Urinary Infection | മൂത്രത്തില്‍ പഴുപ്പ് വന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് അറിയാം
*ഒരിക്കലും സ്വയം ചികിത്സ നടത്തരുത്
* പ്രമേഹ രോഗികള്‍, ഗര്‍ഭിണികള്‍ എന്നിവരില്‍ ഈ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെ
കൊച്ചി:(KasargodVartha) മൂത്രത്തിലെ പഴുപ്പ് അഥവാ യൂറിനറി ഇന്‍ഫെക്ഷനെ പലരും അവഗണിക്കുകയാണ് ചെയ്യാറുള്ളത്. തീരെ വയ്യാതിരിക്കുമ്പോള്‍ മാത്രമാണ് പലരും ഡോക്ടറെ കാണാനും മരുന്നുകള്‍ എടുക്കാനും തയാറാകുന്നത്. അല്‍പം ഭേദമായെന്ന് തോന്നിയാല്‍ പിന്നെ മരുന്നും വേണ്ട ശ്രദ്ധയും ഉണ്ടാകില്ല.
എന്നാല്‍ ഇത്തരം അവഗണന നമുക്ക് തന്നെ പിന്നീട് വിനയാകുന്നു. കാരണം കിഡ് നി സ്റ്റോണ്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ക്ക് ഇത് വഴിവെക്കുന്നു. മൂത്രപ്പഴുപ്പ് ഒരിക്കലും നിസ്സാരമായി കാണേണ്ട ഒന്നല്ല. ഇത് പലപ്പോഴും പല ഗുരുതര രോഗങ്ങളുടേയും ലക്ഷണങ്ങളില്‍ ഒന്നാണ്. മൂത്രനാളിയില്‍ കാണുന്ന തടസങ്ങളാണ് പലപ്പോഴും മൂത്രത്തില്‍ പഴുപ്പിന് കാരണമാകുന്നത്. ഒരിക്കലും ഇത്തരം രോഗങ്ങള്‍ക്ക് സ്വയം ചികിത്സ നടത്തരുത്. ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പലപ്പോഴും പല വിധത്തിലുള്ള രോഗങ്ങളിലേക്കും നയിക്കുന്നു.
പുരുഷന്‍മാരേക്കാള്‍ സ്ത്രീകളെ ബാധിക്കുന്ന രോഗാവസ്ഥയാണ് മൂത്രത്തില്‍ പഴുപ്പ്. ചിലരില്‍ രോഗത്തിന് മുന്‍പ് തന്നെ പല ലക്ഷണങ്ങളും ശരീരത്തില്‍ പ്രകടമാകും. ചിലരിലാകട്ടെ യാതൊരു വിധത്തിലുള്ള ലക്ഷണങ്ങളും കാണിക്കുകയില്ല.
നല്ലൊരു ശതമാനം സ്ത്രീകളും പലപ്പോഴും മൂത്രത്തില്‍ പഴുപ്പ് കൊണ്ട് കഷ്ടപ്പെടുന്നവരാണ്. മൂത്രസഞ്ചിയില്‍ കെട്ടി നില്‍ക്കുന്ന മൂത്രം പലപ്പോഴും അണുബാധക്ക് കാരണമാകുന്നു. മൂത്ര സഞ്ചിയില്‍ നിന്ന് വൃക്കയിലേക്ക് മൂത്രം തിരിച്ച് പോവുമ്പോഴും ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നു.
പ്രമേഹ രോഗികള്‍, ഗര്‍ഭിണികള്‍ എന്നിവരില്‍ മൂത്രത്തില്‍ പഴുപ്പ് കൂടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. മൂത്രം പരിശോധിച്ച് അണുബാധ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് തിരിച്ചറിയേണ്ടതാണ്.
മൂത്രപ്പഴുപ്പ് വരാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം എന്ന് നോക്കാം.
*വെള്ളം ധാരാളം കുടിക്കുക
ധാരാളം വെള്ളം കുടിക്കുന്നത് വഴി ഇന്‍ഫക്ഷനെ ചെറുക്കാന്‍ കഴിയുന്നു. രോഗകാരണമാകുന്ന ബാക്ടീരിയകളെ മൂത്രത്തിലൂടെ പുറന്തള്ളാന്‍ കഴിയുന്നു. മാത്രമല്ല, മറ്റ് രോഗങ്ങളെ ചെറുക്കുന്നതിനും സഹായിക്കുന്നു.
*വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം
വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് മൂത്രത്തിലെ പഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ശരീരത്തില്‍ ആവശ്യത്തിന് വൈറ്റമിന്‍ സി എത്തിക്കഴിഞ്ഞാല്‍ പിന്നെ അത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് മൂത്രത്തിലെ ബാക്ടീരിയയെ ഇല്ലാതാക്കുന്നു. പല ആരോഗ്യ പ്രതിസന്ധിക്കും അണുബാധക്കും പരിഹാരം കാണുന്നു. സിട്രസ് ഫ്രൂട്സിലെ ബാക്ടീരിയകളെ ഇല്ലാതാക്കാന്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണത്തിന് കഴിവുണ്ട്.
