Drugs | ലഹരി തേടി പോകുന്ന മക്കളെ കടിഞ്ഞാണിടാൻ രക്ഷിതാക്കൾ ശ്രമിക്കുക

മുഹമ്മദലി നെല്ലിക്കുന്ന്
(KasargodVartha) കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു ഒരു കുടുംബത്തിലെ നാല് പേരെയടക്കം അഞ്ച് ആളുകളെ അതിക്രൂരമായി വെട്ടി കൊലപ്പെടുത്തിയതും ഒരാൾ മരണത്തോട് മല്ലടിക്കുന്നതും ആയ വാർത്ത. സ്വന്തം മാതാവിനേയും വലിയുമ്മയേയും പിതൃസഹോദരനെയും അവരുടെ ഭാര്യയേയും കൊലയാളിയുടെ പെൺസുഹൃത്തിനേയും സ്വന്തം അനുജനേയും അതിക്രൂരമായി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. അതിൽ നിന്നും മാതാവ് സുഖം പ്രാപിച്ചു വരികയാണ്.
മയക്കുമരുന്നിന് അടിമപ്പെട്ടവർക്കേ ഇത്തരം ക്രൂരതകളിലേർപ്പെടാൻ സാധിക്കുകയുള്ളു. മയക്കുമരുന്നിന്റെയും, കഞ്ചാവിന്റേയും വലയിൽ കുടുങ്ങി പോയാൽ അവിടെ മാതാവെന്നോ പിതാവെന്നോ കുടുംബമെന്നോ ചിന്തയുണ്ടാവില്ല. ഇന്നത്തെ യുവ തലമുറകൾ അതിമാരകമായ എം.ഡി.എം.എയുടേയും കഞ്ചാവിന്റേയും അടിമയായി ജീവിക്കുമ്പോൾ വീട്ടുകാർ അറിയുന്നില്ല മക്കൾ വഴിതെറ്റിപ്പോകുന്ന കാര്യം. എത്ര ബോധവൽക്കരണവും എത്ര കാമ്പയിനും നടത്തിയിട്ടും ഒരു മാറ്റവുമില്ലാത്ത നമ്മുടെ മക്കളും കൂട്ടുകാരും.
നമ്മുടെ മക്കളെ നീരാളിയെന്ന മയക്കുമരുന്നും, കഞ്ചാവും പിന്തുടരുന്നത് നമ്മളിയാതെ പോകുന്നു. രാവിലെ വീട്ടിൽ നിന്നും സ്കൂളിലേക്കും, കോളേജിലേക്കും, ജോലി സ്ഥലത്തേക്കുമെന്ന് പോകുന്നു. പക്ഷെ അവർ എവിടെ പോകുന്നുവെന്നോ, എന്തിന് പോകുന്നുവെന്നോ നമ്മൾ അന്വേഷിക്കുന്നുണ്ടോ? ഇല്ലായെന്നതാണ് സത്യം. കാരണം നമ്മുടെ മക്കളെ നമുക്ക് വിശ്വാസമാണ്. അവർ നമ്മളറിയാതെ ചതിച്ചു കൊണ്ടിരിക്കുകയാണെന്ന് നാം അറിയാതെ പോകുന്നു.
പഠന ശാലകളുടെ അകത്തളങ്ങൾ പോലും കയ്യടക്കി വാഴുകയാണ് കഞ്ചാവ് മയക്ക് മരുന്ന് മാഫിയകൾ. മയക്ക് മരുന്നിനും കഞ്ചാവിനും അടിമയായ മക്കൾ സ്വന്തം മാതാപിതാക്കന്മാരെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന വാർത്തകൾ നാം നിരന്തരം കേൾക്കുമ്പോഴും വാർത്തകൾ വായിക്കുമ്പോഴും രാത്രി സമയത്ത് കിടന്നുറങ്ങാൻ പോലും ഭയപ്പെടേണ്ടി വരുന്നു. എപ്പോഴാണ് അവരുടെ സ്വഭാവം മാറുകയെന്നറിയില്ലല്ലോ. മയക്ക് മരുന്നിന് അടിമയായ മക്കൾ അത് കിട്ടാതെയാകുമ്പോഴുള്ള മാനസിക വിഭ്രാന്തി മൂലം ക്രൂരമായ ആക്രമണത്തിന് കോപ്പു കൂട്ടുന്നു. അത് മാതാപിതാക്കളറിയുന്നില്ല.
സ്കൂളിലും കോളേജിലും പഠിക്കുവാൻ പോകുന്ന ആൺക്കുട്ടികളും പെൺക്കുട്ടികളും ഇന്ന് ലഹരി മാഫിയകളുടെ നീരാളിക്കെണിയിൽ പെട്ടിരിക്കുകയാണ്. ഇതിനെതിരെ പല ബോധവൽകരണവും കാമ്പയിനും നടത്തിയിട്ടുണ്ടെങ്കിലും ബോധവന്മാരാവാൻ സാധിക്കുന്നില്ലായെന്നതാണ് വാസ്തവം. അതിൽ നിന്നും മുക്തി നേടാൻ കഴിയാതെ അകപ്പെട്ട സ്ഥിതിയാണ് കാണാൻ സാധിക്കുന്നത്. ഇതിനെതിരെ അധികൃതർ രംഗത്ത് വന്ന് ലഹരി മാഫിയകളുടെ അടിവേര് അറുത്ത് കളഞ്ഞാൽ ഒരു പരിധി വരെ നമ്മുടെ നാടിനേയും മക്കളേയും രക്ഷിക്കാൻ കഴിഞ്ഞേക്കാം.
