Eating Right | വിഷാദരോഗം അകറ്റാന്‍ മരുന്ന് തന്നെ വേണമെന്നില്ല; ഈ ആഹാര സാധനങ്ങള്‍ കഴിച്ചാല്‍ നല്ല ഫലമുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധര്‍
* ഇലക്കറികളില്‍ വിഷാദരോഗത്തെ അകറ്റാനുള്ള ഫോളേറ്റ് അടങ്ങിയിട്ടുണ്ട്
* ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നത് വഴി നല്ല മാനസിക ഉന്മേഷം ലഭിക്കും
കൊച്ചി:(KasargodVartha) ഒരു മാനസികാരോഗ്യ വൈകല്യമാണ് വിഷാദം. ഭൂരിഭാഗം ആളുകളും ഈ അവസ്ഥയിലൂടെ കടന്നുപോയിരിക്കാം. മനസിനെ ഏതെങ്കിലും ഒരു കാര്യം അലട്ടുകയാണെങ്കില്‍ അത് നമ്മുടെ തൊഴിലിനേയും പഠിത്തത്തേയും എന്തിന് എല്ലാ കാര്യങ്ങളേയും ബാധിച്ചിരിക്കും.
വിട്ടുമാറാത്ത സമ്മര്‍ദം വിഷാദരോഗത്തിന്റെ ഒരു കാരണമാണ്. എന്നിരുന്നാലും മാനസിക രോഗത്തിലേക്ക് നയിക്കുന്ന മറ്റ് പല കാരണങ്ങളുമുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2021-ലെ യുനിസെഫ് സര്‍വേ പ്രകാരം ഇന്‍ഡ്യയിലെ 15 മുതല്‍ 24 വയസ്സുവരെയുള്ളവരില്‍ 14 ശതമാനം പേരും വിഷാദത്തിന് അടിമപ്പെട്ടവരാണെന്ന് വ്യക്തമാക്കുന്നു. വിഷാദം പിടിപെട്ടവര്‍ ആത്മഹത്യയിലേക്ക് അഭയം തേടുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്.
വിഷാദരോഗം ചികിത്സിച്ച് മാറ്റാവുന്നതാണ്. കൗണ്‍സിലിംഗും മരുന്നുകളും കൊണ്ട് ഈ രോഗത്തെ പൂര്‍ണമായും ചികിത്സിക്കാന്‍ സാധിക്കുന്നതാണ്. അതിലുപരി നമ്മുടെ മാനസികാവസ്ഥ വര്‍ധിപ്പിക്കാനും വിഷാദരോഗത്തിനുള്ള സാധ്യത കുറയ്ക്കാനും ചില ഭക്ഷണങ്ങളിലൂടെ കഴിയുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ വിഷാദ രോഗത്തെ അകറ്റാന്‍ കഴിക്കേണ്ടതെന്ന് നോക്കാം.
*ധാന്യം
കാര്‍ബോഹൈഡ്രേറ്റ് നല്ലതും മോശവുമുണ്ട്. നല്ല കാര്‍ബോഹൈഡ്രേറ്റുകള്‍ സങ്കടത്തിനും വിഷാദത്തിനും എതിരെ പോരാടാന്‍ സഹായിക്കുന്നു. ധാന്യ ഉല്‍പന്നങ്ങള്‍ മലബന്ധം ഇല്ലാതാക്കുകയും ഊര്‍ജം നല്‍കുകയും ചെയ്യുന്നു. ധാന്യങ്ങളില്‍ അടങ്ങിയിരിക്കുന്ന സെലിനിയം, ഫ്രീ റാഡിക്കലുകളുമായി പോരാടുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. രോഗങ്ങളെ അകറ്റാനുള്ള ഫലപ്രദമായ ഭക്ഷണമാണ് ധാന്യങ്ങള്‍.
*ഇലക്കറികള്‍
ചീര, കെയ്ല്‍, കോളര്‍ഡ് ഗ്രീന്‍സ് തുടങ്ങിയ ഇലക്കറികളില്‍ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വിഷാദരോഗം അകറ്റാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും. വിഷാദരോഗമുള്ള ആളുകളില്‍ മഗ്നീഷ്യം കുറവായിരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇലക്കറികളില്‍ വിഷാദരോഗത്തെ അകറ്റാനുള്ള ഫോളേറ്റും അടങ്ങിയിട്ടുണ്ട്.
