Demanded | എൻഡോസൾഫാൻ ദുരിതബാധിതർക്ക് നീതി നിഷേധം: പെൻഷൻ കുടിശ്ശിക ഉടനെ നൽകണമെന്ന് മുളിയാർ പീപ്പിൾസ് ഫോറം
എൻഡോസൾഫാൻ റെമിഡിയേഷൻ സെല്ലിന്റെ പ്രവർത്തനങ്ങൾ അവലോകനം നടത്തേണ്ട യോഗം ചേർന്നിട്ട് ഒന്നര വർഷമായിട്ടും ജില്ലാ ഭരണകൂടം ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല
ബോവിക്കാനം: (KasargodVartha) എൻഡോസൾഫാൻ ദുരിതബാധിതരുടെ അഞ്ച് മാസത്തെ പെൻഷൻ കുടിശ്ശിക ഉടനടി നൽകണമെന്ന് ആവശ്യപ്പെട്ട് മുളിയാർ പീപ്പിൾസ് ഫോറം രംഗത്ത് വന്നു. ജില്ലയിലെ 6700-ഓളം ദുരിതബാധിതർ ചികിത്സയ്ക്കും ചിലവിനും പണമില്ലാതെ ബുദ്ധിമുട്ടുകയാണെന്ന് ഫോറം ആരോപിച്ചു.
എൻഡോസൾഫാൻ റെമിഡിയേഷൻ സെല്ലിന്റെ പ്രവർത്തനങ്ങൾ അവലോകനം നടത്തേണ്ട യോഗം ചേർന്നിട്ട് ഒന്നര വർഷമായിട്ടും ജില്ലാ ഭരണകൂടം ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
മംഗലാപുരത്തെ ആശുപത്രികളിൽ നേരത്തെ ലഭിച്ചിരുന്ന ചികിത്സ ഇപ്പോൾ വർഷം ഒന്ന് കഴിഞ്ഞു. സർക്കാർ ആശുപത്രികളിൽ നിന്ന് മരുന്ന് ലഭിക്കുന്നില്ല. പി എച്ച്സികളിൽ ദുരിതബാധിതർക്ക് സേവനങ്ങൾ നൽകാൻ പഞ്ചായത്ത് തലത്തിൽ നിയമിച്ചിരുന്ന ജീവനക്കാരെ പിരിച്ചുവിട്ടതിനാൽ ദുരിതബാധിതർക്ക് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാകുന്നില്ല.
2017-ന് ശേഷം ജനിച്ച കുട്ടികളെ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയില്ല എന്ന സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്നും ഫോറം ആവശ്യപ്പെട്ടു.
ഫോറം പ്രസിഡന്റ് ബി. അഷ്റഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി മസൂദ് ബോവിക്കാനം, ഭാരവാഹികളായ കെ. സുരേഷ് കുമാർ, മൻസൂർ മല്ലത്ത്, വേണു മാസ്റ്റർ, സാദത്ത് മുതലപ്പാറ എന്നിവർ പ്രസംഗിച്ചു.
#EndosulfanVictims #JusticeForEndosulfanVictims #Kerala #Protest #GovernmentFailure #HealthCrisis #PensionArrears