Health | കുട്ടികളിലെ വിരശല്യം അകറ്റൂ, ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക; ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറയുന്നു
● 65% കുട്ടികള്‍ക്ക് വിരബാധയുള്ളതായി കണക്കുകള്‍.
● വിരകള്‍ വര്‍ധിക്കുംതോറും ആരോഗ്യപ്രശ്‌നങ്ങളും കൂടും.
● പഠനം തടസ്സപ്പെടുന്ന അവസ്ഥയും ഉണ്ടാകുന്നു.
കാസര്‍കോട്: (KasargodVartha) വിരശല്യത്തിനെതിരെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. മണ്ണില്‍കൂടി പകരുന്ന വിരകള്‍ ഇന്നും ഒരു പൊതുജനാരോഗ്യ പ്രശ്‌നമായി നിലനില്‍ക്കുന്നു. 65% കുട്ടികള്‍ക്കാണ് വിരബാധയുള്ളതായി കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിളര്‍ച്ച, തളര്‍ച്ച, ഉത്സാഹക്കുറവ്, തൂക്കക്കുറവ്, വയറുവേദന, വിശപ്പില്ലായ്മ, ഛര്‍ദ്ദിയും വയറിളക്കവും, മലത്തില്‍ വിരകള്‍ കാണപ്പെടുക, മലദ്വാരത്തിനു ചുറ്റും ചൊറിച്ചില്‍ എന്നിവയാണ് വിരബാധമൂലം കുട്ടികളില്‍ ഉണ്ടാകുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങള്‍.
കുട്ടികളുടെ ശരീരത്തില്‍ വിരകളുടെ തോത് വര്‍ധിക്കുംതോറും ആരോഗ്യപ്രശ്‌നങ്ങളും കൂടിവരും. തുടര്‍ന്ന് ശാരീരികവും മാനസികവുമായ വികാസ വൈകല്യങ്ങളും സ്‌കൂളില്‍ പോകാനാകാതെ പഠനം തടസ്സപ്പെടുന്ന അവസ്ഥയും ഉണ്ടാകുന്നു. കൈകഴുകാതെ ഭക്ഷണം കഴിക്കുകയോ ചെയ്യുക, മണ്ണില്‍ കളിക്കുക, ഈച്ചകള്‍ വഴി, മലം കലര്ന്ന വെള്ളം തിളപ്പിക്കാതെ ഉപയോഗിക്കുക എന്നിവ വഴി വിരബാധ ഉണ്ടാകാം.
വിരബാധ തടയാന്‍ എന്ത് ചെയ്യാം?
* ഭക്ഷണത്തിന് മുമ്പും ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക
* ടോയ്ലറ്റ് ഉപയോഗിച്ച ശേഷം കൈകാലുകള്‍ സോപ്പുപയോഗിച്ച് കഴുകുക
* പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക
* മനുഷ്യരുടെയും മൃഗങ്ങളുടെയും വിസ്സര്ജ്യങ്ങള്‍ ശരിയായി സംസ്‌കരിക്കുക
* മാംസം നന്നായി പാചകം ചെയ്ത് മാത്രം ഉപയോഗിക്കുക
* കുട്ടികളുടെ നഖങ്ങള്‍ വെട്ടി വൃത്തിയായി സൂക്ഷിക്കുക. അടിവസ്ത്രങ്ങള്‍ ദിവസവും മാറ്റുക
* വീടിന് പുറത്ത് പോകുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക
* ഭക്ഷണം അടച്ച് സൂക്ഷിക്കുക.
* തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
* തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്ജ്ജനം പാടില്ല
* ആറുമാസത്തിലൊരിക്കല്‍ വിര നശീകരണത്തിനായി വിരഗുളിക കഴിക്കുക.
ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി
ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയാരോഗ്യ ദൗത്യം, കുറ്റിക്കോല്‍ ഗവ. ഹൈസ്‌ക്കൂള്‍ എന്നിവ സംയുക്തമായി കുറ്റിക്കോല്‍ ഗവ. ഹൈസ്‌കൂളില്‍ വെച്ച് നടത്തിയ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു നിര്‍വഹിച്ചു. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം അധ്യക്ഷത വഹിച്ചു.
ദേശീയാരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സച്ചിന്‍ സെല്‍വ്, ബന്തഡുക്ക കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ സുബ്രായ കെ, കുറ്റിക്കോല്‍ ഗവ: ഹൈസ്‌കുള്‍ ഹെഡ്മാസ്റ്റര്‍ സന്തോഷ് കുമാര്‍, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ & മീഡിയ ഓഫീസര്‍ സയന എസ്, ഡി.പി.എച്ച്.എന്‍ ഗീത എം, കുറ്റിക്കോല്‍ ഗവ: ഹൈസ്‌കുള്‍ പി.ടി.എ പ്രസിഡണ്ട് രാജേഷ് ബാബു എന്നിവര്‍ സംസാരിച്ചു.
ജില്ലാ ആര്‍ സി എച് ഓഫീസര്‍ ഡോ ഷാന്റ്റി കെ സ്വാഗതവും ബന്തഡുക്ക കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനീഷ് ജോര്‍ജ് നന്ദിയും പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), കാസറഗോഡ് അസിസ്റ്റന്റ് ടു ആര്‍.സി.എച്ച് ഡോ. ബേസില്‍ വര്‍ഗീസ് വിഷയാവതരണം നടത്തി. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ അങ്കണവാടികള്‍, വിദ്യാലയങ്ങള്‍ എന്നിവ കേന്ദ്രികരിച്ചാണ് ആരോഗ്യ വകുപ്പ് ഒന്ന് മുതല്‍ 19 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് വിരഗുളിക വിതരണം ചെയ്തു.
#worminfestation, #childhealth, #kerala, #hygiene, #prevention, #deworming