Attack | നിരവധിപേരെ പട്ടി കടിച്ചു; 2 പേര്‍ക്ക് ഗുരുതര പരുക്ക്; പ്രതിഷേധവുമായി പ്രദേശവാസികള്‍
● ബൈകിന്റെ പിറകിലിരുന്ന് യാത്ര ചെയ്ത വയോധികനെയും കടിച്ചു.
● അസുഖം ബാധിച്ച നായയാണ് അക്രമകാരിയായതെന്ന് സമീപവാസികള്‍.
● പ്രദേശത്ത് തെരുവ് നായകളുടെ ശല്യം രൂക്ഷമാണെന്ന് ആരോപണം.
ചെമ്മനാട്: (KasargodVartha) ദേളിയില്‍ (Deli) നിരവധിപേരെ പട്ടി കടിച്ചു. വ്യാഴാഴ്ച (21.11.2024) രാത്രിയും വെള്ളിയാഴ്ച (22.11.2024) രാവിലെയുമായാണ് ആളുകളെ പട്ടി കടിച്ചത്. ഇതില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഉത്ഘാടനത്തിന് തയ്യാറെടുക്കുന്ന ദേളിയിലെ ഫാബ്രികേഷന്‍ കടയില്‍ രാവിലെ എത്തിയ ഉടമ ചട്ടഞ്ചാലിലെ ഇബ്രാഹിം (30), പരവനടുക്കം ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി ദീപക് (12) എന്നിവര്‍ക്കാണ് ഗുരുതരമായി കടിയേറ്റത്. രാവിലെ സ്‌കൂളിലേക്ക് നടന്നുപോകുമ്പോഴാണ് കുട്ടിയെ പട്ടി ആക്രമിച്ചത്.
രാത്രി ബൈകിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന വയോധികനെയും പിന്നാലെ ഓടിയെത്തിയ പട്ടി ചാടി കടിച്ചതായി വിവരമുണ്ട്. ഇവരും സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ടെന്ന് ദേളിയിലെ ഓടോ റിക്ഷ ഡ്രൈവര്‍മാര്‍ പറഞ്ഞു.
അസുഖം ബാധിച്ച നായയാണ് അക്രമകാരിയായി മാറിയതെന്ന് പ്രദേശവാസികള്‍ വെളിപ്പെടുത്തി. നായ ഇപ്പോള്‍ കോളിയടുക്കം ഭാഗത്തേക്ക് നീങ്ങിയതായാണ് വിവരം. ഈ പ്രദേശത്ത് തെരുവ് നായകളുടെ ശല്യം രൂക്ഷമാണെന്ന് ഇവര്‍ ആരോപിച്ചു. ഇവയുടെ ആക്രമണം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
#dogattack #straydogs #Kerala #Chemnad #publicsafety