Healthcare | 'കണ്ണിനെ കൃഷ്ണമണി പോലെ കാത്ത് സൂക്ഷിക്കാൻ ആയുർവേദ ചികിത്സ; കുട്ടികളിലെ കാഴ്ചവൈകല്യത്തിന് കണ്ണട വെക്കാതെ പരിഹാരം'; കാസർകോട് ഗവ. ആയുർവേദ ആശുപത്രി മെഡികൽ ഓഫീസർ ഡോ. പി പ്രിയ പറയുന്നു
● തിമിരം, ഗ്ലൂക്കോമ തുടങ്ങിയ രോഗങ്ങൾക്കും ആശ്വാസം.
● കമ്പ്യൂട്ടർ വിഷൻ സിൻഡ്രോമിന് ഫലപ്രദമായ പരിഹാരം.
● കണ്ണിന്റെ ചൊറിച്ചിൽ, അലർജി, കുരു, പഴുപ്പ് തുടങ്ങിയവയ്ക്കും ചികിത്സ.
കാസർകോട്: (KasargodVartha) കണ്ണിനെ കൃഷ്ണമണി പോലെ കാത്ത് സൂക്ഷിക്കാൻ ആയുർവേദ ചികിത്സയിലൂടെ സാധിക്കുമെന്ന് കാസർകോട് ഗവ. ആയുർവേദ ആശുപത്രിയിലെ മെഡികൽ ഓഫീസർ ഡോ. പി പ്രിയ കാസർകോട് വാർത്തയോട് പറഞ്ഞു. കുട്ടികളിൽ ഉണ്ടാകുന്ന കാഴ്ചവൈകല്യങ്ങൾക്ക് കണ്ണട വെക്കാതെ തന്നെ പരിഹാരം കാണാൻ സാധിക്കുമെന്നും അവർ വെളിപ്പെടുത്തി.
കാസർകോട് ഗവ. ആയുർവേദ ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷന്റെ കീഴിൽ 'ദൃഷ്ടി' എന്ന ഒരു പ്രത്യേക വിഭാഗം ആരംഭിച്ചിട്ടുണ്ട്. ആയുർവേദത്തിലും മറ്റു ചികിത്സാരീതികളെപ്പോലെ എല്ലാ രോഗങ്ങൾക്കും സമ്പൂർണ ചികിത്സ ലഭ്യമാണെന്നും കുട്ടികളിൽ ഉണ്ടാകുന്ന റിഫ്രാക്റ്റീവ് എറർ (Refractive error) പോലുള്ള വൈകല്യങ്ങൾക്ക് ഇവിടെ ചികിത്സയുണ്ടെന്നുള്ള കാര്യം പലർക്കും അറിയില്ലെന്നും ഡോക്ടർ പറഞ്ഞു.
കണ്ണിന്റെ കാഴ്ച വൈകല്യങ്ങൾ പരിഹരിക്കുന്നതിനോടൊപ്പം ഭാവിയിൽ കാഴ്ച വൈകല്യങ്ങൾ വരാതിരിക്കാനുള്ള ചികിത്സയും ഇവിടെ ലഭ്യമാണ്. 50 വയസ് കഴിഞ്ഞ ആളുകളിൽ സാധാരണയായി കണ്ടുവരുന്ന ഗ്ലൂകോമ (തിമിരം) പോലുള്ള അസുഖങ്ങൾക്കും ഫലപ്രദമായ ചികിത്സ ലഭ്യമാണ്. പലരെയും ബാധിക്കുന്ന മറ്റൊരു അസുഖമാണ് ഡയബറ്റിക് റെറ്റിനോപതി.
സാധാരണയായി തിമിരം ബാധിച്ച ആദ്യത്തെ അഞ്ചുവർഷം കാഴ്ചയ്ക്ക് കാര്യമായ പ്രശ്നങ്ങൾ ഉണ്ടാകാറില്ല. എന്നാൽ ചെറിയ രീതിയിലുള്ള കാഴ്ച തകരാറുകൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ആയുർവേദ ചികിത്സ ആരംഭിക്കുകയാണെങ്കിൽ ഈ അസുഖം മൂർച്ഛിക്കുന്നത് തടയാൻ സാധിക്കും. അതുപോലെ, കണ്ണിലെ ചൊറിച്ചിൽ, അലർജി തുടങ്ങിയ അസുഖങ്ങൾക്കും ആയുർവേദത്തിൽ ഫലപ്രദമായ ചികിത്സയുണ്ട്.
