city-gold-ad-for-blogger

മുച്ചിറി, മുറിഅണ്ണാക്ക് വൈകല്യങ്ങൾ ഇനി സൗജന്യമായി മാറ്റിയെടുക്കാം

Press conference about free cleft lip and palate treatment in Kozhikode.
KasargodVartha Photo

● 18 വയസ്സുവരെ പല ഘട്ടങ്ങളിലായി ചികിത്സ ആവശ്യമാണ്.
● ചികിത്സ വൈകിയാൽ ഫലപ്രാപ്തി കുറയും.
● സ്‌മൈൽ ട്രെയിൻ 87 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.
● കഴിഞ്ഞ 20 വർഷത്തിനിടെ 15 ലക്ഷം കുട്ടികൾക്ക് ചികിത്സ നൽകി.

കാസർകോട്: (KasargodVartha) മുച്ചിറി, മുറിഅണ്ണാക്ക് (Cleft lip & Palate) എന്നീ വൈകല്യങ്ങളുള്ള കുട്ടികൾക്കായി ലോകത്തിലെ 87 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സ്‌മൈൽ ട്രെയിൻ എന്ന അന്താരാഷ്ട്ര ചാരിറ്റി സംഘടനയുടെ അംഗീകാരം കോഴിക്കോട് സ്റ്റാർ കെയർ ആശുപത്രിക്ക് ലഭിച്ചു. 

ഇതോടെ സ്റ്റാർ കെയറിലെ ഡെന്റൽ & മാക്സിലോഫേഷ്യൽ സർജറി വിഭാഗത്തിൽ, ഈ വൈകല്യങ്ങളോടെ ജനിക്കുന്ന കുഞ്ഞുങ്ങൾക്കുള്ള ചികിത്സകളും സർജറികളും ഇനിമുതൽ പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇന്ത്യയിൽ ജനിക്കുന്ന ഓരോ 700 കുട്ടികളിലും ഒരാൾക്ക് ഈ വൈകല്യങ്ങൾ കാണപ്പെടാറുണ്ട്. ശരിയായ ചികിത്സയിലൂടെ 95% വൈകല്യങ്ങളും പരിഹരിക്കാൻ സാധിക്കും. ജനിച്ച ആദ്യ ആഴ്ച മുതൽ 18 വയസ്സുവരെ പല ഘട്ടങ്ങളിലായി നീണ്ടുനിൽക്കുന്ന ചികിത്സയാണ് ഇവർക്ക് ആവശ്യമായി വരുന്നത്. ഈ അവസ്ഥയിലുള്ള കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനും ശ്വസിക്കുന്നതിനും കേൾക്കുന്നതിനും സംസാരിക്കുന്നതിനും ബുദ്ധിമുട്ടുകൾ ഉണ്ടാകും.

ചികിത്സയുടെ പൂർണ്ണ ഫലം ലഭിക്കണമെങ്കിൽ, പല ഘട്ടങ്ങളിലായി ചെയ്യേണ്ട സർജറികൾ കൃത്യസമയത്ത് തന്നെ നടത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ, ചികിത്സയെക്കുറിച്ചുള്ള അജ്ഞതയും സാമ്പത്തിക ബുദ്ധിമുട്ടുകളും പലപ്പോഴും മാതാപിതാക്കളെ ശരിയായ ചികിത്സ നൽകുന്നതിൽ നിന്ന് തടയുന്നു.

ചികിത്സയുടെ ആദ്യ ഘട്ടങ്ങൾ ജനിച്ച ആദ്യ ആഴ്ചയിൽ തന്നെ തുടങ്ങുന്നതാണ് ഏറ്റവും ഉചിതം. വൈകുംതോറും ചികിത്സയുടെ ഫലപ്രാപ്തി കുറഞ്ഞുവരും. ആദ്യ ആഴ്ചയിൽത്തന്നെ വൈകല്യമുള്ള കുഞ്ഞിനെ നാസോ അൽവിയോളാർ മോൾഡിങ്ങിന് വിധേയമാക്കണം. 

