ചുമ മരുന്നുകൾക്ക് വിലക്ക്: എട്ടു കുട്ടികൾ മരിച്ച സംഭവത്തിൽ കർശന നടപടി; കേരളത്തിൽ കോൾഡ്രിഫ് സിറപ്പിന്റെ വിതരണം നിർത്തിവെച്ചു
● പ്രശ്നമുള്ള 'എസ്.ആർ. 13' ബാച്ച് കേരളത്തിൽ വിറ്റഴിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
● സംസ്ഥാനത്തെ എട്ട് വിതരണക്കാർ വഴി വിൽപന നടത്തുന്ന കോൾഡ്രിഫിൻ്റെ വിതരണം നിർത്തിവെച്ചു.
● ഡ്രഗ്‌സ് കൺട്രോൾ വകുപ്പിൻ്റെ നേതൃത്വത്തിൽ മറ്റ് ചുമ സിറപ്പുകളുടെ സാമ്പിളുകളും ശേഖരിക്കുന്നു.
ന്യൂഡൽഹി/ തിരുവനന്തപുരം: (KasargodVartha) രണ്ടു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ- ജലദോഷ മരുന്നുകൾ നിർദ്ദേശിക്കരുതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കർശന നിർദ്ദേശം നൽകി.
മധ്യപ്രദേശിലും രാജസ്ഥാനിലുമായി സർക്കാർ ആശുപത്രികളിൽ നിന്ന് നൽകിയ ചുമ മരുന്ന് കഴിച്ച് ഒരു മാസത്തിനിടെ എട്ട് കുട്ടികൾ മരിച്ച ദാരുണ സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ സുപ്രധാന തീരുമാനം.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കും ചുമ മരുന്ന് നൽകുന്നത് കഴിയുന്നതും ഒഴിവാക്കണമെന്നും, അടിയന്തിര ഘട്ടങ്ങളിൽ മാത്രം ആരോഗ്യ വിദഗ്ധരുടെ മേൽനോട്ടത്തിൽ നൽകിയാൽ മതിയെന്നും നിർദ്ദേശത്തിൽ പറയുന്നു. ഒന്നിലധികം മരുന്നുകളുടെ സംയുക്തം ഒഴിവാക്കാനും മരുന്ന് ദീർഘനാളത്തേക്ക് നൽകരുതെന്നും ഡിജിഎച്ച്എസ് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
കുറിപ്പടി ഇല്ലാതെ മരുന്ന് നൽകരുത്
ഡോക്ടർമാരുടെ കുറിപ്പടി ഇല്ലാതെ ഒരു കാരണവശാലും ചുമ മരുന്ന് നൽകരുതെന്നും ഡിജിഎച്ച്എസ് കർശനമായി നിർദ്ദേശിച്ചു. ഈ നിർദ്ദേശം എല്ലാ മെഡിക്കൽ സ്റ്റോറുകളും പാലിക്കണം. അതിനിടെ, പരാതി ലഭിച്ച മരുന്നു കമ്പനികൾക്കെതിരെ വിവിധ സംസ്ഥാനങ്ങൾ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിൽ കോൾഡ്രിഫ് സിറപ്പിന് വിലക്ക്
കേന്ദ്രത്തിൻ്റെ നിർദ്ദേശത്തിന് പിന്നാലെ കേരളത്തിലും കുട്ടികൾക്ക് നൽകുന്ന ചുമ മരുന്നുകൾക്ക് കർശന നിരീക്ഷണവും നിയന്ത്രണവും ഏർപ്പെടുത്തി. കേരളത്തിന് പുറത്ത് നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കോൾഡ്രിഫ് സിറപ്പിന്റെ വിൽപനയും വിതരണവും സംസ്ഥാനത്ത് നിർത്തിവെച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
കോൾഡ്രിഫ് സിറപ്പിൻ്റെ 'എസ്.ആർ. 13' ബാച്ചിൽ പ്രശ്നം കണ്ടെത്തിയെന്ന വിവരമാണ് കർഷന നടപടിയിലേക്ക് നയിച്ചത്. പ്രാഥമിക അന്വേഷണത്തിൽ ഈ പ്രത്യേക ബാച്ച് മരുന്ന് കേരളത്തിൽ വിൽപന നടത്തിയിട്ടില്ലെന്നാണ് സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് മനസ്സിലാക്കിയത്.
എങ്കിലും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് കോൾഡ്രിഫ് മരുന്നിൻ്റെ വിതരണവും വിൽപനയും പൂർണമായും നിർത്തിവെക്കാൻ ഡ്രഗ്‌സ് കൺട്രോളർ, ഡ്രഗ്‌സ് ഇൻസ്‌പെക്ടർമാർക്ക് നിർദേശം നൽകിയത്.
ശക്തമായ പരിശോധനകൾ
കേരളത്തിൽ എട്ട് വിതരണക്കാർ വഴിയാണ് കോൾഡ്രിഫ് സിറപ്പിൻ്റെ വിൽപന നടക്കുന്നത്. ഈ എല്ലാ വിതരണ കേന്ദ്രങ്ങളിലും വിൽപനയും വിതരണവും നിർത്തിവെക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, സംസ്ഥാനത്തെ എല്ലാ മെഡിക്കൽ സ്റ്റോറുകൾ വഴിയുള്ള കോൾഡ്രിഫ് സിറപ്പിൻ്റെ വിൽപനയും നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
സംസ്ഥാനത്ത് ഡ്രഗ്‌സ് കൺട്രോൾ വകുപ്പിൻ്റെ നേതൃത്വത്തിൽ ശക്തമായ പരിശോധനകളാണ് ഇപ്പോൾ നടന്നു വരുന്നത്. കോൾഡ്രിഫ് സിറപ്പിൻ്റെ സാമ്പിളുകൾ ഇതിനോടകം തന്നെ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിനൊപ്പം മറ്റ് ചുമ സിറപ്പുകളുടേയും സാമ്പിളുകൾ ശേഖരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.
കേരളത്തിൽ ചുമ മരുന്നുകൾ നിർമ്മിക്കുന്ന അഞ്ച് കമ്പനികളുടെ മരുന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്താനും ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
മെഡിക്കൽ സ്റ്റോറുകൾക്ക് നിർദ്ദേശം
സെൻട്രൽ ഡി.ജി.എച്ച്.എസ്സിന്റെ നിർദ്ദേശപ്രകാരം സംസ്ഥാനത്ത് കർശന ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്.
● രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ഡോക്ടർമാർ ചുമയ്ക്കുള്ള സിറപ്പ് പ്രിസ്‌ക്രൈബ് ചെയ്യരുത്.
● അഥവാ അത്തരത്തിൽ മരുന്ന് കുറിപ്പടി വന്നാലും ചുമയ്ക്കുള്ള സിറപ്പ് നൽകരുത്.
● അഞ്ച് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ചുമയ്ക്കുള്ള സിറപ്പ് നൽകുന്നെങ്കിൽ നിരീക്ഷണം ശക്തമാക്കണം.
കെ.എം.എസ്.സി.എൽ. വഴി കോൾഡ്രിഫ് സിറപ്പ് വിതരണം ചെയ്യുന്നില്ലെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഈ സുപ്രധാന വാർത്ത നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ബന്ധുക്കളിലേക്കും ഷെയർ ചെയ്യുക.
Article Summary: Following 8 child deaths, Central Govt. bans cough syrup for under-2s; Kerala stops Coldrif sale.
#CoughSyrupBan #KeralaHealth #DGHS #ChildSafety #ColdrifSyrup #VeenaGeorge






