍ എന്‍സൈമുകള്‍ ഉല്‍പാദിപ്പിക്കുകയും അതുവഴി കരളിനെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
* വൃക്കയിലെ കല്ലുകള്‍ക്കുള്ള സാധ്യത തടയുന്നു
നാരങ്ങയിലെ വിറ്റാമിന്‍ സി വൃക്കയിലെ കല്ലുകള്‍ക്കുള്ള സാധ്യത തടയുന്നു. സിട്രിക് ആസിഡ് കഴിക്കുന്നത് വര്‍ധിപ്പിക്കുന്നതിലൂടെ രോഗികളില്‍ വൃക്കയില്‍ പുതിയ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ഇതിനായി രാവിലെ ഒരു ഗ്ലാസ് നാരങ്ങ നീര് കുടിക്കുന്നത് ഗുണം ചെയ്യും.
*അണുബാധകളെ ചെറുക്കുന്നു
വിറ്റാമിന്‍ സിയുടെ സമ്പന്നമായ ഉറവിടമാണ് നാരങ്ങ. നാരങ്ങ നീര് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു. ദിവസവും രാവിലെ ചെറുചൂടുള്ള വെള്ളത്തില്‍ നാരങ്ങ നീര് കലക്കി കുടിക്കുന്നത് ശരീരത്തിന്റെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍, നാരങ്ങ നീര് അണുബാധകളെ ചെറുക്കാന്‍ സഹായിക്കുന്നു.
*വിഷാംശം നീക്കുന്നു
ഡിടോക് സിഫിക്കേഷന് പേരുകേട്ടതാണ് നാരങ്ങ വെള്ളം. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ് നാരങ്ങാവെള്ളം കുടിച്ച് ദിവസം ആരംഭിക്കുന്നത്. ദിവസവും ഈ രീതി പിന്തുടരുന്നതിലൂടെ ശരീരം വിഷമുക്തമാകാന്‍ സഹായിക്കും.
*ശരീരഭാരം കുറയ്ക്കുന്നു
ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രക്രിയ വേഗത്തിലാക്കുന്നതിനാല്‍ ദിവസവും രാവിലെ ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. ദഹനവ്യവസ്ഥയെ ഇതുവഴി മെച്ചപ്പെടുത്തുന്നു. നാരങ്ങ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നു. രാവിലെ നാരങ്ങ വെള്ളം കുടിക്കുന്നത് മലശോധന മെച്ചപ്പെടുത്തുകയും മലബന്ധം ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
*ചര്‍മത്തിന് ഗുണം ചെയ്യുന്നു
നാരങ്ങ വെള്ളത്തിലെ വിറ്റാമിന്‍ സി ചര്‍മത്തെ ആന്തരികമായി പുനരുജ്ജീവിപ്പിക്കുകയും പുറമെ തിളക്കം നല്‍കുകയും ചെയ്യുന്നു. ഇത് ചര്‍മത്തില്‍ ചുളിവുകള്‍ ഉണ്ടാവുന്നത് തടയുന്നു. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കുന്നവര്‍ക്ക് വളരെ പെട്ടെന്ന് ചര്‍മത്തില്‍ ചുളിവുകള്‍ വരാനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ആന്റി ഏജിംഗ് ഗുണങ്ങളുള്ള ഒരു ശക്തമായ ആന്റി ഓക്സിഡന്റാണ് വിറ്റാമിന്‍ സി. രാവിലെ നാരങ്ങാ വെള്ളം കുടിക്കുന്നത് ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്തുകയും എല്ലായ്പ്പോഴും ചര്‍മം മികച്ചതായി നിലനിര്‍ത്തുകയും ചെയ്യുന്നു.
* വായ്നാറ്റം അകറ്റുന്നു
രാവിലെ എല്ലാവരുടെയും പ്രശ്നമാണ് വായനാറ്റം. ചിലരില്‍ ഇത് ദിവസം മുഴുവനും നിലനില്‍ക്കുന്നു. നാരങ്ങാവെള്ളം കുടിക്കുന്നതിലൂടെ വായില്‍ ഉമിനീര്‍ ഉല്‍പാദനം ഉത്തേജിപ്പിക്കുകയും വായ വരളുന്നത് തടയുകയും അതുവഴി വായ്നാറ്റം അകറ്റുകയും ചെയ്യുന്നു. ഭക്ഷണത്തിനുശേഷം സവാള, വെളുത്തുള്ളി, മത്സ്യം എന്നിവയുടെ മണം ഒഴിവാക്കാനും നാരങ്ങ വെള്ളം കുടിക്കാവുന്നതാണ്.