Dark Circles | ഇക്കാര്യങ്ങളിലെല്ലാം ഒരു ശ്രദ്ധയുണ്ടായാല്‍ കണ്‍തടങ്ങളിലെ കറുപ്പ് പൂര്‍ണമായും മാറ്റാം
*ആരോഗ്യപ്രശ്നങ്ങള്‍ മൂലമോ ശരീരത്തിലെ പോഷകങ്ങളുടെ അഭാവം മൂലമോ ജനിതക കാരണങ്ങള്‍ കൊണ്ടോ ഇത് സംഭവിക്കാം
*വെളിച്ചെണ്ണ കണ്‍തടങ്ങളില്‍ ഉപയോഗിക്കുന്നത് നല്ലൊരു പരിഹാരമാണ്
കൊച്ചി: (KasargodVartha) കണ്ണിന് താഴെ കറുപ്പ് അഥവ ഡാര്‍ക് സര്‍ക്കിള്‍ വരുന്നത് പലരുടേയും പ്രശ്‌നമാണ്. പല കാരണങ്ങള്‍ കൊണ്ടും ഇത് സംഭവിക്കാം. പ്രായഭേദമെന്യേ എല്ലാവരിലും ഈ പ്രശ്‌നങ്ങള്‍ കാണപ്പെടുന്നു. കൊച്ചു കുട്ടികള്‍ക്കും ഈ പ്രശ്‌നങ്ങള്‍ കണ്ടുവരാറുണ്ട്.
ആരോഗ്യപ്രശ്നങ്ങള്‍ മൂലമോ ശരീരത്തിലെ പോഷകങ്ങളുടെ അഭാവം മൂലമോ ജനിതക കാരണങ്ങള്‍ കൊണ്ടോ ഇത് സംഭവിക്കാം. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ട്. അതേകുറിച്ച് അറിയാം.
*വെളിച്ചെണ്ണ
കണ്‍തടത്തിലെ കറുപ്പ് അകറ്റാന്‍ മികച്ചൊരു പരിഹാരമാണ് വെളിച്ചെണ്ണ ഉപയോഗിക്കുന്നത്. കണ്ണുകള്‍ക്ക് കീഴിലുള്ള പഫ്‌നസിനും ഇത് ഗുണം ചെയ്യും. ഡാര്‍ക് സര്‍ക്കിളുകളില്‍ നിന്നും മോചനം കിട്ടാന്‍ കണ്ണുകള്‍ക്ക് ചുവട്ടില്‍ ഏതാനും തുള്ളി വെളിച്ചെണ്ണ എടുത്ത് മസാജ് ചെയ്യുക. ഉറങ്ങുന്നതിനുമുമ്പ് എല്ലാ ദിവസവും ഇത് ചെയ്താല്‍ കറുപ്പ് പമ്പ കടക്കും.
*ഇന്‍സുലിന്‍ പ്രതിരോധം
ഇന്‍സുലിന്‍ പ്രതിരോധം മൂലം ശരീരത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കും. ഇത് വീക്കം ഉണ്ടാക്കുകയും ഇതിന്റെ ഫലമായി ചര്‍മത്തിന്റെ നിറം മാറുകയും അത് കണ്ണുകള്‍ക്ക് താഴെയുള്ള ഡാര്‍ക് സര്‍ക്കിളുകള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.
*ഉയര്‍ന്ന കോര്‍ട്ടിസോള്‍ ലെവല്‍
നിരന്തരമായ സമ്മര്‍ദവും കോര്‍ട്ടിസോളിന്റെ വര്‍ധനവും കണ്ണുകള്‍ക്ക് താഴെയുള്ള അതിലോലമായ ചര്‍മത്തെ ദുര്‍ബലമാക്കും. ഇതുമൂലം രക്തക്കുഴലുകള്‍ കൂടുതല്‍ ദൃശ്യമാകുകയും കണ്ണുകള്‍ക്ക് താഴെ ഡാര്‍ക് സര്‍ക്കിളുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.
*സൂര്യപ്രകാശം
സൂര്യന്റെ ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മത്തില്‍ കൊളാജന്‍ വര്‍ധിപ്പിക്കും. ഇത് കണ്ണുകള്‍ക്ക് താഴെയുള്ള ഭാഗം നേര്‍ത്തതാക്കുകയും ഡാര്‍ക് സര്‍ക്കിളുകള്‍ക്ക് കാരണമാകുകയും ചെയ്യും.
*കക്കിരി
ക്ഷീണിച്ച കണ്ണുകള്‍ക്ക് പുതുജീവനേകാന്‍ സാധാരണയായി ഉപയോഗിക്കുന്ന ഐ മാസ്‌കാണ് കക്കിരി. കക്കിരി കണ്ണുകളെ ശാന്തമാക്കുന്നു. ഇത് പതിവായി ഉപയോഗിക്കുകയാണെങ്കില്‍, കണ്ണുകളുടെ മാറ്റം തിരിച്ചറിയാനാകും. കക്കിരി അടിച്ചെടുത്ത് 30 മിനിറ്റ് നേരം ഫ്രിഡ്ജില്‍ വയ്ക്കുക. തണുത്തുകഴിഞ്ഞാല്‍ ഇത് കണ്ണുകളില്‍ തുല്യമായി വച്ച് 30 മിനിറ്റ് സൂക്ഷിക്കുക. അതിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. നല്ല വ്യത്യാസം കാണാം.