കൂടുതൽ നേരം കംപ്യൂടറും, മൊബൈൽ ഫോണും അടക്കമുള്ള സ്ക്രീനുകൾ നോക്കുന്നവരിൽ കംപ്യൂടർ വിഷൻ സിൻഡ്രോം എന്ന ബുദ്ധിമുട്ട് കണ്ടുവരുന്നുണ്ട്. ഇതിന് ഫലപ്രദമായ ചികിത്സയുണ്ട്. കണ്ണിലെ കുരു, പഴുപ്പ് തുടങ്ങിയവയ്ക്കും എല്ലാവിധ ചികിത്സയുമുണ്ട്. ദൃഷ്ടി പദ്ധതിയുടെ ഭാഗമായി കുട്ടികളിലെ നേത്ര വൈകല്യങ്ങൾ കണ്ടെത്താൻ സ്കൂളുകളിൽ ചെന്ന് പ്രത്യേക പരിശോധനയായ വിഷ്വൽ സ്ക്രീനിങ് നടത്തിവരുന്നുണ്ട്.
ഇത്തരം അസുഖങ്ങൾ കണ്ടെത്തുന്ന കുട്ടികൾക്ക് ആശുപത്രിയിൽ ഒമ്പത് മുതൽ പത്ത് ദിവസം വരെ കിടത്തി ചികിത്സ ആവശ്യമാണ്. സ്‌കൂൾ അടക്കുന്ന സമയങ്ങളിലും മറ്റും ഇവർക്ക് ചികിത്സ നൽകാൻ കഴിയും. കാസർകോട്ടെ ആയുർവേദ ആശുപത്രിയിൽ കണ്ണിന്റെ ചികിത്സയ്ക്കുള്ള എല്ലാവിധ മരുന്നുകളും സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ആശുപത്രിയിൽ മറ്റ് രോഗങ്ങൾക്ക് എത്തുന്നവരും നേരത്തെ ആയുർവേദ ചികിത്സ ചെയ്യുന്നവരുമാണ് ഈ സൗകര്യം പ്രധാനമായും പ്രയോജനപ്പെടുത്തുന്നത് എന്ന് ഡോക്ടർ പ്രിയ പറയുന്നു.
ചൂടുകാലത്താണ് കണ്ണിന് അസുഖം ബാധിച്ച് കൂടുതൽ ആളുകൾ എത്തുന്നത്. സ്ഥിരമായി കാറ്റടിക്കുന്നത് മൂലം കണ്ണിന് വരൾച്ച അനുഭവപ്പെടുന്ന ഓടോറിക്ഷ ഡ്രൈവർമാർ, ബൈക് യാത്രികർ തുടങ്ങിയവരും ആയുർവേദ ചികിത്സയെ ആശ്രയിക്കുന്നു. കട്ടിയുള്ള തിമിരം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വരും. എന്നാൽ മറ്റ് തരത്തിലുള്ള തിമിരങ്ങൾ ആയുർവേദ ചികിത്സയിലൂടെ പരിഹരിക്കാൻ സാധിക്കും.
ഡ്രൈവർമാരിൽ സാധാരണയായി കണ്ടുവരുന്ന നേത്ര പ്രശ്നങ്ങളാണ് കണ്ണിലെ ചുവപ്പ്, പോള വീക്കം, കൺപടലം എന്നിവ. ഈ ബുദ്ധിമുട്ടുകൾക്ക് ആയുർവേദ ചികിത്സയിലൂടെ പരിഹാരം കാണാൻ സാധിക്കും. കണ്ണിന് ധാര ചെയ്യുക, കഴിക്കാനുള്ള മരുന്നുകൾ നൽകുക തുടങ്ങിയ ചികിത്സാരീതികളിലൂടെ ഒട്ടുമിക്ക കണ്ണിന്റെ ആരോഗ്യ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കും.
അമിതമായ കോസ്മറ്റിക് ഉപയോഗം ഇന്ന് പലരുടെയും കണ്ണിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കണ്ണിന് ഉപയോഗിക്കുന്ന കോസ്മറ്റിക് ഉത്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ കണ്ണിന് ദോഷകരമാണ്. കൂടാതെ, മുഖത്ത് ഉപയോഗിക്കുന്ന ക്രീമുകൾ പോലുള്ള കോസ്മറ്റിക് ഉത്പന്നങ്ങളും കണ്ണിന്റെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുന്നു.
ഇത്തരം കോസ്മറ്റിക് ഉത്പന്നങ്ങളുടെ അമിത ഉപയോഗം മൂലം കണ്ണിന് ഉണ്ടാകുന്ന പാർശ്വഫലങ്ങൾക്കും മറ്റ് അസുഖങ്ങൾക്കും ആയുർവേദ ചികിത്സയിലൂടെ പരിഹാരം കാണാൻ സാധിക്കും. ആയുർവേദ ചികിത്സ കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കാനും രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്നുവെന്നും ഡോ. പ്രിയ കൂട്ടിച്ചേർത്തു.
#Ayurveda #EyeCare #HealthyEyes #Kasaragod #KeralaHealth #HolisticHealth