*സിട്രസ് പഴങ്ങള്‍
റാസ്ബെറി, സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക് ബെറി തുടങ്ങിയ പഴങ്ങളില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ കോശനാശത്തില്‍ നിന്ന് സംരക്ഷിക്കുന്നു. സിട്രസ് പഴങ്ങള്‍ക്ക് മാനസികാവസ്ഥ മെച്ചപ്പെടുത്താനുള്ള കഴിവും ഉണ്ട്.
*കാരറ്റ്
നാരുകളാല്‍ സമ്പന്നമായ കാരറ്റ് കുടലിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിനൊപ്പം വിഷാദം അകറ്റാനും സഹായിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കാരറ്റില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തില്‍ വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഫലങ്ങളുള്ളതായി കണക്കാക്കുന്നു. ആന്റി ഓക്‌സിഡന്റുകള്‍ കൂടുതലായി കഴിക്കുന്നത് വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങള്‍ കുറയ്ക്കുന്നതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
*ഡാര്‍ക് ചോക്കലേറ്റ്
ചോക്ലേറ്റ് മാനസികാവസ്ഥ മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നത് വഴി നല്ല മാനസിക ഉന്മേഷം ലഭിക്കാന്‍ സഹായിക്കുന്നു. എന്ന് വച്ച് കൂടുതല്‍ ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നതും നല്ലതല്ല, ആവശ്യമായ അളവില്‍ മാത്രം കഴിക്കുക.
*വാല്‍നട്ട്
തലച്ചോറിന്റെ ആകൃതിയിലുള്ള ഈ ഡ്രൈ ഫ്രൂട്ടില്‍ നിരവധി പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഗുണങ്ങള്‍ക്കൊപ്പം, വിഷാദരോഗ സാധ്യത കുറയ്ക്കാനും ഇതിന് കഴിയുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ഒമേഗ കൊഴുപ്പുകള്‍ മുതല്‍ പ്രോട്ടീന്‍, ഫൈബര്‍ മുതലായവ വരെ വാല്‍നട്ടില്‍ അടങ്ങിയിട്ടുണ്ട്. മാനസികാവസ്ഥ വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തെ ശക്തിപ്പെടുത്തുന്നതിനും സെല്‍ വളര്‍ചയ്ക്കും ഇതിലെ മഗ്‌നീഷ്യം ഉള്ളടക്കം സഹായിക്കുന്നുവെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
*മുട്ട
ഒരു സമീകൃത ആഹാരമാണ് മുട്ട. ഇതിലും നല്ല പ്രോട്ടീന്‍ സമ്പുഷ്ടമായ സമീകൃതാഹാരം വേറെയില്ലെന്ന് തന്നെ പറയാം. വിറ്റാമിന്‍ ബി, സിങ്ക്, ഒമേഗ 3 എന്നിവയും മുട്ടയില്‍ അടങ്ങിയിരിക്കുന്നു. നമ്മുടെ ഒരു ദിവസം ആരംഭിക്കുന്നതിനുള്ള മികച്ച ഭക്ഷണമാണ് ഇത്. വിശപ്പും അനാവശ്യ ഭക്ഷണ ആസക്തിയും തടയാന്‍ മുട്ട കഴിക്കുന്നതിലൂടെ കഴിയുന്നു. മുട്ട കഴിക്കുന്നത് മാനസികാവസ്ഥയെ തന്നെ മാറ്റുന്നു.
*മത്സ്യം
എണ്ണമയമുള്ള സാല്‍മണ്‍, അയല, ട്രൗട്ട്, മത്തി, ട്യൂണ എന്നിവ വിഷാദത്തിനെതിരെ പോരാടുന്നതിനുള്ള മികച്ച മത്സ്യവിഭവങ്ങളാണ്. കാരണം അവയില്‍ ഒമേഗ 3 കൊഴുപ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഈ കൊഴുപ്പുകള്‍ തലച്ചോറിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. കൂടാതെ മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതില്‍ പ്രധാനമായ ന്യൂറോ ട്രാന്‍സ്മിറ്ററായ സെറോടോണിന്റെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തുന്നു. മത്സ്യം കഴിക്കുന്ന ആളുകള്‍ക്ക് വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.