*നേത്ര അലര്‍ജി
നേത്ര അലര്‍ജി കാരണം, കണ്ണുകള്‍ക്ക് ചുറ്റുമുള്ള ഭാഗങ്ങളില്‍ പ്രകോപനവും വീക്കവും വര്‍ധിക്കുന്നു. ഇതുമൂലം രക്തക്കുഴലുകള്‍ കൂടുതല്‍ ദൃശ്യമാകുകയും ഡാര്‍ക് സര്‍ക്കിളുകള്‍ ഉണ്ടാകുകയും ചെയ്യുന്നു.
*ഉറക്കക്കുറവ്
മതിയായ ഉറക്കം കിട്ടിയില്ലെങ്കില്‍ അത് കണ്ണിന് ചുറ്റുമുള്ള രക്തക്കുഴലുകളെ മന്ദതയിലേക്ക് തള്ളിവിടുന്നു. ഇത് ഡാര്‍ക് സര്‍ക്കിളുകള്‍ക്ക് കാരണമാകും.
*അനീമിയ
ശരീരത്തിലെ ഇരുമ്പിന്റെ കുറവ് വിളര്‍ച്ചയ്ക്ക് കാരണമാകും. അതിനാല്‍ കുറഞ്ഞ അളവില്‍ മാത്രം ഓക്സിജന്‍ ടിഷ്യൂകളിലേക്ക് എത്തുകയും അത് കണ്ണുകള്‍ക്ക് താഴെയുള്ള ഡാര്‍ക് സര്‍ക്കിളുകള്‍ക്ക് കാരണമാവുകയും ചെയ്യും.
*ബദാം ഓയില്‍
ചര്‍മത്തിന് ജലാംശം നല്‍കാന്‍ ഉത്തമമാണ് ബദാം ഓയില്‍. കണ്ണിന്റെ ഡാര്‍ക് സര്‍ക്കിള്‍ കുറയ്ക്കാന്‍ ഇത് വളരെ സഹായിക്കുന്നു. ഒപ്പം കണ്ണുകള്‍ക്ക് സമീപമുള്ള ചുളിവുകള്‍ നീക്കാനും ബദാം ഓയില്‍ ഫലപ്രദമാണ്. ഡാര്‍ക് സര്‍ക്കിളുകളും പഫ്‌നസും തടയാന്‍ ബദാം ഓയില്‍ തേനില്‍ കലര്‍ത്തി രാത്രി കിടക്കുമ്പോള്‍ പുരട്ടുന്നതും നല്ലതാണ്.
*അധികനേരം മൊബൈല്‍ നോക്കുന്നത്
അധികനേരം മൊബൈല്‍, കംപ്യൂടര്‍ എന്നിവ നോക്കുന്നത് കണ്ണുകളുടെ ആയാസത്തിനും ക്ഷീണത്തിനും കാരണമാകും. ഇത് കണ്ണ് ചൊറിച്ചില്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഡാര്‍ക് സര്‍ക്കിള്‍ രൂപപ്പെടുന്നതിനും ഇടയാക്കും.
കണ്ണുകള്‍ക്ക് താഴെയുള്ള ഡാര്‍ക് സര്‍ക്കിള്‍ നീക്കാനുള്ള മറ്റ് വഴികള്‍
*കോര്‍ട്ടിസോളിന്റെ അളവ് മാറുന്നത് മൂലം കണ്ണുകള്‍ക്ക് താഴെയുണ്ടാകുന്ന ഡാര്‍ക് സര്‍ക്കിള്‍ കുറയ്ക്കുന്നതിന് യോഗ അല്ലെങ്കില്‍ ധ്യാനം പോലുള്ള പ്രവര്‍ത്തനങ്ങളുടെ സഹായത്തോടെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രമിക്കുക.
*കണ്ണുകള്‍ക്ക് താഴെയുള്ള ഡാര്‍ക് സര്‍ക്കിളിന് മറ്റൊരു കാരണം വിറ്റാമിന്‍ ഡിയുടെ കുറവാണ്, അതിനാല്‍ ഡോക്ടറുടെ ഉപദേശപ്രകാരം വിറ്റാമിന്‍ ഡി 3 സപ്ലിമെന്റുകളും കഴിക്കാവുന്നതാണ്.
* ഉറക്കക്കുറവ് മൂലം കണ്ണുകള്‍ക്ക് താഴെ കറുപ്പ് വരുന്നുവെങ്കില്‍ ദിവസവും 7 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രമിക്കുക.
* കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കുറയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും സഹായിക്കും, ഇത് കണ്ണുകള്‍ക്ക് താഴെയുള്ള ഡാര്‍ക് സര്‍ക്കിള്‍ കുറയ്ക്കും.
* ഉറങ്ങുന്നതിനുമുമ്പ് മൊബൈല്‍ ഫോണ്‍ ഉപയോഗം പാടില്ല. ഇത് കണ്ണിന്റെ ആയാസം കുറയ്ക്കാനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും.
* കോജിക് ആസിഡ്, വിറ്റാമിന്‍ സി, നിയാസിനാമൈഡ്, കറ്റാര്‍ വാഴ തുടങ്ങിയ ചേരുവകള്‍ അടങ്ങിയ ക്രീമുകള്‍ കണ്ണിന് താഴെ പുരട്ടുന്നത് കറുപ്പ് നിറം കുറയ്ക്കാന്‍ സഹായിക്കും.