വയോധികർക്ക് പോഷകാഹാരം: 'എൽഡ' പദ്ധതിയുമായി കുടുംബശ്രീയും ജില്ലാ പഞ്ചായത്തും
● 60 വയസിന് മുകളിലുള്ള സാമ്പത്തികമായി പിന്നാക്ക വിഭാഗക്കാർക്ക് പോഷകാഹാരം സൗജന്യമായി ലഭിക്കും.
● പദ്ധതിയുടെ ലക്ഷ്യം പോഷകസുരക്ഷയും സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണവുമാണ്.
● ‘എൽഡ പൗഡർ’, ‘എൽഡ കഞ്ഞിക്കൂട്ട്’ എന്നിവയാണ് പ്രധാന ഉൽപ്പന്നങ്ങൾ.
● ബിപിഎൽ ഇതര കുടുംബങ്ങൾക്ക് ഉൽപ്പന്നങ്ങൾ വില കൊടുത്തു വാങ്ങാൻ കഴിയും.
കാസർകോട്: (KasargodVartha) പല്ല് കൊഴിഞ്ഞ് ആഹാരം ചവച്ച് കഴിക്കാൻ ബുദ്ധിമുട്ടുന്ന വയോധികർക്ക് ആശ്വാസമായി, കാസർകോട്ട് ‘എൽഡ’ (Elderly Diet Add) പദ്ധതി വഴി ജെറിയാട്രിക്ക് ന്യൂട്രീഷൻ ഫുഡുമായി കുടുംബശ്രീയും ജില്ലാ പഞ്ചായത്തും എത്തുന്നു. ഈ ഫുഡ് പ്രോഡക്ട് പുറത്തിറക്കുന്നതിനായി മന്ത്രി ആർ ബിന്ദു അടുത്തയാഴ്ച കാസർകോട്ടെത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണനും കുടുംബശ്രീ ജില്ലാ കോഡിനേറ്ററും അറിയിച്ചു. സിപിസിആർഐയുമായി കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം) സഹകരിച്ചാണ് അഞ്ച് യൂണിറ്റുകളിലായി വയോധികർക്കായുള്ള ഈ പോഷകാഹാരം നിർമ്മിക്കുന്നത്.
പദ്ധതി ലക്ഷ്യങ്ങൾ
പോഷകസുരക്ഷയും സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമാക്കി കാസർകോട് ജില്ലയിൽ ആരംഭിച്ച പദ്ധതിയാണ് 'എൽഡ'. മുമ്പ് അംഗൺവാടി കുട്ടികൾക്ക് ന്യൂട്രീഷ്യൻ ഫുഡ് ഉണ്ടാക്കി നൽകി ആ പദ്ധതി സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കിയ മാതൃക ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചൂണ്ടിക്കാട്ടി. 60 വയസിന് മുകളിലുള്ള സാമ്പത്തികമായി പിന്നാക്ക വിഭാഗത്തിലുള്ളവർക്ക് പോഷകാഹാരം സൗജന്യമായി ലഭ്യമാക്കുന്നതിനൊപ്പം വനിതാ സ്വയം സഹായ സംഘങ്ങൾക്ക് സ്ഥിരമായ വരുമാനവും ഈ നവീന പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നു.
നിർവ്വഹണ സംവിധാനം
പദ്ധതിയുടെ വിജയത്തിന് അടിസ്ഥാനം ശക്തമായ സഹകരണ സംവിധാനമാണ്. കുടുംബശ്രീ മിഷൻ കാസർകോട് ആണ് പദ്ധതിയുടെ പ്രധാന നടപ്പാക്കൽ ഏജൻസിയായി പ്രവർത്തിക്കുന്നത്. ഉത്പാദന യൂണിറ്റുകളുടെ സ്ഥാപനം, പ്രവർത്തനം എന്നിവ കുടുംബശ്രീയാണ് നിയന്ത്രിക്കുന്നത്. കിനാനൂർ-കരിന്തളം, മുളിയാർ, വാലിയപറമ്പ്, പടന്ന, ചെറുവത്തൂർ തുടങ്ങിയ സിഡിഎസ് യൂണിറ്റുകൾ മുഖേനയാണ് ഉത്പാദനം നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്തും അതത് ഗ്രാമപഞ്ചായത്തുകളും പദ്ധതിക്ക് ആവശ്യമായ ധനസഹായം വകയിരുത്തുന്നതിനോടൊപ്പം ഉൽപ്പന്നങ്ങൾ വയോജനങ്ങൾക്ക് വാങ്ങി വിതരണം ചെയ്യുന്നതിലൂടെ വിപണി ഉറപ്പാക്കുന്നു.
ഉൽപ്പന്നങ്ങൾ
കുടുംബശ്രീ മിഷൻ നയിക്കുന്ന അഞ്ച് ഉത്പാദന യൂണിറ്റുകൾ ഇതിനകം പൂർണ്ണമായി പ്രവർത്തനക്ഷമമായി കഴിഞ്ഞു. കാസർകോട് കെവികെ-സിപിസിആർഐയുടെ സാങ്കേതിക സഹായത്തോടെ രണ്ട് പ്രത്യേക പോഷക ഉൽപ്പന്നങ്ങൾ വികസിപ്പിച്ചിരിക്കുന്നു. ‘എൽഡ പൗഡർ’ (കേന്ദ്രീകൃത പോഷക സപ്ലിമെൻ്റ്), ‘എൽഡ കഞ്ഞിക്കൂട്ട്’ (എളുപ്പം ദഹിക്കാവുന്ന പരമ്പരാഗത കഞ്ഞിമിശ്രിതം) എന്നിവയാണവ. വിപണി ഉറപ്പുള്ളതും അപകടരഹിതവുമായ ഈ സാമ്പത്തിക മാതൃക വഴി ഉൽപ്പാദന യൂണിറ്റുകളിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് സ്ഥിരമായ വരുമാനവും സാമൂഹിക ഉന്നമനവുമായി ബന്ധപ്പെട്ട ആത്മവിശ്വാസവും ലഭിക്കുന്നു.
ബിപിഎൽ കുടുംബത്തിൽപ്പെട്ടവർക്ക് സൗജന്യമായി നൽകുന്ന ഫുഡ് പ്രോഡക്ട് അല്ലാത്തവർക്ക് വില കൊടുത്ത് വാങ്ങാൻ കഴിയുമെന്ന് കുടുംബശ്രീ എഡിഎംസിഎംസി ഇക്ബാൽ കാസർകോട് വാർത്തയോട് പ്രതികരിച്ചു.
ഭാവി ലക്ഷ്യം
പദ്ധതിയുടെ പ്രധാന ശ്രദ്ധ ഇപ്പോൾ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പിലേക്കുകയെന്നതും നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തകയെന്നതുമാണ്. വയോധികരുടെ പോഷക നിലയിലും വനിതാ യൂണിറ്റുകളുടെ സാമ്പത്തിക പുരോഗതിയിലും പദ്ധതിയുടെ സ്വാധീനം വിലയിരുത്തുന്നതിനുള്ള സംവിധാനങ്ങളും രൂപപ്പെടുത്തി വരുന്നു. കുടുംബശ്രീ മിഷൻ കാസർകോടിൻ്റെയും ജില്ലാ പഞ്ചായത്തിൻ്റെയും ഉറച്ച സഹകരണത്തോടെ എൽഡ പദ്ധതി മറ്റു സംസ്ഥാനങ്ങളിലേക്കും ജില്ലകളിലേക്കും വ്യാപിപ്പിക്കാവുന്ന ഒരു മികച്ച സാമൂഹ്യ സംരംഭ മാതൃകയായി ഉയർന്നു വരുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
കുടുംബശ്രീയുടെ ഈ പുതിയ സാമൂഹ്യ സംരംഭം നിങ്ങൾ എങ്ങനെ വിലയിരുത്തുന്നു? അഭിപ്രായം അറിയിക്കുക.
Article Summary: Kudumbashree's Elda project brings Geriatric Nutrition Food to elders in Kasaragod.
#EldaProject #Kudumbashree #Kasaragod #GeriatricNutrition #MinisterRBindu #WomensEmpowerment