മുച്ചിറിയുടെ ആദ്യ ശസ്ത്രക്രിയ മൂന്നാം മാസത്തിലും, കുട്ടി സംസാരിക്കാൻ തുടങ്ങുന്നതിന് മുൻപ് അതായത് ഒമ്പത് മാസം പ്രായമാകുമ്പോൾ മുറിഅണ്ണാക്കിന്റെ ശസ്ത്രക്രിയയും ചെയ്യേണ്ടതുണ്ട്. തുടർന്ന് സംസാര വൈകല്യം പരിഹരിക്കുന്നതിനായി സ്പീച്ച് തെറാപ്പിയും ആവശ്യമെങ്കിൽ സ്പീച്ച് സർജറിയും ചെയ്യേണ്ടിവരും.

ചില സന്ദർഭങ്ങളിൽ മുകളിലെ താടിയെല്ലിന്റെ വളർച്ചക്കുറവും പല്ലുകളുടെ നിരയൊപ്പിക്കലും അനുബന്ധമായി ചെയ്യേണ്ടിവരും. 9-നും 11-നും ഇടയിൽ പ്രായമാകുമ്പോൾ മോണയിലുള്ള പിളർപ്പ് ശരിയാക്കുന്നതിനായി എസ്.എ.ബി.ജി (SABG) എന്ന ശസ്ത്രക്രിയ നടത്തുന്നു. 

ഇതിനുശേഷം പല്ലിൽ കമ്പിയിടുകയും ആവശ്യമെങ്കിൽ താടിയെല്ലിന്റെ വൈകല്യം മാറ്റാനുള്ള സർജറിയും വേണ്ടി വന്നേക്കാം. ഈ ചികിത്സകളും അനുബന്ധ ചെലവുകളുമാണ് സ്റ്റാർ കെയർ ഹോസ്പിറ്റലിൽ സ്‌മൈൽ ട്രെയിൻ അംഗീകാരത്തിലൂടെ സൗജന്യമായി ലഭിക്കുന്നത്.

ന്യൂയോർക്ക് സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാഭേച്ഛയില്ലാത്ത ചാരിറ്റി സംഘടനയാണ് സ്‌മൈൽ ട്രെയിൻ. മുച്ചിറി, മുറിഅണ്ണാക്ക് വൈകല്യങ്ങൾ ഇല്ലാതാക്കാൻ ആഗോളതലത്തിൽ 87 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇവർ പ്രാദേശിക ഡോക്ടർമാർക്ക് പരിശീലനം നൽകുകയും ശസ്ത്രക്രിയകൾക്കായി ആശുപത്രികൾക്ക് ധനസഹായം നൽകുകയും ചെയ്യുന്നു. 

കഴിഞ്ഞ 20 വർഷത്തിനിടെ 15 ലക്ഷം കുട്ടികൾക്ക് സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതും സൗജന്യവുമായ ചികിത്സയും പരിചരണവും ഇവർ നൽകിക്കഴിഞ്ഞു.

വാർത്താസമ്മേളനത്തിൽ ഡോ. ഹരികൃഷ്ണൻ, സ്‌മൈൽ ട്രെയിൻ പ്രൊജക്റ്റ് മാനേജർ പി. മോഹനൻ എന്നിവർ പങ്കെടുത്തു.

മുച്ചിറി, മുറിഅണ്ണാക്ക് ചികിത്സകളെക്കുറിച്ചുള്ള സംശയങ്ങൾക്ക് ബന്ധപ്പെടാവുന്ന ഹെൽപ്പ് ലൈൻ നമ്പർ: 8086668323.

 

ഈ സൗജന്യ ചികിത്സാ പദ്ധതിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

Article Summary: Free treatment for cleft lip and palate in Kozhikode hospital.

#CleftLip, #SmileTrain, #Kozhikode, #FreeTreatment, #Health, #Kerala

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia