Water Melons | വേനല്‍ക്കാല രോഗങ്ങളില്‍ നിന്നും ചൂടില്‍ നിന്നും രക്ഷനേടാന്‍ തണ്ണിമത്തന്‍ കഴിക്കൂ; അടങ്ങിയിരിക്കുന്നത് ഒരുപാട് ആരോഗ്യഗുണങ്ങള്‍
*കാഴ്ചശക്തിക്ക് നല്ലത്
*ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
കൊച്ചി:(KasargodVartha) വേനല്‍ ശക്തിപ്രാപിക്കുകയാണ്. കത്തുന്ന ചൂടില്‍ പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ല. ചൂടിനൊപ്പം വേനല്‍ക്കാല രോഗങ്ങളും വില്ലനായി മാറുകയാണ്. വേനല്‍ക്കാലത്തെ അസുഖങ്ങളില്‍ പലതിനും കാരണമാകുന്നത് ഭക്ഷണശീലങ്ങളിലെ ശ്രദ്ധിയില്ലായ്മയാണ്. ചൂടില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ ധാരാളം വെള്ളം കുടിക്കുകയും ജലാംശം നിലനിര്‍ത്തുന്ന ഭക്ഷണ സാധനങ്ങള്‍ കഴിക്കുകയും വേണം. അതിലൂടെ ആരോഗ്യം ഒരുപരിധിവരെ സംരക്ഷിക്കാവുന്നതാണ്.
അത്തരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ കഴിയുന്ന ഒരു ഫലവര്‍ഗമാണ് തണ്ണിമത്തന്‍. ജലാംശം മാത്രമല്ല, അവശ്യ പോഷകങ്ങള്‍ വരെ ഇതു നല്‍കുന്നു. തണ്ണിമത്തന്‍ കഴിക്കുന്നത് ശരീരത്തിലെ ഏത് തരത്തിലുള്ള അസ്വസ്ഥതകളും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. വേനല്‍ക്കാലത്ത് തണ്ണിമത്തന്‍ ശരീരത്തിന് എന്തെല്ലാം ഗുണങ്ങള്‍ നല്‍കുന്നു എന്ന് നോക്കാം.
*നല്ലൊരു ദാഹശമനിയായി പ്രവര്‍ത്തിക്കുന്നു
തണ്ണിമത്തന്‍ സ്വാഭാവിക ദാഹശമനിയായി പ്രവര്‍ത്തിക്കുന്നു. തണ്ണിമത്തനില്‍ നല്ല അളവില്‍ വെള്ളമുണ്ട്. ഇത് കഴിക്കുന്നതിലൂടെ ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കുറയാതെ സൂക്ഷിക്കാനാകും. തണ്ണിമത്തന്‍ നാരുകളാല്‍ സമ്പുഷ്ടമാണ്, ഇത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു. അതോടൊപ്പം നടുവേദന, തലകറക്കം, വായ വരള്‍ച്ച, രക്തസമ്മര്‍ദം, ഗ്യാസ്, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങളും അകറ്റും. വേനല്‍ക്കാലത്ത് വയറിളക്കം പോലുള്ള പ്രശ്‌നങ്ങളുണ്ടെങ്കില്‍ തണ്ണിമത്തന്‍ കഴിക്കുന്നത് ആശ്വാസം നല്‍കും.
*നല്ല കാഴ്ചശക്തി
തണ്ണിമത്തനില്‍ ലൈക്കോപീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ലൈക്കോപീന്‍ കാഴ്ചശക്തിക്ക് വളരെ നല്ലതാണ്. ലൈക്കോപീനിന്റെ ആന്റിഓക്‌സിഡന്റും ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്‍ തടയാന്‍ സഹായിക്കുന്നു. പ്രായമായവരില്‍ അന്ധതയ്ക്ക് കാരണമാകുന്ന ഒരു സാധാരണ നേത്ര പ്രശ്‌നമാണ് മാക്യുലര്‍ ഡീജനറേഷന്‍.
*പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു
തണ്ണിമത്തനില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. തണ്ണിമത്തനിലെ വിറ്റാമിന്‍ എ, ബീറ്റാ കരോട്ടിന്‍ എന്നിവയുടെ അളവ് ആരോഗ്യമുള്ള ചര്‍മത്തെയും മുടിയെയും പ്രോത്സാഹിപ്പിക്കുന്നു.
*ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
തണ്ണിമത്തനില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണെന്നാണ് പലരുടേയും ധാരണം. എന്നാല്‍ 100 ഗ്രാം തണ്ണിമത്തനില്‍ 6.2 ഗ്രാം പഞ്ചസാര മാത്രമേ അടങ്ങിയിട്ടുള്ളൂവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതില്‍ കലോറി കുറവായതിനാല്‍ തടി കൂടുമെന്ന ഭയവും വേണ്ട.
നെഗറ്റീവ് കലോറി ഉള്ള ഒരു പഴമാണ് തണ്ണിമത്തന്‍. വീട്ടിലിരുന്നു തടി കുറക്കണമെങ്കില്‍ വേനല്‍ക്കാലത്ത് ദിവസവും തണ്ണിമത്തന്‍ കഴിക്കുക. തണ്ണിമത്തനില്‍ ധാരാളം നാരുകളും വെള്ളവും അടങ്ങിയിട്ടുണ്ട്. ഇത് വളരെ നേരം വയര്‍ നിറഞ്ഞതായി നിലനിര്‍ത്തുന്നു.
*രക്തസമ്മര്‍ദം കുറയ്ക്കുന്നു
തണ്ണിമത്തനില്‍ സൈഡര്‍ലൈന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ വളരെയധികം സഹായിക്കുന്നു. രക്തസമ്മര്‍ദമുള്ള രോഗികള്‍ തണ്ണിമത്തന്‍ കഴിക്കുന്നത് വളരെയേറെ നല്ലതാണ്.
*ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്ന ധാരാളം പോഷകങ്ങള്‍ തണ്ണിമത്തനില്‍ ഉണ്ട്. കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദം നിലനിര്‍ത്താനും തണ്ണിമത്തനില്‍ കാണപ്പെടുന്ന ലൈക്കോപീന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ, തണ്ണിമത്തനില്‍ സിട്രുലിന്‍ എന്ന അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വര്‍ദ്ധനവിനെ ഇത് തടയുന്നു.
*പല്ലുകള്‍ പരിപാലിക്കുന്നു
തണ്ണിമത്തനില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ മോണയുടെ ആരോഗ്യം നിലനിര്‍ത്താന്‍ അത് സഹായിക്കുന്നു. ഇത് പ്ലാക്ക് ബില്‍ഡ്-അപ്പ് മന്ദഗതിയിലാക്കുന്നു. അതിനാല്‍, തണ്ണിമത്തന്‍ കഴിക്കുന്നത് മോണയെ ശക്തിപ്പെടുത്തുകയും ബാക്ടീരിയകളില്‍ നിന്ന് മോണയെ സംരക്ഷിക്കുകയും ചെയ്യും. ഇത് പല്ലുകള്‍ വെളുപ്പിക്കാനും ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നത് തടയുകയും ചെയ്യുന്നു.
*ചര്‍മ്മ പോഷണം
തണ്ണിമത്തനില്‍ കാണപ്പെടുന്ന പോഷകങ്ങള്‍ ഉള്ളില്‍ നിന്ന് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു. വിറ്റാമിന്‍ സി കൊളാജന്‍ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുകയും ചര്‍മ്മത്തിന്റെ ഇലാസ്തികത പ്രോത്സാഹിപ്പിക്കുകയും ചുളിവുകളും നേര്‍ത്ത വരകളും കുറയ്ക്കുകയും ചെയ്യുന്നു.
അതേസമയം, വിറ്റാമിന്‍ എ ചര്‍മ്മകോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുന്നു. ഇത് മിനുസമാര്‍ന്നതും കൂടുതല്‍ യുവത്വമുള്ളതുമായ ചര്‍മ്മവും നല്‍കുന്നു. അതുകൊണ്ടുതന്നെ തണ്ണിമത്തന്‍ പതിവായി കഴിക്കുന്നത് ചര്‍മ്മത്തെ ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും നിലനിര്‍ത്തുന്നു.