*ക്രാന്‍ബെറി ജ്യൂസ്
ക്രാന്‍ബെറി ജ്യൂസ് കുടിക്കാന്‍ ശ്രദ്ധിക്കുക. ഇതിലുള്ള പുളിയാണ് ബാക്ടിരീയകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത്. എന്നാല്‍ ജ്യൂസില്‍ ഒരിക്കലും പഞ്ചസാര ചേര്‍ക്കാന്‍ പാടില്ല. ക്രാന്‍ബെറി ജ്യൂസ് സ്ഥിരമായി കഴിക്കുന്നവരില്‍ പൂര്‍ണമായും യൂറിനറി ഇന്‍ഫെക്ഷന്‍ ഇല്ലാതാകുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
*തൈര് ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക
തൈര്, പുളിപ്പിച്ച് തയാറാക്കുന്ന മറ്റ് ഭക്ഷണങ്ങള്‍ എല്ലാം തന്നെ ധാരാളം കഴിക്കാം. ഇതിലെല്ലാം പ്രോബയോട്ടിക് ധാരാളം അടങ്ങിയിട്ടുണ്ട്. അതിനൊപ്പം പച്ചക്കറികളും ധാരാളം കഴിക്കണം. ദോശ, ഇഡ്ഡലി എന്നിവയെല്ലാം കഴിക്കുന്നതും നല്ലതാണ്. ഇതുവഴി ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.
ലക്ഷണങ്ങള്‍:
* മൂത്രത്തില്‍ നുരയും പതയും
മൂത്രമൊഴിക്കുമ്പോള്‍ അകാരണമായി അതില്‍ നുരയോ പതയോ കണ്ടെത്തിയാല്‍ അവഗണിക്കരുത്. ഉടന്‍ തന്നെ ഡോക്ടറുടെ അടുത്ത് പോയി പരിശോധനകള്‍ നടത്തി കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
*മൂത്രത്തിന്റെ നിറം മാറ്റം
മൂത്രത്തിന്റെ നിറം മാറ്റവും ശ്രദ്ധിക്കേണ്ടതാണ്. കട്ടന്‍ചായയുടെ നിറം മൂത്രത്തിന് ഉണ്ടെങ്കില്‍ അത് മൂത്രാശയ അണുബാധക്ക് കാരണമാകുന്നുണ്ട്. മാത്രമല്ല മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണപ്പെടുക, മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവയെല്ലാം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കാന്‍ ശ്രദ്ധിക്കുക.
*അമിത ക്ഷീണം
അമിത ക്ഷീണവും മൂത്ര പഴുപ്പിന്റെ ലക്ഷണങ്ങളില്‍പെടുന്നു. വൃക്കയുടെ തകരാറാണ് ഇതിന് പിന്നില്‍. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ സമീപിക്കാന്‍ ശ്രദ്ധിക്കുക. പേശികള്‍ ക്ഷീണിക്കുന്നത് മൂലമാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. ചിലരില്‍ വിറയലോട് കൂടിയ പനിയും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.
*ശരീര വേദന
ശരീരവേദന അനുഭവപ്പെടുന്നുണ്ടെങ്കിലും വളരെയധികം ശ്രദ്ധിക്കണം. മുതുകിലും പിന്‍ഭാഗത്തും നടുവിലും വേദനയും അസ്വസ്ഥതയും ഉണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. മൂത്രാശയ സംബന്ധമായ അണുബാധ ഉണ്ടെന്നതിനുള്ള ലക്ഷണങ്ങളാണിത്. പിന്നീട് ഇത് വൃക്കരോഗത്തിലേക്ക് എത്തപ്പെടാം.
*കൈകാലുകളിലെ നീര്
കൈകാലുകളിലെ നീരിനേയും സൂക്ഷിക്കുക. എന്നാല്‍ ഇത് പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. വൃക്കരോഗമുള്ളവരില്‍ മൂത്രാശയ സംബന്ധമായ പ്രശ്നം മൂര്‍ഛിക്കുമ്പോള്‍ ഇത്തരം അവസ്ഥകള്‍ ഉണ്ടാകാറുണ്ട്.
*രുചിയില്ലായ്മ
മൂത്രാശയ അണുബാധ ഉള്ളവരില്‍ പലപ്പോഴും രുചിയില്ലായ്മയും പനിയും വായില്‍ അമോണിയ ഗന്ധവും അനുഭവപ്പെടുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതിനും സാധ്യതയുണ്ട്. മൂത്രത്തില്‍ പഴുപ്പ് ഒരിക്കലും സ്വയം ചികിത്സയിലൂടെ മാറ്റാന്‍ പറ്റുന്ന ഒന്നല്ല. ഇത് കാര്യങ്ങളെ കൂടുതല്‍ ഗൗരവത്തിലാക്കുമെന്ന കാര്യം മറക്കരുത്.