Salt | ഭക്ഷണത്തിലൂടെ ഉപ്പ് അധികമായാല്‍ ശരീരത്തിന് എന്ത് സംഭവിക്കും? അറിയേണ്ട കാര്യങ്ങൾ
Mar 29, 2024, 12:35 IST
കൊച്ചി: (KasaragodVartha) അടുക്കളയിലെ നിത്യോപയോഗ സാധനമാണ് ഉപ്പ്. ഇതില്ലാത്ത അടുക്കള ഉണ്ടാവില്ല. പാചകത്തിൽ ഉപ്പ് വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ ആവശ്യത്തിന് ഉപയോഗിക്കുന്നതിനുമപ്പുറം ഉപ്പ് ഉപയോഗം അമിതമായാൽ ഉണ്ടാകാൻ പോവുന്നത് വലിയ ഭവിഷ്യത്താണ് എന്ന കാര്യം കൂടി മനസിലാക്കേണ്ടതുണ്ട്. ഉപ്പിൽ അടങ്ങിയിട്ടുള്ള സോഡിയം നമ്മുടെ ആരോഗ്യത്തിന് മോശവും ശരീരത്തിന് നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമാവുകയും ചെയ്യും. രക്ത സമ്മർദം ഉയരാൻ ഉപ്പിന്റെ അമിതമായ ഉപയോഗം കാരണമായേക്കും. ഇതിലെ സോഡിയം പ്രശ്നക്കാരൻ തന്നെയാണ്. ഹൃദയത്തിന്റെ ആരോഗ്യത്തെയും അത് ബാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാക്കാൻ ഉപ്പ് വഴിവെച്ചേക്കാം. അകാല മരണത്തിന് വരെ ഉപ്പിന്റെ അമിത ഉപയോഗം കാരണമാവാം. ഒമ്പത് വർഷത്തോളമുള്ള പഠനത്തിൽ നിന്നാണ് ഗവേഷകർ ഉപ്പ് അമിതമായാൽ ആയുർദൈർഘ്യത്തെ വരെ ബാധിച്ചേക്കാം എന്ന കണ്ടെത്തൽ നടത്തിയത്. പ്രായം, ലിംഗവ്യത്യാസം, കാലാവസ്ഥ, മറ്റ് അസുഖങ്ങള്‍, പുകവലി, മദ്യപാനം ഉപയോഗം പോലുള്ള ശീലങ്ങള്‍ ഇവയൊക്കെ സാധീനിച്ചു കൊണ്ടായിരിക്കും ഉപ്പിന്റെ ഉപയോഗം മൂലമുള്ള പ്രശ്നങ്ങളുടെ തോത് കൂടുന്നത്.
ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, പാക്കറ്റ് ഫുഡ് തുടങ്ങിയ അനാരോഗ്യ ഭക്ഷണ ശീലങ്ങളിൽ നിന്നും ഉപ്പ് ശരീരത്തിലേക്ക് അധികമായി ചേരാം. പക്ഷാഘാതം പോലെയുള്ള ഗുരുതര അവസ്ഥയിലേക്ക് വരെ ഉപ്പിന്റെ അമിത ഉപയോഗം എത്തിച്ചേക്കാം. ആഹാര ശീലങ്ങൾ എപ്പോഴും ആരോഗ്യകരമായിരിക്കണം. നല്ല ആഹാരങ്ങൾ നല്ല ആരോഗ്യം നൽകുന്നതിനൊപ്പം അസുഖങ്ങൾ കുറയ്ക്കുകയും ചെയ്യും. പഴങ്ങളും പച്ചക്കറികളും ആവശ്യത്തിന് ദൈനംദിന ആഹാര ശീലങ്ങളിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. നല്ല ആഹാര ശീലങ്ങൾക്കൊപ്പം വ്യായാമവും നല്ല ഉറക്കവും കൊണ്ട് ആരോഗ്യത്തെ പരമാവധി സംരക്ഷിക്കാൻ ശ്രമിക്കുക.
Keywords: News, National, Salt, Health, Lifestyle, Diseases, Food, Junk Food, Fast Food, Packet Food, Paralysis, Dangers of Consuming Too Much Salt.