Government Decision | ഒടുവിൽ അതിനും ഒരു തീരുമാനമായി: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഡയാലിസിസ് വേണ്ടെന്ന് സർക്കാർ; സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന് ആക്ഷേപം
● രോഗികളുടെ സുരക്ഷ കണക്കിലെടുത്താണ് ഇതെന്ന് സർക്കാർ വിശദീകരണം.
● സർക്കാർ വിശദീകരണം സ്വകാര്യ ആശുപത്രിക്ക് വേണ്ടിയാണെന്നാണ് ഇപ്പോൾ ആക്ഷേപം ഉയർന്നുവന്നിരിക്കുന്നത്.
● പുതുതായി ഡയാലിസിസ് കേന്ദ്രങ്ങൾ അനുവദിക്കേണ്ടതില്ലെന്നാണ് നിർദേശം.
കാസർകോട്: (KasargodVartha) ചില സ്വകാര്യ ആശുപത്രികൾ കച്ചവട ലാക്കോടെ ലാഭം കൊയ്യുന്ന ഡയാലിസിസ് കേന്ദ്രങ്ങൾ ഇനി സർക്കാർ ആശുപത്രികളിൽ ഉണ്ടാവില്ല. തീരുമാനം സംസ്ഥാന സർക്കാരിന്റേതാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഇനി പുതിയ ഡയാലിസിസ് കേന്ദ്രങ്ങൾ തുടങ്ങേണ്ടതില്ലെന്നും, ഇതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഫണ്ട് നീക്കി വെക്കേണ്ടതില്ലെന്നുള്ള സംസ്ഥാന വികേന്ദ്രികൃതാസൂത്രണ ഏകോപന സമിതി നിർദേശമാണ് ഇപ്പോൾ സ്വകാര്യ ആശുപത്രികൾക്ക് കൊയ്ത്തായി മാറുന്നത്.
രോഗികളുടെ സുരക്ഷ കണക്കിലെടുത്താണ് ഇതെന്ന് സർക്കാർ വിശദീകരണം. എന്നാൽ ഡയാലിസിസിന്റെ പേരിൽ ഏതെങ്കിലും സർക്കാർ ആശുപത്രികളിലോ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലോ പരാതികൾ ഇതുവരെ ഉയർന്നു വന്നിട്ടുമില്ലെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. സാധാരണക്കാരായ പല രോഗികൾക്കും ഇത്തരം കേന്ദ്രങ്ങളിലുള്ള ഡയാലിസിസ് ഏറെ ഉപകാരപ്പെടുന്നതുമായിരുന്നു.
അതുകൊണ്ടുതന്നെ സർക്കാർ വിശദീകരണം സ്വകാര്യ ആശുപത്രിക്ക് വേണ്ടിയാണെന്നാണ് ഇപ്പോൾ ആക്ഷേപം ഉയർന്നുവന്നിരിക്കുന്നത്. അതേസമയം നിലവിൽ ഡയാലിസിസ് തുടരുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് ഇത് ബാധകമല്ലെന്നും നിർദേശത്തിൽ പറയുന്നുണ്ട്. പുതുതായി ഡയാലിസിസ് കേന്ദ്രങ്ങൾ അനുവദിക്കേണ്ടതില്ലെന്നാണ് നിർദേശം.
അതേസമയം കുമ്പളയിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ മൂന്നുവർഷം മുമ്പ് അനുവദിച്ച ഡയാലിസിസ് സെന്റർ സൗകര്യം ഇതുവരെ പ്രവർത്തനമാരംഭിക്കാൻ സാധിച്ചിട്ടില്ല. അനുമതി ലഭിച്ചതോടെ ഇതിനായുള്ള സൗകര്യം കെട്ടിടത്തിൽ ആശുപത്രി അധികൃതർ ഒരുക്കിയിരുന്നുവെങ്കിലും കെട്ടിടത്തിന്റെ നവീകരണം പോലെ തന്നെ ഇതും നടക്കാതെ പോയി. ഇവിടെയും ഡയാലിസിസ് തടഞ്ഞതിന് പിന്നിൽ സ്വകാര്യ ആശുപത്രികളുടെ ഇടപെടലാണെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു.
ജില്ലയിൽ മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കാത്തതിന് പിന്നിലും മംഗ്ളുറു കേന്ദ്രീകരിച്ചുള്ള സ്വകാര്യ ആശുപത്രി ലോബികളാണെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. ഈ ആക്ഷേപം നിലനിൽക്കുമ്പോഴാണ് ഇപ്പോൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡയാലിസിസ് സർക്കാർ മൂക്ക് കയറിടുന്നത്.
#Dialysis #Kerala #Healthcare #Government #PrivateHospitals #Kumbala