മുഖം നോക്കാതെ കർശന നടപടി സ്വീകരിച്ചാൽ ലഹരി മുക്ത നാടായി മാറ്റാൻ പറ്റും. റമദാൻ മാസത്തിലെ തറാവീഹ് നിസ്കാരത്തിനെന്ന് പറഞ്ഞ് വീടുകളിൽ നിന്നും പോകുന്ന മക്കൾ പള്ളിയിൽ എത്താറുണ്ടോയെന്നും, നിസ്കാരത്തിൽ പങ്കെടുക്കാറുണ്ടോയെന്നും നിരീക്ഷിക്കേണ്ടതുണ്ട്. നിസ്കാരം കഴിഞ്ഞ് സമയത്തിന് തിരിച്ച് വീട്ടിലെത്തുന്നുണ്ടോയെന്നു കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഉത്സവങ്ങളിലേക്കും മറ്റുമെന്ന് പറഞ്ഞ് രാത്രിയിൽ വീട്ടിൽ നിന്ന് മക്കൾ ഇറങ്ങുമ്പോഴും ഒരു കണ്ണ് വേണം.
മക്കളെ കൈവിട്ടു പോയാൽ തിരികെ പിടിക്കാൻ ബുദ്ധിമുട്ടാണെന്നുള്ളത് ഓർക്കുക. മനുഷ്യരെ കൊല്ലുന്ന ലഹരികൾ നാടിനാപത്താണ്. ലഹരി മൂലം വിലപ്പെട്ട ജീവനുകൾ പൊലിഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ്. പെരുമാറ്റത്തിലെ മാറ്റങ്ങൾ, മാനസികാവസ്ഥയിലെ വ്യതിയാനങ്ങൾ, കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമുള്ള പിൻമാറ്റം, പഠനത്തിലെ തകർച്ച, ക്ഷീണം, കണ്ണുകൾ ചുവക്കുക തുടങ്ങിയ ശാരീരിക ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അമാന്തിക്കരുത്.
ഇത്തരം കൊലയാളികൾക്ക് തക്കതായ മാതൃകാ പരമായ ശിക്ഷകൾ നൽകേണ്ടിയിരിക്കുന്നു. എന്നാലേ നാട് നന്നാവുകയുള്ളൂ. ലഹരി മാഫിയകളുടെ അടിവേരുകൾ പിഴുതെടുത്ത് നാടിനേയും, നമ്മുടെ മക്കളേയും, അവരുടെ മാതാപിതാക്കളേയും രക്ഷിക്കുവാൻ ഉന്നത ഉദ്യോഗസ്ഥരും സർക്കാരും രംഗത്ത് വരേണ്ടതുണ്ട്. മക്കളെ ശിക്ഷയും, ശിക്ഷണവുമില്ലാതെ വളർത്തുന്നതിന്റെ പൊരുത്തക്കേടാണ് നാം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നത്.
മക്കൾ സമയത്തിന് വീട്ടിൽ എത്തിയില്ലെങ്കിൽ, കൂട്ടുക്കെട്ട് ശരിയില്ലെങ്കിൽ ശിക്ഷിക്കുക അതാണ് രക്ഷിതാക്കളുടെ കടമ. എന്നാലെ നമ്മുടെ മക്കൾ ശരിയായ വഴിയിൽ വളരുകയുള്ളൂ. നാടിനെ വിഴുങ്ങുന്ന ലഹരിയെ കൊണ്ട് പലർക്കും പല ബുദ്ധിമുട്ടുകളാണ് അനുഭവിക്കേണ്ടി വരുന്നത്. ഖുർആൻ മനപാഠം പഠിക്കുവാൻ പോയ മകൻ പകുതി വഴിയിൽ നിന്നും ലഹരി മൂത്ത് തിരിച്ചു വന്ന് മാതാവിനെ കീഴ്പ്പെടുത്തി ലൈംഗിക ബന്ധം പുലർത്തിയ വാർത്തയും, സഹോദരിയെ ഗർഭിണിയാക്കിയ സഹോദരനും, പിതാവും മനസ്സിനെ വല്ലാത്ത വേദനിപ്പിച്ച വാർത്തയായിരുന്നു.
നാടിനേയും, കുടുംബത്തിനേയും വിഴുങ്ങി കൊണ്ടിരിക്കുന്ന മയക്കുമരുന്ന് നമ്മുടെ നാടിന് ആപത്താണ്. അതിനെതിരെ ശബ്ദിക്കുവാനും ഒറ്റക്കെട്ടായി പൊരുതാനും നാം പ്രയത്നിക്കേണ്ടിയിരിക്കുന്നു. അതിനായി ഉന്നത അധികാരികൾ ശക്തമായ നടപടിയുമായി മുന്നോട്ട് വരേണ്ടതുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Parents must be alert and try to protect children from the dangers of drugs, as drug abuse is leading to alarming acts of violence in society.
#DrugAbuse #FamilyViolence #AddictionAwareness #KochiNews #KasaragodNews #ParentingNews